കോൺഗ്രസിനു മുന്നിലെ വലിയ പ്രതിസന്ധി: കൈവിട്ടുപോയല്ലോ ദേശീയതയുടെ പ്രഭ

Congress flag
Supporters wave Congress Party flags as they listen to the speech of Congress Party President Sonia Gandhi during a rally in Varanasi on April 5, 2009. India holds its 15th parliamentary general elections in five phases on April 16, April 23, April 30, May 7 and May 13 and the new Parliament will be constituted before June 2, 2009. AFP PHOTO/Prakash SINGH (Photo by PRAKASH SINGH / AFP)
SHARE

ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ കാലാനുസൃതമായ മാറ്റം വരുത്തുക, പാർട്ടിക്ക് സംഘടനാതലത്തിൽ ശക്തി പകരുക, ബിജെപിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്തു പ്രകടമായി വരുന്ന സാമുദായിക ധ്രുവീകരണം തടയുക – ഉദയ്പുരിലെ 3 ദിവസത്തെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കൾ ഇങ്ങനെ പല പ്രശ്നങ്ങളും വെല്ലുവിളികളും എണ്ണിപ്പറയുന്നുണ്ട്. എന്നാൽ, ആത്യന്തികമായി കോൺഗ്രസ് മനസ്സുകളെ അലട്ടുന്നത് മറ്റൊന്നാണ് – ദേശീയതയുടെ പ്രഭാവലയം തങ്ങളുടെ കൈകളിലായിരുന്നത് വഴുതിപ്പോയിരിക്കുന്നു. അത് ബിജെപി സ്വന്തമാക്കിയിരിക്കുന്നു.

മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിലെ പ്രാരംഭ പ്രസ്താവനയിൽത്തന്നെ ആ നഷ്ടബോധം നിഴലിച്ചിരുന്നു. ‘‘സ്വാതന്ത്രസമരത്തിനു നേതൃത്വം നൽകിയത് ഞങ്ങളാണ്, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ ജയിലിൽ പോയതും മർദനമേറ്റതും ഞങ്ങളുടെ നേതാക്കളാണ്. അവയിലൊന്നും പങ്കെടുക്കാതെ കൈയും കെട്ടിനിന്നവരാണ് ഇന്നിപ്പോൾ ഞങ്ങളുടെ ദേശീയബോധം ചോദ്യം ചെയ്യുന്നതും ദേശീയതയെക്കുറിച്ച് ഞങ്ങളോട് പ്രസംഗിക്കുന്നതും’’– ഖർഗെ പറഞ്ഞു.

ശിബിരത്തിലെ ചർച്ചകൾക്കു തുടക്കം കുറിച്ചുകൊണ്ടു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തിലും ഇക്കാര്യം നിഴലിച്ചിരുന്നു. ‘ജവാഹർലാൽ നെഹ്റുവിനെയും സ്വാതന്ത്ര്യപസ്ഥാനത്തിനു നേതൃത്വം നൽകിയ മറ്റു നേതാക്കളെയും അപഹസിച്ചുകൊണ്ടും അവരുടെ സംഭാവനകളെ തള്ളിപ്പറഞ്ഞുകൊണ്ടും ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണ് ഇന്നു നടക്കുന്നത്’– അവർ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്നതായി ആരോപിക്കുന്ന സാമുദായിക ധ്രുവീകരണം രാജ്യം മൊത്തമായി നേരിടുന്ന വെല്ലുവിളിയായാണ് കോൺഗ്രസ് കാണുന്നത്. എന്നാൽ, തങ്ങളുടെ ദേശീയ പൈതൃകത്തിനു നേർക്കു ചോദ്യമുയർത്തുന്നത് ഒറ്റയ്ക്കു നേരിടേണ്ട വെല്ലുവിളിയായാണ് പാർട്ടി കാണുന്നത്.

പറഞ്ഞു ഫലിപ്പിക്കുന്നത് എങ്ങനെ

വെല്ലുവിളികൾ ഏറക്കുറെ വ്യക്തമാണെങ്കിലും അവ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ മറിച്ചാണ് കാര്യങ്ങൾ. തെറ്റിദ്ധാരണകൾ ജനങ്ങളുടെ ഇടയിൽ പരക്കുന്നു. എന്നാൽ, ശരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്നു കോൺഗ്രസിൽ വ്യക്തതയില്ല. ജനങ്ങളും മാധ്യമങ്ങളുമായി കൂടുതൽ നേരിട്ടു സമ്പർക്കം പുലർത്തുന്നത് തങ്ങളാണെങ്കിലും ബിജെപിയുടെ സന്ദേശങ്ങളാണ് ജനങ്ങൾക്കിടയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളെ വേണ്ട രീതിയിൽ കോൺഗ്രസ് ഇനിയും ഉപയോഗിക്കുന്നില്ലെന്ന ബോധം പാർട്ടി നേതൃത്വത്തിനുണ്ട്. ‘ജനാധിപത്യത്തിന്റെ പുതിയ പണിയായുധങ്ങൾ പ്രയോഗിക്കുന്നതിൽ ഞങ്ങളുടെ പ്രതിയോഗികൾ ഞങ്ങളെക്കാൾ മുന്നിലാണ്’– പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ബൗദ്ധിക നവീകരണം എങ്ങനെ

സംഘടനയ്ക്കുള്ളിൽ ബൗദ്ധികതലത്തിലും പ്രായോഗികതലത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും നേതൃത്വം മനസ്സിലാക്കുന്നുണ്ട്. ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ പുറത്തുനിന്നുള്ള സർവേ ഏജൻസികളെ സമീപിക്കുന്നത് പാർട്ടിക്കുള്ളിൽ അതിനുള്ള ബൗദ്ധിക സംവിധാനമില്ലാത്തതിനാലാണെന്നും മനസ്സിലാക്കുന്നു.

ചുരുക്കത്തിൽ സംഘടനാതലത്തിലുള്ള ഉടച്ചുവാർക്കലിനോടൊപ്പം ബൗദ്ധികതലത്തിലും ഒരു മാറ്റമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. തുടരെത്തുടരെയുള്ള തിരഞ്ഞെടുപ്പു പരാജയങ്ങൾ സംഘടനാതലത്തിലുള്ള ഉടച്ചുവാർക്കലിലൂടെ നേരിടാമെങ്കിൽ, ദേശീയ പൈതൃകം ചോദ്യം ചെയ്യപ്പെടുന്നത് പാർട്ടിയുടെ അസ്തിത്വത്തെത്തന്നെ ബാധിക്കുന്ന വിഷയമാണെന്നും ബൗദ്ധികതലത്തിൽ ഈ വെല്ലുവിളി നേരിടണമെന്നുമുള്ള ബോധ്യത്തോടെയാണ് ശിബിരത്തിലെ ചർച്ചകൾ നടക്കുന്നത്. ചർച്ചകൾക്കൊടുവിൽ തയാറാക്കുന്ന ‘ഉദയ്പുർ പ്രഖ്യാപനം’ കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കുമെന്ന് സുർജേവാല പറയുന്നു.

Content Highlight: Congress, Nationalism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS