ADVERTISEMENT

അഹമ്മദാബാദ് ∙ മുംബൈ സ്ഫോടനക്കേസിലെ 4 പിടികിട്ടാപ്പുള്ളികളെ 29 വർഷങ്ങൾക്കുശേഷം ഭീകരവിരുദ്ധ സേന (എടിഎസ്) ഗുജറാത്തിൽ അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ അബൂബക്കർ, സയ്യിദ് ഖുറേഷി, മുഹമ്മദ് ഷൂയേബ് ഖുറേഷി, മുഹമ്മദ് യൂസഫ് ഇസ്മായിൽ എന്നിവരാണു പിടിയിലായത്. അഹമ്മദാബാദിലെ സർദാർ നഗറിൽ ഇവർ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു കഴിഞ്ഞ 12ന് ഇവരെ പിടികൂടിയതെന്ന് എടിഎസ് അഡീഷനൽ ഡിജിപി അമിത് വിശ്വകർമ വെളിപ്പെടുത്തി. 

രാജ്യം വിടാൻ വ്യാജ പാസ്പോർട്ടുകൾ സംഘടിപ്പിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈ സ്ഫോടനത്തിനു ശേഷം ആയുധങ്ങൾ കടലിൽ ഉപേക്ഷിച്ച കേസിലും പ്രതിയാണ് അബൂബക്കർ. 1993 ലെ മുംബൈ സ്ഫോടന പരമ്പര അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ അഭ്യർഥനപ്രകാരം ഇന്റർപോൾ ഇവർക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആയ സ്വർണക്കടത്തുകാരൻ മുഹമ്മദ് ദൊസ്സയ്ക്കുവേണ്ടി പ്രതികൾ പ്രവർത്തിച്ചിരുന്നു. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിന് ദാവൂദിനെ കാണാൻ ദൊസ്സ ഇവരെ 1993 ഫെബ്രുവരിയിൽ മധ്യേഷ്യയിലേക്ക് അയച്ചു. ദാവൂദിന്റെ നിർദേശപ്രകാരം പിന്നീട് ആയുധ പരിശീലനത്തിനായി ഇവർ പാക്കിസ്ഥാനിലേക്കു പോയി. പാക്ക് ചാരസംഘടനയായ ഐഎസ്ഐയും ഇവർക്കു പരിശീലനം നൽകി. സ്ഫോടനങ്ങൾക്കുശേഷം വ്യാജപാസ്പോർട്ടുമായി ഇവർ വിവിധ മധ്യേഷ്യൻ രാജ്യങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇപ്പോൾ ഗുജറാത്തിൽ എത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും കേസ് സിബിഐക്കു കൈമാറുമെന്നും ഡിജിപി പറഞ്ഞു. 

1993 മാർച്ച് 12ന് മുംബൈയിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 700 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈയിലെ പ്രത്യേക ടാഡ കോടതി 100 പ്രതികളെ ശിക്ഷിച്ചു. മുഖ്യ സൂത്രധാരന്മാരായ ദാവൂദ് ഇബ്രാഹിമും ടൈഗർ മേമനും പാക്കിസ്ഥാനിൽ ഒളിവിലാണ്.

English Summary: Four men wanted in 1993 mumbai blast case arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com