ശിബിരത്തിന് യൗവനചിന്തകൾ; കർഷക മനസ്സ് തൊട്ട് മുന്നോട്ട്

HIGHLIGHTS
  • കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രതിനിധികളേറെയും യുവാക്കൾ
Congress flag
SHARE

ന്യൂഡൽഹി ∙ യുവാക്കൾക്ക് ഊന്നൽ നൽകി കോൺഗ്രസിനെ ഭാവിയിലേക്കു നയിക്കാനുള്ള കർമപദ്ധതിക്ക് ഉദയ്പുർ ചിന്തൻ ശിബിരം രൂപം നൽകുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഈ രീതിയിൽ കോൺഗ്രസിനു മുന്നോട്ടുപോകാനാവില്ലെന്നും സംഘടന അടിമുടി മാറണമെന്നുമുള്ള വികാരം ശക്തമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സംഘടനാപരമായ ദൗർബല്യങ്ങളും തീരുമാനങ്ങളെടുക്കുന്നതിലെ പോരായ്മകളും കോൺഗ്രസിലുണ്ട്. പ്രവർത്തന ശൈലി തന്നെ മാറണമെന്നാണു പൊതുഅഭിപ്രായം. പുതിയ രൂപത്തിലും ഭാവത്തിലും കോൺഗ്രസിനെ അവതരിപ്പിക്കാൻ ഉദയ്പുർ ശിബിരം വഴിയൊരുക്കുമെന്നാണു പ്രതീക്ഷയെന്നും വേണുഗോപാൽ പറഞ്ഞു. 

‘‘പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 20നു ശേഷം നടക്കും. ഗാന്ധി കുടുംബത്തിൽ നിന്നുള്ളയാൾ തന്നെ പ്രസിഡന്റാകണമെന്നില്ല. ആർക്കും മത്സരിക്കാം. പുതിയ പ്രസിഡന്റിന്റെ പ്രവർത്തനം ഏതു രീതിയിൽ വേണമെന്ന കാര്യം ശിബിരം തീരുമാനിക്കും’’– ഉദയ്പുരിൽ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ വേണുഗോപാൽ ഭാവിപരിപാടികൾ വിശദീകരിച്ചു. 

ശിബിരത്തിലേക്ക് പലർക്കും ക്ഷണംകിട്ടിയിട്ടില്ലെന്ന പരാതി ശ്രദ്ധയിലും പെട്ടതായി വേണുഗോപാൽ പറഞ്ഞു. പരാതി പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും ഊന്നൽ നൽകേണ്ട വിഭാഗമാണ് യുവാക്കൾ. അത് മുന്നിൽക്കണ്ട്, പങ്കെടുക്കുന്നതിൽ പകുതിയോളം പേർ 50 വയസ്സിൽ താഴെയുള്ളവരായിരിക്കണമെന്ന് പാർട്ടി തീരുമാനിച്ചു. പ്രവർത്തക സമിതിയംഗങ്ങൾ, പിസിസി പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, നിയമസഭാ കക്ഷി നേതാക്കൾ, എംപിമാർ, പോഷക സംഘടനകളുടെ ദേശീയ ഭാരവാഹികൾ, മുൻ കേന്ദ്ര മന്ത്രിമാർ എന്നിവർക്കെല്ലാം ക്ഷണമുണ്ട്. 

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ കർഷകരുടെ മനസ്സുപിടിക്കണമെന്ന് ‘കൃഷിയും കർഷകരും’ എന്ന വിഷയത്തിൽ ശിബിരത്തിൽ അവതരിപ്പിക്കുന്ന പ്രമേയം നിർദേശിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കർഷകരെ ഒപ്പം നിർത്താനുള്ള വ്യാപക പ്രചാരണത്തിന് ഉടൻ തുടക്കമിടണമെന്ന് മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ അധ്യക്ഷനായ പ്രമേയ രൂപീകരണ സമിതി ചൂണ്ടിക്കാട്ടി. 

ഇതിനായി കർഷക സംഘടനാ നേതാക്കളുമായി കൈകോർക്കണം. അവരിലൂടെ സംഘടനകളുടെയും കർഷകരുടെയും ആവശ്യങ്ങൾ ദേശീയതലത്തിൽ ഉന്നയിക്കണം. ബിജെപിക്കെതിരെ പ്രകടമായ കർഷക രോഷമുണ്ടെങ്കിലും അതിന്റെ നേട്ടം കോൺഗ്രസിനു ലഭിക്കുന്നില്ല. പഞ്ചാബിൽ ആം ആദ്മി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും കർഷക വോട്ട് ബാങ്ക് പ്രാദേശിക കക്ഷികൾ പിടിച്ചടക്കുകയാണ്. അതിനു തടയിടാനുള്ള ശ്രമങ്ങൾ വൈകാതെ ആരംഭിക്കണം. ബിജെപിയെ കടന്നാക്രമിച്ചതു കൊണ്ടുമാത്രം കർഷകരുടെ പിന്തുണ നേടാനാവില്ല. കർഷകർക്കു വേണ്ടി കോൺഗ്രസ് എന്തു ചെയ്യും എന്ന വ്യക്തമായ രൂപരേഖ അവർക്കു മുന്നിൽ അവതരിപ്പിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

Content Highlight: Congress chintan shivir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA