ADVERTISEMENT

ന്യൂഡൽഹി ∙ ഒരു രാജ്യം, ഒരു നികുതി എന്നതാണ് ജിഎസ്ടി സംവിധാനത്തിലൂടെ ഉദ്ദേശിച്ചതെങ്കിൽ, ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ പാലിച്ചുള്ളതാകണം നികുതി സംബന്ധിച്ച നിയമനിർമാണങ്ങളെന്ന് അടിവരയിടുന്നതാണ് സുപ്രീം കോടതി വിധി. നികുതി നിയമനിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ സുപ്രധാന ഘടകമാണെന്നു കോടതി അടിവരയിട്ടു പറയുന്നു.

കോടതിവിധി ഫലത്തിൽ േകന്ദ്രത്തിന്റെ താൽപര്യത്തിനു വിരുദ്ധവും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിലപേശൽശേഷി വർധിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ജിഎസ്ടി കൗൺസിലിന്റെ തീരുമാനം അന്തിമമാക്കുംവിധമുള്ള ഭരണഘടനാ േഭദഗതിക്കു കേന്ദ്രം ശ്രമിക്കാനും സാധ്യതയുണ്ട്.

ജിഎസ്ടി കൗൺസിൽ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്കു ബാധ്യതയില്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരവിരുദ്ധമായ നിയമങ്ങളുണ്ടാക്കുന്ന സ്ഥിതിയാകുമെന്നാണു കേന്ദ്രം വാദിച്ചത്. എന്നാൽ, ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടുകയെന്നതാണു പ്രധാനമെന്നു വിലയിരുത്തി കേന്ദ്രത്തിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തത്.

കൗൺസിലിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ വോട്ടവകാശമില്ലെന്നതു പ്രശ്നമായി കോടതി എടുത്തുപറയുന്നു. കേന്ദ്രത്തിനു മൂന്നിലൊന്നു വോട്ടവകാശം എന്നത് ധനകാര്യ ഫെഡറലിസത്തിനു വിരുദ്ധമെന്നാണു വിലയിരുത്തൽ. കാരണം, കേന്ദ്രത്തിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും കൗൺസിലിൽ പാസാകില്ല. ഒരു കൂട്ടർക്കു േമൽക്കൈ എന്ന സാഹചര്യം തടയുന്നതുകൂടിയാണ് ഫെഡറലിസ സങ്കൽപമെന്നു കോടതി പറയുന്നു.

പങ്കാളിത്തം മാത്രമല്ല, ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമുണ്ടാകണം. അങ്ങനെ തീരുമാനത്തിലെത്താനുള്ള ഭരണഘടനാ സ്ഥാപനമായാണ് കൗൺസിലിനെ ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, കൗൺസിൽ ശുപാർശകൾ സർക്കാരുകൾക്കു ബാധകമല്ലെങ്കിൽ ജിഎസ്ടി സംവിധാനം തകരുമെന്ന വാദം അംഗീകരിക്കാനാകില്ല.

കൗൺസിൽ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ശുപാർശ നൽകുമെന്നാണ് 279എ വകുപ്പു പറയുന്നത്. ഈ ശുപാർശയുടെ മൂല്യമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, കൗൺസിൽ‍ ശുപാർശകൾ നിയമമായി മാറുമെന്ന വാദം കടന്ന കയ്യാണ്. ഭരണഘടനപ്രകാരം നിയമനിർമാണത്തിന് കൗൺസിലിന് അധികാരം നൽകിയിട്ടില്ല. ജിഎസ്ടി നിയമനിർമാണത്തിന് സർക്കാരിനെ സഹായിക്കുന്ന, ശുപാർശ നൽകുന്ന സംവിധാനമാണ് കൗൺസിൽ – കോടതി വിശദീകരിക്കുന്നു.

വിധി സ്വാഗതം ചെയ്ത് കേരളം

തിരുവനന്തപുരം ∙ സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലനിൽപിനെയും അധികാരത്തെയും ഒരുപരിധിവരെ സംരക്ഷിക്കാൻ സുപ്രീം കോടതി വിധി ഉപകരിക്കുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു. ജിഎസ്ടി നടപ്പാക്കുകയും തുടർന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിച്ചിരുന്നു. കുറച്ചുകൂടി സുതാര്യമായി സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ ഇനിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

English Summary: Set back for government of India in gst verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com