ADVERTISEMENT

ന്യൂഡൽഹി ∙ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ വിദ്യാർഥികളിൽനിന്നും ഫീസ് പണമായി കൈപ്പറ്റുന്നതു നിരോധിച്ചു സുപ്രീം കോടതി ഉത്തരവിട്ടു. നിരോധിച്ചിട്ടും പലരീതിയിൽ തലവരിപ്പണം തുടരുന്ന സാഹചര്യത്തിൽ ഇതു കർശനമായി തടയുന്നതിനുള്ള പൊതുനിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു. ഫീസ് നിർണയസമിതി നിശ്ചയിച്ചതിലും അധികം ഈടാക്കുന്ന ഏതു തുകയും തലവരിപ്പണം എന്ന പരിധിയിൽ വരുമെന്നു കോടതി വ്യക്തമാക്കി. 

കർണാടകയിലെ സ്വാശ്രയ കോളജുകളിൽ പഠിച്ച മലയാളികളുടേതടക്കം പല സംസ്ഥാനങ്ങളിൽ 2004 മുതൽ 2007 വരെ പ്രവേശനം നേടിയവരുടെ ഫീസുമായി ബന്ധപ്പെട്ട അപ്പീൽ ഹർജികൾ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവടവൽക്കരിക്കുന്ന ദുഷ്പ്രവണതകൾക്കു നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു ജഡ്ജിമാരായ എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 

അമിത ഫീസിനെതിരെ നേരിട്ടു പരാതി നൽകാൻ സുപ്രീം കോടതിയുടെ ആഭിമുഖ്യത്തിൽ പുതിയ വെബ്പോർട്ടലിനു രൂപം നൽകാമെന്ന അമിക്കസ് ക്യൂറിയുടെ നിർദേശം കോടതി അംഗീകരിച്ചു. ഫീസ് നിർണയസമിതി നിശ്ചയിക്കുന്നതിൽ അധികം മാനേജ്മെന്റുകൾ ഈടാക്കാതിരിക്കാൻ പഴുതടച്ച സമീപനം വേണം. കൂടുതൽ തുക ഈടാക്കേണ്ട സാഹചര്യത്തിൽ ഫീസ് നിർണയസമിതിയുടെ അനുമതി ഉറപ്പാക്കണം. അമിതഫീസ് ഈടാക്കുന്നതു നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ നിയമം കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസിൽ കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. 

മറ്റു പ്രധാനപ്പെട്ട നിർദേശങ്ങൾ

കൗൺസലിങ് രണ്ടാഴ്ച മുൻപ് തീർക്കണം 

∙ പ്രവേശന നടപടികളുടെ സമയക്രമം തീരുമാനിക്കുമ്പോൾ കൗൺസലിങ്ങിലെ മുഴുവൻ റൗണ്ടുകളും പ്രവേശന തീയതിക്കു രണ്ടാഴ്ച മുൻപ് അവസാനിക്കുന്നുവെന്നു ദേശീയ മെഡിക്കൽ കമ്മിഷനും ഡെന്റൽ കൗൺസിലും ഉറപ്പാക്കണം. 

∙ അവസാനഘട്ട ഒഴിവുകളിലേക്കു (സ്ട്രേ വേക്കൻസി) തിര‍ഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ നീറ്റ് റാങ്ക് അടക്കം പരസ്യപ്പെടുത്തണം. പ്രവേശനത്തിനു പൂർണമായും മെറിറ്റ് അടിസ്ഥാനമാക്കണം. 

∙ അഖിലേന്ത്യാ ക്വോട്ടയിലേക്കും സംസ്ഥാന ക്വോട്ടയിലേക്കുമുള്ള കൗൺസലിങ് നടപടികൾ നിശ്ചിത സമയക്രമം പാലിച്ചു നടക്കുന്നുവെന്ന കാര്യം ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസും ബന്ധപ്പെട്ടവരും സംസ്ഥാന സർക്കാരുകളും ഉറപ്പാക്കണം. 

∙ സുപ്രീം കോടതി വെബ്പോർട്ടലിനെക്കുറിച്ചുള്ള ലഘുലേഖ കൗൺസലിങ് സമയത്തു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നൽകണം. 

English Summary: Supreme Court against capitation fees by medical colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com