ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടിയെ നയിക്കാൻ മറ്റൊരു നേതാവിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് രാഹുൽ ഗാന്ധിയെന്ന ആയുധത്തെ വീണ്ടും മിനുക്കിയെടുത്ത് നേതൃത്വത്തിൽ പ്രതിഷ്ഠിക്കാൻ ഉദയ്പുർ ചിന്തൻ ശിബിരം തീരുമാനമെടുത്തത്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ചുള്ള ചർച്ച ശിബിരത്തിൽ ഉണ്ടായില്ലെങ്കിലും നേതാക്കൾ തമ്മിലുള്ള ആശയവിനിമയങ്ങളിൽ വിഷയം ഉയർന്നുവന്നു. രാഹുൽ പ്രസിഡന്റാകാൻ വിസമ്മതിച്ചാൽ, അശോക് ഗെലോട്ടിനെ ആ പദവിയിൽ നിയമിക്കാനും സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനും ഉള്ള നിർദേശം ചില നേതാക്കൾ മുന്നോട്ടു വച്ചു. എന്നാൽ, ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖമായി ഉയർത്തിക്കാട്ടാനുള്ള പ്രതിഛായ ഗെലോട്ടിനുണ്ടോ എന്ന ചോദ്യം ഉയർന്നതോടെ ചർച്ച അവിടെ അവസാനിച്ചു. മറ്റാരുണ്ട് എന്ന ചോദ്യത്തിന് രാഹുൽ അല്ലാതെ ആരുമില്ലെന്ന് ഭൂരിഭാഗം നേതാക്കളും ഒരേസ്വരത്തിൽ പറഞ്ഞു. 

തുടർച്ചയായി 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിക്കു മുന്നിൽ പരാജയപ്പെട്ട രാഹുലിനെ വീണ്ടും നായകനാക്കുന്നതിനോട് പാർട്ടിക്കുള്ളിൽ പൂർണ യോജിപ്പില്ല. പുറമേ രാഹുലിനു ജയ് വിളിക്കുന്ന നേതാക്കളിൽ ചിലരെങ്കിലും രഹസ്യമായി അദ്ദേഹത്തിൽ അവിശ്വാസം രേഖപ്പെടുത്തുന്നു. മോദിക്ക് ഈ രീതിയിൽ സ്വീകാര്യത ലഭിച്ചതിന്റെ പ്രധാന കാരണം അദ്ദേഹത്തെ ഉയർത്തിക്കാട്ടിയുള്ള മാർക്കറ്റിങ്, പിആർ തന്ത്രങ്ങളാണെന്നു വിലയിരുത്തുന്ന കോൺഗ്രസ്, അതേ രീതിയിലുള്ള പ്രചാരണത്തിലൂടെ രാഹുലിന്റെ രാഷ്ട്രീയ മൂല്യമുയർത്താനുള്ള നീക്കങ്ങൾ വൈകാതെ ആരംഭിക്കും. 

ഇതിനിടെ, പാർട്ടി സ്ഥാനാർഥിത്വത്തിനും ഭാരവാഹിത്വത്തിനും 65 വയസ്സ് പ്രായപരിധി നിശ്ചയിക്കണമെന്ന യുവാക്കളുടെ ആവശ്യം പ്രവർത്തകസമിതി തള്ളിയതിന്റെ ആശ്വാസത്തിലാണു മുതിർന്ന നേതാക്കൾ. വിഷയം യുവാക്കൾ ചർച്ച ചെയ്യവേ യുവജനകാര്യ സമിതി യോഗത്തിലേക്കെത്തിയ ജയറാം രമേശിനോടു പ്രിയങ്ക ഗാന്ധി തമാശയായി ചോദിച്ചു– ‘ജയറാം ജി താങ്കൾക്ക് എത്ര വയസ്സുണ്ട്?’ ‘ആവശ്യം അംഗീകരിക്കപ്പെട്ടാൽ ഞാൻ തൊഴിൽരഹിതനാകും’ എന്ന് ചിരിയോടെ അദ്ദേഹം മറുപടി നൽകി. പാർട്ടിക്കുള്ളിൽ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കണോ എന്നായിരുന്നു സമിതി അധ്യക്ഷൻ അമരിന്ദർ സിങ് ബ്രാറിനോട് മുകുൾ വാസ്നിക്കിന്റെ ചോദ്യം. 

വിഷയം പരിഗണിച്ചപ്പോൾ അമരിന്ദറിനെയും പ്രവർത്തക സമിതിയിലേക്കു വിളിപ്പിച്ചു. യോഗത്തിൽ അദ്ദേഹത്തോട് മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ഇങ്ങനെ പറഞ്ഞു– ‘ഒരിക്കൽ നടക്കുന്നതിനിടെ വീഴാൻ തുടങ്ങിയ ജഗ്‌ജീവൻ റാമിനെ നോക്കി യുവാക്കൾ പരിഹാസത്തോടെ ചിരിച്ചു. ഓരോ വയോധികനും ഒരിക്കൽ ചെറുപ്പമായിരുന്നു എന്ന കാര്യം മറക്കരുതെന്ന് പറഞ്ഞ് ജഗ്‌ജീവൻ റാം നടന്നു നീങ്ങി’. മുതിർന്നവരുടെ ‘പൾസ്’ അറിയിക്കാനായിരുന്നു ഹൂഡ കഥ പറഞ്ഞത്. 

വിരമിക്കൽ പ്രായം സംബന്ധിച്ച് ആവശ്യമുയർന്നിട്ടുണ്ടെന്ന വാചകം പ്രവർത്തക സമിതി പാസാക്കിയ അന്തിമ പ്രമേയത്തിൽ ഉൾപ്പെടുത്തിയതിൽ ആശ്വാസം കൊള്ളുകയാണു യുവാക്കൾ. ആവശ്യം പാർട്ടിയുടെ ഒൗദ്യോഗിക രേഖയിൽ ഇടംപിടിച്ച സാഹചര്യത്തിൽ ഭാവിയിൽ ഇക്കാര്യം ഉന്നയിക്കാൻ തടസ്സമില്ലെന്നാണ് അവരുടെ കണക്കുകൂട്ടൽ. പാർട്ടി ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും 50% പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്കു നൽകാനുള്ള തീരുമാനം തങ്ങളുടെ വിജയമായും യുവാക്കൾ കാണുന്നു. 

English Summary: Congress chintan shivir concludes without finding a new face for party presidentship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com