പകവീട്ടലാകരുത് വധശിക്ഷ; പ്രതികളുടെ സാഹചര്യം വിചാരണവേളയിൽ പരിശോധിക്കണം

HIGHLIGHTS
  • വിചാരണക്കോടതികൾക്ക് സുപ്രീം കോടതിയുടെ മാർഗരേഖ
Supreme-Court-of-India
സുപ്രീംകോടതി
SHARE

ന്യൂഡൽഹി ∙ വിചാരണക്കോടതികൾ പലപ്പോഴും വധശിക്ഷ വിധിക്കുന്നത് പകവീട്ടുംപോലെയാണെന്നും പ്രതികൾക്കു പുറമേ കുടുംബാംഗങ്ങളുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണു വിധി പറയേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ സാഹചര്യം വിചാരണവേളയിൽ കൃത്യമായി പരിശോധിച്ചെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങളോടെ പുതിയ മാർഗരേഖയുമിറക്കി. 

മധ്യപ്രദേശിലെ ഇൻഡോറിൽ മോഷണശ്രമത്തിനിടെ 3 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ, മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചുകൊണ്ടാണു ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനവിധി. വിചാരണക്കോടതികൾ പ്രതിയിൽനിന്നും സർക്കാരിൽനിന്നും വിശദ വിവരങ്ങൾ തേടിയിരിക്കണമെന്നും പൊതുജനാഭിപ്രായം വിധിനിർണയത്തെ ബാധിക്കരുതെന്നും വിധിയിൽ ഓർമിപ്പിക്കുന്നു. 

പ്രതിയുടെയും കുടുംബാംഗങ്ങളുടെയും ക്രിമിനൽ, വിദ്യാഭ്യാസ, സാമ്പത്തിക പശ്ചാത്തലം സംബന്ധിച്ച റിപ്പോ‍ർട്ട് പ്രോസിക്യൂഷൻ ഹാജരാക്കണം. ഇതിനെതിരായ കാര്യങ്ങളുണ്ടെങ്കിൽ അവ വ്യക്തമാക്കി പ്രതിഭാഗത്തിനും തെളിവു ഹാജരാക്കാം. കുറ്റകൃത്യത്തിലെ ക്രൂരതയ്ക്കുള്ള പ്രതികാരമെന്ന നിലയിൽ ശിക്ഷ വിധിക്കുന്നത് ഒഴിവാക്കാനാണ് മറ്റു സാഹചര്യങ്ങൾകൂടി പരിശോധിക്കേണ്ടത്. പലപ്പോഴും അപ്പീൽ ഘട്ടത്തിൽ മാത്രമാണ് ഇവ ശേഖരിക്കുന്നത്. ഇതുമൂലം നിലവിൽ കാര്യങ്ങൾ അപൂർണമായി പരിഗണിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ക്രൂരകൃത്യങ്ങളുടെ പേരിലുള്ള കേസുകളിൽ പോലും എല്ലാ സാഹചര്യങ്ങളും സ്വതന്ത്രമായി പരിഗണിക്കണം. 1980ലെ ബച്ചൻ സിങ്– പഞ്ചാബ് സർക്കാർ കേസിൽ, വധശിക്ഷ വിധിക്കാനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കി ഭരണഘടനാ ബെഞ്ച് നൽകിയ വിധിയും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിർദേശങ്ങൾ

∙ വധശിക്ഷ വിധിക്കുന്ന കേസുകളിൽ പ്രതിയുടെ മാനസികാവസ്ഥ വ്യക്തമാക്കുന്ന വിശദ പരിശോധനാഫലം പ്രോസിക്യൂഷൻ ഉചിത സമയത്തു ഹാജരാക്കണം. 

∙ ജയിലിലെ പ്രതിയുടെ പെരുമാറ്റവും ജോലി വിവരങ്ങളും വിശദമാക്കി ജയിൽ അധികൃതർ റിപ്പോർട്ട് നൽകണം. 

∙ അപ്പീൽ പരിഗണിക്കുമ്പോൾ ജയിൽ അധികൃതർ നൽകുന്ന റിപ്പോർട്ട് പുതിയതു തന്നെയെന്നു കോടതി ഉറപ്പാക്കണം. 

∙ തടവുകാലത്തെ മാനസികാരോഗ്യം സംബന്ധിച്ച പുതിയ റിപ്പോർട്ടും ജയിൽ അധികൃതർ ഹാജരാക്കണം. ശിക്ഷാവിധിക്കുശേഷം പ്രതിയിലുണ്ടായ മാറ്റങ്ങൾ പരിശോധിക്കാൻ ഇതു സഹായിക്കും. 

∙ അധികവിവരങ്ങൾ വേണമെങ്കിൽ കോടതിക്ക് ആവശ്യപ്പെടാം. 

സർക്കാരിന് കൂടുതൽ ഉത്തരവാദിത്തം

കുറ്റത്തിന്റെ തീവ്രതയും ശിക്ഷയും കുറയ്ക്കുന്ന ഘടകങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞ കോടതി, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ (പ്രോസിക്യൂഷൻ) ഉത്തരവാദിത്തം കൂടുമെന്നും വ്യക്തമാക്കി. പ്രായം, മാനസിക– വൈകാരിക സാഹചര്യങ്ങൾ, ക്രിമിനൽ പശ്ചാത്തലം, ഈ കുറ്റം ചെയ്തില്ലെങ്കിൽ പ്രതി സമൂഹത്തിനു തുടർന്നും ഭീഷണിയാകുമായിരുന്നോ, മാനസാന്തര– പുനരധിവാസ സാധ്യതകൾ, മറ്റാരുടെയെങ്കിലും ആജ്ഞയിലാണോ തുടങ്ങി ബച്ചൻ സിങ് കേസിൽ കോടതി നിർദേശിച്ച മാനദണ്ഡങ്ങളും വധശിക്ഷ നൽകുമ്പോൾ പരിശോധിക്കണം. പല പ്രതികൾക്കും നല്ല നിയമസഹായം ലഭിക്കാറില്ലെന്നും കോടതി വിലയിരുത്തി. 

English Summary: Death Penalty -Trial Court Must Elicit Information From State & Accused On Mitigating Circumstances: Supreme Court Issues Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA