ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സംയോജിത ചെക്പോസ്റ്റുകളുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഭൈരാവ, സോനൗലി ചെക്പോസ്റ്റുകളിൽ ജോലികൾ ആരംഭിച്ചുകഴിഞ്ഞെന്നും നേപ്പാളിലെ ലുംബിനിയിൽ ബുദ്ധപൂർണിമ ആഘോഷച്ചടങ്ങിൽ അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര സുഗമമാകാനും വ്യാപാര, ടൂറിസം വളർച്ചയ്ക്കും ഇതുപകരിക്കും.

ശുഭാരംഭം: ബുദ്ധസംസ്കാര, പൈതൃക സംരക്ഷണത്തിനായി നേപ്പാളിലെ ലുംബിനിയിൽ ഇന്ത്യയുടെ സഹകരണത്തോടെ നിർമിക്കുന്ന രാജ്യാന്തര കേന്ദ്രത്തിനു ശിലയിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയും ഭാര്യ അർസു റാണ ദുബെയും. ചിത്രം: പിടിഐ
ശുഭാരംഭം: ബുദ്ധസംസ്കാര, പൈതൃക സംരക്ഷണത്തിനായി നേപ്പാളിലെ ലുംബിനിയിൽ ഇന്ത്യയുടെ സഹകരണത്തോടെ നിർമിക്കുന്ന രാജ്യാന്തര കേന്ദ്രത്തിനു ശിലയിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയും ഭാര്യ അർസു റാണ ദുബെയും. ചിത്രം: പിടിഐ

ലുംബിനിയിലെ രാജ്യാന്തര കൺവൻഷൻ സെന്ററിൽ 2566–ാം ബുദ്ധ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിച്ചു. ചൈനയുടെ സഹായത്തോടെ നേപ്പാൾ നിർമിച്ച ലുംബിനിയിലെ രാജ്യാന്തര വിമാനത്താവളം ഒഴിവാക്കി ഹെലിപ്പാഡിലാണ് മോദി ഇറങ്ങിയത്. മായാദേവി ക്ഷേത്രത്തിൽ ബുദ്ധൻ പിറന്നു വീണ സ്ഥലത്തു നടന്ന പൂജകളിൽ ഇരു പ്രധാനമന്ത്രിമാരും പങ്കുചേർന്നു. അശോക സ്തംഭത്തിനു സമീപം മോദി നെയ്‌വിളക്കു കൊളുത്തി. ബുദ്ധസംസ്കാരവും പൈതൃകവും സംരക്ഷിക്കാൻ ഇന്ത്യയുടെ സഹകരണത്തോടെ നിർമിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന് ഇരു പ്രധാനമന്ത്രിമാരും ശിലയിട്ടു.

ഇരുരാജ്യങ്ങളും തമ്മിൽ 6 കരാറുകൾ ഒപ്പുവച്ചു. ബുദ്ധമത കേന്ദ്രങ്ങളായ ലുംബിനിയും ഉത്തർപ്രദേശിലെ ഖുശിനഗറും സഹോദര നഗരങ്ങളായി വികസിപ്പിക്കും. ഹിമാചൽപ്രദേശ് സർക്കാർ സ്ഥാപനമായ സത്‌ലജ് ജൽ വൈദ്യുത് നിഗവും നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയും ചേർന്ന് അരുൺ–4 ജലവൈദ്യുത പദ്ധതി നടപ്പാക്കും.

ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് (ഐസിസിആർ), ലുംബിനി ബുദ്ധിസ്റ്റ് സർവകലാശാലയിൽ ബുദ്ധമത പഠനങ്ങൾക്കായി ഡോ. അംബേദ്കർ ചെയറും ത്രിഭുവൻ സർവകലാശാലയിലും കഠ്മണ്ഡു സർവകലാശാലയിലും ഇന്ത്യൻ പഠന ചെയറുകളും സ്ഥാപിക്കും. ഐഐടി–മദ്രാസിന്റെ സഹകരണത്തോടെ കഠ്മണ്ഡു സർവകലാശാലയിൽ പിജി കോഴ്സ് ആരംഭിക്കും.

English Summary: PM Narendra Modi visits Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com