ജിഎസ്ടി കൗൺസിൽ ശുപാർശകൾ‍ തള്ളാം/കൊള്ളാം; നിയമനിർമാണത്തിൽ കേന്ദ്രത്തിനു മേൽക്കയ്യില്ല

HIGHLIGHTS
  • ശുപാർശകൾ‍ അംഗീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ബാധ്യതയില്ലെന്ന് സുപ്രീം കോടതി
GST
SHARE

ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗൺസിലിന്റെ ശുപാർശകൾ‍ അംഗീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധിച്ചു. കൗൺസിലിന്റെ ശുപാർശകൾക്കു പ്രേരക സ്വഭാവം മാത്രമാണുള്ളത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനു പാർലമെന്റിനും നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ജിഎസ്ടി നികുതി തീരുമാന സംവിധാനത്തെ സംബന്ധിച്ചു വിധി നിർണായകമാണ്. ഭരണഘടനയിലെ 246എ വകുപ്പ്, 279എ വകുപ്പ് എന്നിവ വ്യാഖ്യാനിക്കുകയാണു പ്രധാനമായും കോടതി ചെയ്തത്. ജിഎസ്ടിയിൽ നിയമനിർമാണത്തിനു പാർലമെന്റിനും നിയമസഭകൾക്കും അധികാരം നൽകുന്നതാണു ഭരണഘടനയിലെ 246എ വകുപ്പ്. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ളതും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ ജിഎസ്ടി കൗൺസിൽ സംബന്ധിച്ചതാണ് 279എ വകുപ്പ്. ‌‌

കോടതി പറഞ്ഞതിങ്ങനെ:

∙ സഹകരണാധിഷ്ഠിത ഫെഡറലിസവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹവർത്തിത്തവും സാധ്യമാക്കാനാണു ജിഎസ്ടി സംവിധാനത്തിലൂടെ ഉദ്ദേശിച്ചത്. കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ പാർലമെന്റ് പാസാക്കിയ ജിഎസ്ടി നിയമം നിലനിൽക്കുമെന്നു 246 എയിൽ വ്യവസ്ഥയില്ല. പാർലമെന്റും നിയമസഭകളുമുണ്ടാക്കുന്ന നിയമങ്ങൾ കൗൺസിലിന്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്നും വ്യവസ്ഥയില്ല.

∙ പങ്കാളിത്ത രീതിയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ചർച്ചയുടെ തുടർച്ചയായുള്ളതാണു കൗൺസിൽ ശുപാർശകൾ. അവയെ ഇരുകൂട്ടർക്കും ബാധകമാകുന്ന ശാസനങ്ങളായി കരുതുന്നതു ധനകാര്യ ഫെഡറലിസത്തെ ബാധിക്കും. കാരണം, ജിഎസ്ടി നിയമനിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമാണുള്ളത്. തീരുമാനങ്ങളുടെ കാര്യത്തിൽ എപ്പോഴും കേന്ദ്രത്തിനു കൂടുതൽ അവകാശം എന്നു കണക്കാക്കാനാവില്ല.

∙ ജിഎസ്ടി നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കുമ്പോൾ കൗൺസിലിന്റെ ശുപാർശകൾ പാലിക്കാൻ സർക്കാരുകൾക്കു ബാധ്യതയുണ്ട്. എന്നാൽ, നികുതി സംബന്ധമായ അടിസ്ഥാന നിയമനിർമാണങ്ങൾക്കു പാർലമെന്റിനും നിയമസഭകൾക്കുമുള്ള അധികാരം കൗൺസിലിന്റെ ശുപാർശകൾക്കു വിധേയപ്പെട്ടുള്ളതാണെന്ന് അർഥമില്ല.

വിദേശത്തുനിന്നു ചരക്ക് ഇറക്കുമതി ചെയ്യുമ്പോൾ ജിഎസ്ടി ചുമത്തുന്നതിനുള്ള വ്യവസ്ഥകളിൽ ചിലതു ഭരണഘടനാ വിരുദ്ധമാണെന്നു ഗുജറാത്ത് ഹൈക്കോടതി 2020 ജനുവരിയിൽ വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ തള്ളിയാണു സുപ്രീം കോടതി വിധി.

അവകാശമുണ്ട്; സംസ്ഥാനങ്ങൾ ഉപയോഗിച്ചില്ല: റവന്യു സെക്രട്ടറി

ന്യൂഡൽഹി ∙ ജിഎസ്ടി കൗൺസിലിന്റെ ശുപാർശകൾ തള്ളിക്കളയാൻ സംസ്ഥാനങ്ങൾക്കു നിലവിൽ അവകാശമുണ്ടെങ്കിലും 5 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര റവന്യു സെക്രട്ടറി തരുൺ ബജാജ്. അതുകൊണ്ടു തന്നെ സുപ്രീം കോടതി വിധി നിലവിലെ സംവിധാനത്തെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച സംസ്ഥാനങ്ങൾ പോലും സ്വന്തം നിലയിൽ നിയമമുണ്ടാക്കിയിട്ടില്ലെന്നും കൗൺസിലിന്റെ ശുപാർശകൾ അംഗീകരിക്കുകയാണെന്നു ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Goods and Service Tax, GST, Government of India, Supreme Court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA