ADVERTISEMENT

അബുദാബി ∙ പുതിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയുടെ ഉറ്റസുഹൃത്താണ്; ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും. 2004ൽ അബുദാബി കിരീടാവകാശിയായി ചുമതലയേറ്റതു മുതൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി. 

1981ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ യുഎഇ സന്ദർശനത്തിനുശേഷം 34 വർഷത്തെ ഇടവേളയ്ക്കൊടുവിൽ 2015ലാണ് വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്. അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പ്രോട്ടോക്കോൾ അവഗണിച്ച് അദ്ദേഹം സഹോദരങ്ങൾക്കൊപ്പം എത്തി. 2017ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദായിരുന്നു. വൻ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ അദ്ദേഹം ഒട്ടേറെ ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടു. യുഎഇ–ഇന്ത്യ ജോയിന്റ് കൗൺസിൽ പ്രവർത്തനം ഊർജിതമായി. 

2018ലും 2019ലും മോദി യുഎഇയിൽ വീണ്ടുമെത്തി. അന്നത്തെ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ പ്രഖ്യാപിച്ച പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്കു സമ്മാനിച്ചതു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആയിരുന്നു. അബുദാബി പ്രസിഡൻഷ്യൽ പാലസിലെ വേൾഡ് ബാൻക്വിറ്റിൽ ആദ്യ വിരുന്ന് നൽകിയതും മോദിക്കു തന്നെ. 

ഇസ്‌ലാമിക രാഷ്ട്ര സംഘടനയുടെ (ഒഐസി) ഉച്ചകോടിയിൽ പാക്കിസ്ഥാന്റെ എതിർപ്പ് അവഗണിച്ച് മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ച അദ്ദേഹം, ഇന്ത്യ തന്ത്രപ്രധാന പങ്കാളിയാണെന്ന് അടിവരയിട്ടു. ഉഭയകക്ഷി വ്യാപാരത്തിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യയെങ്കിലും സൈനിക ബന്ധത്തിൽ ഇന്ത്യയോടൊപ്പമാണ് എന്നും യുഎഇ. 

ഫ്രാൻസിൽനിന്ന് ഇന്ത്യ റഫാൽ യുദ്ധവിമാനങ്ങൾ എത്തിച്ചപ്പോൾ അബുദാബി സൈനിക വിമാനത്താവളത്തിൽ ഇറക്കിയാണ് ഇന്ധനം നിറച്ചത്. ബഹിരാകാശ മേഖലയിൽ യുഎഇയ്ക്ക് എല്ലാ സഹകരണവും നൽകിയ ഇന്ത്യ യുഎഇയുടെ ഒരു ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. 

യുഎഇയിലെ ഫ്രീസോണുകളിൽ ഇന്ത്യൻ കമ്പനികളാണ് കൂടുതൽ. ഇരുനൂറോളം രാജ്യക്കാർ അധിവസിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. 

ഹിന്ദുക്കൾക്കു പ്രാർഥിക്കാൻ അബുദാബിയിൽ ക്ഷേത്രമില്ലെന്നു നരേന്ദ്ര മോദി അറിയിച്ചപ്പോൾ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം നിർമിക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ പ്രസിഡന്റിനോടു നിർദേശിച്ചതു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദാണ്. അബുദാബി അബൂമുറൈഖയിൽ ക്ഷേത്രനിർമാണം പുരോഗമിക്കുകയാണ്. 

Content Highlights: India, UAE, Sheikh Mohammed bin Zayed Al Nahyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com