ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31–ാം ചരമവാർഷികത്തിനു 2 ദിവസം ബാക്കി നിൽക്കെ, അദ്ദേഹത്തെ വധിച്ച കേസിലെ പ്രതികളിൽ ഒരാളായ പേരറിവാളന് (50) മോചനം. കേന്ദ്രസർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കുള്ള പ്രത്യേകാധികാരം (ഭരണഘടനയുടെ 142-ാം വകുപ്പ്) പ്രയോഗിച്ചാണു ജസ്റ്റിസ് എൽ.നാഗേശ്വർ റാവു, ജസ്റ്റിസ് ബി.ആർ.ഗവായ് എന്നിവരുടെ ബെഞ്ചിന്റെ വിധി. വിട്ടയയ്ക്കാൻ 2018 ൽ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവർണർ തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. 30 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ പേരറിവാളൻ നിലവിൽ ജാമ്യത്തിലായിരുന്നു. 

പ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചു തന്നെയാണ് തമിഴ്നാട് സർക്കാർ മോചന ശുപാർശ നൽകിയതെന്നു വിധിയിൽ വ്യക്തമാക്കി. കൊലക്കുറ്റത്തിലെ ശിക്ഷ ഇളവു ചെയ്യുന്നതു രാഷ്ട്രപതിയുടെ സവിശേഷ അധികാരമാണെന്നും ഗവർണർ തീരുമാനം എടുത്താലും ഫലമില്ലെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ വാദം തള്ളി. വധക്കേസുകളിൽ മാപ്പു നൽകുന്നതും ശിക്ഷ കുറയ്ക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനുമുള്ള വ്യക്തമായ അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഗവർണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്കു പരിശോധിക്കാം– സുപ്രീം കോടതി വ്യക്തമാക്കി. 

സർക്കാർ ശുപാർശയിൽ രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടതെന്ന ഗവർണറുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാടിൽ പലതവണ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച നിയമപ്രശ്നം വലിയ ചർച്ചകൾക്കും വഴിവച്ചു. 

perarivalan-rajiv-gandhi
പേരറിവാളൻ, രാജീവ് ഗാന്ധി

വിധിയിൽ നിന്ന്:

‘‘...19–ാം വയസ്സിൽ അറസ്റ്റിലായ പേരറിവാളൻ ഇത്രയുംകാലം ജയിൽവാസം അനുഭവിച്ചു. ഇതിൽ 16 വർഷം വധശിക്ഷ മുന്നിൽക്കണ്ടായിരുന്നു. 29 വർഷം ഏകാന്ത തടവ്. പ്ലസ്ടുവും ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും 8 സർട്ടിഫിക്കറ്റ് കോഴ്സുകളും ജയിലിൽ കിടന്നു വിജയിച്ചു. തടവിലെ തൃപ്തികരമായ പെരുമാറ്റവും ഗുരുതര രോഗങ്ങളുടെ മെഡിക്കൽ രേഖകളും വിദ്യാഭ്യാസയോഗ്യതകളും ഗവർണർ തീരുമാനം എടുക്കാത്തതും പരിഗണിക്കുന്നു. ഇനിയും വിഷയം ഗവർണറുടെ തീരുമാനത്തിനു വിടേണ്ടതില്ലെന്നു വിലയിരുത്തി കേസിൽ നീതി ഉറപ്പാക്കാനുള്ള അധികാരം പ്രയോഗിക്കുന്നു. ശിക്ഷ അനുഭവിച്ചു കഴി‍ഞ്ഞതായി കണക്കാക്കുന്നു. നിലവിൽ ജാമ്യത്തിലുള്ള ആളെ സ്വതന്ത്രനാക്കുന്നു. ജാമ്യവ്യവസ്ഥകൾ റദ്ദാക്കുന്നു.’’ 

കോൺഗ്രസിന് എതിർപ്പ്

ന്യൂഡൽഹി ∙ പേരറിവാളനെ വിട്ടയയ്ക്കാനുള്ള സുപ്രീം കോടതി വിധി ദുഃഖകരമാണെന്നു കോൺഗ്രസ്. പ്രധാനമന്ത്രിയെ വധിച്ച കേസിലെ പ്രതിയെ ഇങ്ങനെ വിട്ടയച്ചാൽ രാജ്യത്തെ നിയമ സംവിധാനത്തിന്റെ ഒൗന്നത്യവും സത്യസന്ധതയും ആര് ഉയർത്തിപ്പിടിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു. 

English Summary: Supreme Court orders release of Rajiv Gandhi assassination convict AG Perarivalan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com