ADVERTISEMENT

ന്യൂഡൽഹി ∙ 2 വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈനയുടെ പ്രകോപനം. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിർമിക്കുന്നത്. സേനാ പിൻമാറ്റത്തിന് ഇരുരാജ്യങ്ങളും കഴിഞ്ഞ വർഷം ധാരണയിലെത്തിയ സ്ഥലമാണിത്. 

തടാകത്തിന്റെ ഇരുവശത്തു നിന്നും പാലം നിർമിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. 2020 മേയിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന നടത്തിയ കടന്നുകയറ്റത്തെത്തുടർന്ന് ആരംഭിച്ച സംഘർഷം പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണു പ്രകോപനം. ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ പറഞ്ഞു. 

പ്രദേശത്തു ചൈന നിർമിക്കുന്ന രണ്ടാമത്തെ പാലമാണിത്. സൈനികർക്കും വാഹനങ്ങൾക്കും നീങ്ങാൻ സാധിക്കുന്ന ചെറുപാലത്തിന്റെ നിർമാണം കഴിഞ്ഞ മാസം പൂർത്തീകരിച്ചിരുന്നു. ഇതിനു സമീപമാണു പുതിയ പാലം നിർമിക്കുന്നത്. പ്രദേശം തങ്ങളുടേതാണെന്നും 1962 മുതൽ ചൈന കയ്യടക്കി വച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇവിടെ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ അംഗീകരിക്കുന്നില്ല. 

മറുകരയിലേക്ക് 100 കിലോമീറ്റർ കുറയും

ചൈനീസ് സേനയുടെ ആയുധപ്പുരയെ പാംഗോങ് തടാകത്തിന്റെ മറുകരയുമായി പാലം ബന്ധിപ്പിക്കും. റോഡ്മാർഗം മറുകരയിലേക്കുള്ള ദൂരം 100 കിലോമീറ്ററിലധികം കുറയ്ക്കാനും കഴിയും. പ്രദേശത്തുടനീളം റോഡുകളും ചൈന നിർമിക്കുന്നുണ്ട്. 2020 ഓഗസ്റ്റിൽ അപ്രതീക്ഷിത നീക്കത്തിലൂടെ തടാകത്തിനു സമീപമുള്ള മലനിരകളുടെ ഉയർന്ന മേഖലയിൽ ഇന്ത്യൻ സേന ആധിപത്യമുറപ്പിച്ചിരുന്നു. ഭാവിയിൽ അത്തരം നീക്കങ്ങൾക്കു തടയിടാനും ദ്രുതഗതിയിലുള്ള സൈനികനീക്കങ്ങൾ നടത്താനും ലക്ഷ്യമിട്ടാണു ചൈനയുടെ നടപടി. 

ഇന്ത്യയുടെ എസ് 400 അതിർത്തികളിലേക്ക്

റഷ്യയിൽനിന്നു വാങ്ങിയ എസ് 400 വ്യോമ പ്രതിരോധ മിസൈൽ കവചം ചൈന, പാക്ക് അതിർത്തികളിൽ അടുത്ത മാസം ഇന്ത്യ വിന്യസിക്കുമെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി. യുഎസ് സെനറ്റ് യോഗത്തിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മേധാവി ലഫ്. ജനറൽ സ്കോട്ട് ബെറിയർ ആണ് ഇക്കാര്യമറിയിച്ചത്. ആകാശമാർഗം ശത്രുസേനകൾ നടത്തുന്ന ആക്രമണങ്ങൾ നേരിടാൻ കഴിയുന്ന എസ് 400 മിസൈൽ കവചം കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയ്ക്കു ലഭിച്ചത്. 

English Summary: China constructs second bridge on Pangong Tso capable of carrying military vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com