ന്യൂഡൽഹി ∙ കൈ വീശിയടിച്ചെങ്കിലും ആയുധം ഉപയോഗിച്ചിട്ടില്ലെന്നതടക്കം പരിഗണിച്ചു നേരത്തേ ശിക്ഷ 1000 രൂപ പിഴയിൽ ഒതുക്കിയ സുപ്രീം കോടതി, ഇക്കുറി സിദ്ദുവിന്റെ ശിക്ഷ വർധിപ്പിച്ചപ്പോൾ ഒരു കാര്യം കൂടി പറഞ്ഞു - കായികക്ഷമതയുള്ള ആളാണെങ്കിൽ കൈ തന്നെ ആയുധമാകും!
താൻ അടിച്ചാലുണ്ടാകുന്ന ഗുരുതരമായ പ്രശ്നത്തെക്കുറിച്ചു തിരിച്ചറിവുണ്ടായിരുന്നില്ല എന്ന വാദം നിലനിൽക്കില്ലെന്നു കോടതി വിലയിരുത്തി. സംഭവം നടക്കുന്ന സമയത്ത് സിദ്ദു 25 വയസ്സുകാരനായിരുന്നുവെന്നത്, ശാരീരികക്ഷമത, പൊക്കവും ശരീരപ്രകൃതവും വച്ച് അടിച്ചാലുള്ള ശക്തി, അച്ഛനെക്കാൾ പ്രായമുള്ള 65 വയസ്സുകാരനായിരുന്നു എതിർസ്ഥാനത്തുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇതിനായി കോടതി പരിഗണിച്ചത്.
സിദ്ദുവും കല്ലുവാതുക്കൽ കേസും
കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലും 1998ലെ സിദ്ദുവിന്റെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ കുറ്റത്തിന്റെ ഗൗരവം കൂടുമെന്നും സംഭവം നടന്ന് ഇത്രയും കാലമായെന്നതു ശിക്ഷ കുറവു ചെയ്യുന്നതിനു കാരണമല്ലെന്നും കോടതി വിധിച്ചത് കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിൽ ശിക്ഷിക്കപ്പെട്ട ചില്ലറ വിൽപനക്കാരനായ സോമന്റെ കേസിലെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. അനധികൃത മദ്യം വിഷമദ്യമാകാനുള്ള സാധ്യത കൂടുതലാണെന്നും ഇതു നിർമിക്കുന്നവരും വിതരണം ചെയ്യുന്നവരും വിൽക്കുന്നവരും ഒരുപോലെ കുറ്റക്കാരാണെന്നും നിരീക്ഷിച്ചായിരുന്നു സോമൻ കേസിൽ കോടതി ശിക്ഷ വിധിച്ചത്. വർഷങ്ങൾക്കു മുൻപുള്ള സംഭവമാണെന്നതും കോടതി ഇളവിനു പരിഗണിച്ചില്ല. സമാന സാഹചര്യമാണ് സിദ്ദുവിന്റെ കാര്യത്തിലുമെന്നു സഞ്ജയ് കിഷൻ കൗൾ എഴുതിയ വിധിയിൽ വ്യക്തമാക്കുന്നു.
മത്സരിക്കുന്നതിന് തടസ്സമില്ല
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ, 34 വർഷം മുൻപുള്ള കേസിൽ തടവുശിക്ഷ കൂടി ലഭിച്ചതു നവജ്യോത് സിങ് സിദ്ദുവിന് കനത്ത ക്ഷീണമാകും. അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തടസ്സമുണ്ടാകില്ല. ക്രിമിനൽ കേസിൽ രണ്ടോ അതിലധികമോ വർഷം തടവിനു വിധിക്കപ്പെട്ടാൽ മാത്രമാണു സ്ഥാനാർഥിത്വത്തിനു വഴിയടയുക.
ഇനിയെന്ത്?
രാഷ്ട്രീയ എതിരാളിയും അകാലിദൾ നേതാവുമായ ബിക്രം സിങ് മജീതിയ കഴിയുന്ന പട്യാല ജയിലിൽത്തന്നെ സിദ്ദു ശിക്ഷ അനുഭവിക്കേണ്ടി വരും. സുപ്രീം കോടതിയുടെ തന്നെ വിധിയിലെ പുനഃപരിശോധന ഹർജിയിലാണ് ഒരു വർഷം തടവുശിക്ഷ വിധിച്ചത്. ഇതിനെ മറികടക്കാൻ തിരുത്തൽ ഹർജി മാത്രമാണു വഴി. ശിക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ നിയമവിഷയവും കോടതി വ്യക്തമാക്കിയിരിക്കെ തിരുത്തൽ ഹർജിക്കു സാധ്യത കുറയുമെന്നു കരുതുന്നവരുമുണ്ട്.
English Summary: Supreme Court on Navjot Singh Sidhu case