ന്യൂഡൽഹി∙ പാർട്ടിയുടെ ഉയിർത്തെഴുന്നേൽപിനു വഴി കണ്ടെത്താൻ ‘തലപുകച്ച’ ചിന്തൻ ശിബിരത്തിനു പിന്നാലെ കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽനിന്നായി രാഷ്ട്രീയ തിരിച്ചടികൾ നേരിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോടു ദയനീയമായി പരാജയപ്പെട്ട പഞ്ചാബിൽ ഇന്നലെ കോൺഗ്രസ് നേരിട്ടത് ഇരട്ടപ്രഹരം. മുതിർന്ന നേതാവ് സുനിൽ ഝാക്കർ ബിജെപിയിൽ ചേർന്നപ്പോൾ മുൻ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചു.
മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ പുറത്താക്കിയതു മുതൽ ആരംഭിച്ച പ്രതിസന്ധി സംസ്ഥാനത്ത് പാർട്ടിയെ വിടാതെ പിന്തുടരുകയാണ്. സമീപകാലം വരെ പഞ്ചാബിൽ കോൺഗ്രസിന്റെ കരുത്തുറ്റ നേതാക്കളായിരുന്നു ഇരുവരും. പാർട്ടിയുടെ ഹിന്ദു മുഖമായിരുന്നു ഝാക്കർ; സിദ്ദു ജാട്ട് സിഖ് നേതാവും.
ജാട്ട് സിഖ് വിഭാഗത്തിൽ സിദ്ദുവിന്റെ പകരക്കാരനായി ഉയരാൻ പിസിസി പ്രസിഡന്റ് അമരിന്ദർ സിങ് ബ്രാറിനു സാധിക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഝാക്കറിനു പകരമാകാൻ സംസ്ഥാനത്തുടനീളം പ്രഭാവമുള്ളവർ കുറവാണ്. അംബിക സോണിക്ക് (79) പാർട്ടിയെ മുന്നിൽ നിന്നു നയിക്കാനുള്ള ആരോഗ്യമില്ല. ഝാക്കറിനെതിരെ അംബിക നടത്തിയ അണിയറനീക്കങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതും നേതൃത്വത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചതുമെന്നാണു സൂചന. തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്തായ സിദ്ദുവും നേതൃത്വത്തോടു കലഹത്തിലാണ്.
ദലിത് സിഖ് വിഭാഗത്തിൽനിന്നു മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയ ചരൺജിത് സിങ് ഛന്നി തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ മൂല്യവുമിടിഞ്ഞു. ഒരുകാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന സംസ്ഥാനത്ത് കടുത്ത നേതൃദാരിദ്ര്യമാണു കോൺഗ്രസിനെ വലയ്ക്കുന്നത്.
ബിജെപിയിലോ ആം ആദ്മി പാർട്ടിയിലോ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. കോൺഗ്രസിൽ ഞാൻ 3 വർഷം പാഴാക്കി.
ഹാർദിക് പട്ടേൽ
ഗുജറാത്തിൽ നരേഷ് പട്ടേലിനെ പാട്ടിലാക്കാൻ കോൺഗ്രസ്
ഹാർദിക് പട്ടേൽ പാർട്ടി വിട്ടതോടെ, ഗുജറാത്തിൽ നരേഷ് പട്ടേലിനെ ഒപ്പം നിർത്താൻ കോൺഗ്രസ് കിണഞ്ഞു ശ്രമിക്കുന്നു. പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കുർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘുശർമ തുടങ്ങിയവർ നരേഷുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നരേഷ് കോൺഗ്രസിൽ ചേർന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുമെന്നാണു സൂചന. അതേസമയം, നരേഷിനെ മുന്നിൽ നിർത്തിയാൽ പരമ്പരാഗത വോട്ട് ബാങ്ക് ആയ പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിൽനിന്ന് അകലുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. നരേഷിനെ സ്വന്തമാക്കാൻ ബിജെപിയും അണിയറനീക്കം നടത്തുന്നുണ്ട്.
സുനിൽ ഝാക്കർ ബിജെപിയിൽ
ന്യൂഡൽഹി ∙ പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അംഗത്വം നൽകി സ്വീകരിച്ചു.
കോൺഗ്രസ് നേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന ബൽറാം ഝാക്കറുടെ ഇളയ മകനായ സുനിൽ പഞ്ചാബിലെ പ്രമുഖ ജാട്ട് നേതാവാണ്. രാജ്യസഭയിലേക്ക് ഒഴിവുള്ള നോമിനേറ്റഡ് സീറ്റുകളിലൊന്ന് സുനിലിനു നൽകുമെന്നാണ് അഭ്യൂഹം.
English Summary: Double shock for congress in punjab