ADVERTISEMENT

വിപ്ലവകരമായ മാറ്റങ്ങളും ആശയപരമായ പുനഃസ്ഥാപനവും സംബന്ധിച്ച നിർദേശങ്ങളുയർന്നെങ്കിലും അവയിൽ പലതും നടപ്പാക്കുന്നത് പാർട്ടിയുടെ നിലവിലുള്ള അടിത്തറയ്ക്കുതന്നെ ദോഷം ചെയ്യുമെന്ന ബോധ്യത്തിലാവണം, സംഘടനാപരമായ മാറ്റങ്ങളിലും നടത്തിപ്പുശൈലിയിലെ മാറ്റങ്ങളിലും മാത്രമാണു മൂന്നു ദിവസത്തെ ചിന്തൻ ശിബിരത്തിനൊടുവിൽ കോൺഗ്രസ് പ്രവർത്തക സമിതി ശ്രദ്ധയൂന്നിയത്.

പാർട്ടിയെ സാമൂഹികനീതിയുടെ മുന്നണിപ്പോരാളിയായി പ്രതിഷ്ഠിക്കണമെന്ന വാദം ചർച്ചകളിൽ ഉയർന്നെങ്കിലും പട്ടികജാതി–പട്ടികവർഗ സബ്പ്ലാൻ സംബന്ധിച്ച് നിയമനിർമാണം നടത്തുക, ജാതിതിരിച്ചുള്ള സെൻസസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഭരണകൂടത്തോട് ഉന്നയിക്കുക എന്നതിലപ്പുറം പോകാൻ പ്രവർത്തകസമിതി തയാറായില്ല. പാർട്ടിക്കുള്ളിലെ ഫോറങ്ങളിൽ 50 ശതമാനം വരെ പ്രാതിനിധ്യം അവശവിഭാഗങ്ങൾക്കു നൽകണമെന്ന ആശയം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതു പാർട്ടി ഭരണഘടനയിലോ നിയമാവലിയിലോ എഴുതിച്ചേർക്കുന്നില്ല.

പാർട്ടിയുടെ സംഘടനാപരമായ മാറ്റങ്ങളിലാണു പ്രവർത്തക സമിതി ശ്രദ്ധയൂന്നിയത്. സാമൂഹികനീതി വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പാർട്ടി പ്രസിഡന്റിന് ഉപദേശം നൽകാൻ സമിതി രൂപീകരിക്കും.

ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്, എഐസിസി തലത്തിൽ രാഷ്ട്രീയകാര്യ സമിതി, ബൂത്ത് കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും പോലെ പുതിയ മണ്ഡലം കമ്മിറ്റികൾ, യുവനേതാക്കൾക്ക് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും നയസമീപനങ്ങളെക്കുറിച്ചും  പരിശീലനം നൽകാൻ സംവിധാനം, പൊതുജനാഭിപ്രായം തിരിച്ചറിയാൻ ബ്ലോക്ക് തലം മുതൽ പ്രത്യേക വിഭാഗം, തിരഞ്ഞെടുപ്പുകൾ നേരിടാൻ എഐസിസി തലത്തിൽ പ്രത്യേക സമിതി, എന്നിങ്ങനെ സംഘടനാതല പരിഷ്കാരങ്ങളിലാണ് പ്രവർത്തക സമിതി ശ്രദ്ധയൂന്നിയത്. ഒപ്പം തന്നെ പാർട്ടിഫോറങ്ങളിലെ പകുതിയോളം അംഗത്വം 50 വയസ്സിനു താഴെയുള്ളവർക്കു നൽകുക, കൂടുതൽ ജനസമ്പർക്ക പരിപാടികൾ ആവിഷ്കരിക്കുക എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘടനാതലത്തിൽ തന്നെ നിലവിലെ നടത്തിപ്പുരീതിയിലെ പരിഷ്കാരങ്ങളിൽ മാത്രമേ പ്രവർത്തകസമിതി ശ്രദ്ധയൂന്നിയിട്ടുള്ളൂവെന്നും അഴിച്ചുപണിക്കു തയാറായില്ലെന്നും പരാതിയുണ്ട്. ഉദാഹരണത്തിന് പാർട്ടി ഫോറങ്ങളിൽ വനിതകൾക്കു സംരക്ഷണം നൽകാൻ സംവിധാനം വേണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.

English Summary: Congress Udaipur meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com