ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര മന്ത്രിയും എൻസിപി ദേശീയ വക്താവുമായ നവാബ് മാലിക്കിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി കള്ളപ്പണ ഇടപാടിലും കുറ്റകരമായ ഗൂഢാലോചനയിലും പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുള്ളതായി കോടതി അറിയിച്ചു. ചെയ്യുന്നതു തെറ്റാണെന്ന് അറിഞ്ഞിട്ടും കുർളയിലെ ഗോവാല കോംപൗണ്ട് എന്ന പ്ലോട്ട് സ്വന്തമാക്കാൻ ദാവൂദിന്റെ സഹോദരിയുമായി മാലിക് നേരിട്ട് ഇടപാടു നടത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രത്തിലെ ആരോപണം വിലയിരുത്തി ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന്, കേസിൽ മാലിക്കിന് എതിരെ വിചാരണ നടപടികൾ ആരംഭിക്കാനും കള്ളപ്പണക്കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതി നിർദേശിച്ചു. 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസ് പ്രതിയും ദാവൂദ് സംഘാംഗവുമായ സർദാർ ഖാനും മാലിക്കിനൊപ്പം കേസിൽ കുറ്റാരോപിതനാണ്. 

ഫെബ്രുവരി 23നാണു മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷക്ഷേമം ഉൾപ്പെടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്കു കൈമാറിയിരിക്കുകയാണു മഹാരാഷ്ട്രയിലെ ശിവസേന–എൻസിപി– കോൺഗ്രസ് സർക്കാർ. മാലിക്കിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റില്ലെന്നാണ് എൻസിപി നേരത്തേ അറിയിച്ചിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അദ്ദേഹം. 

മാലിക് ‘പ്രത്യുപകാരം’ ചെയ്തെന്നും കുറ്റപത്രം

മുനീറ പ്ലമർ എന്ന സ്ത്രീയിൽ നിന്ന് ദാവൂദ് അനുയായികളുടെ സഹായത്തോടെ 2.80 ഏക്കർ കോംപൗണ്ട് കുറഞ്ഞവിലയ്ക്ക് മാലിക് സ്വന്തമാക്കിയെന്നാണ് ഇഡി ആരോപണം. ‘2003-2007 ലെ ഇടപാടിനായി ദാവൂദിന്റെ സഹോദരി ഹസീന പാർക്കർ, അവരുടെ ബോഡി ഗാർഡ് സലിം പട്ടേൽ എന്നിവരെ മാലിക് പലവട്ടം സന്ദർശിച്ചു. സർദാർ ഖാനാണ് ഇതിന് ഒത്താശ ചെയ്തത്. കോംപൗണ്ടിൽ ഹസീന പാർക്കർ ഓഫിസ് ആരംഭിക്കുകയും പിന്നീട് ഈ പ്ലോട്ട് പിടിച്ചെടുത്ത് മാലിക്കിനു കൈമാറുകയുമായിരുന്നു. കോടികളുടെ ഭൂമി കുറഞ്ഞവിലയ്ക്ക് സ്വന്തമായതിനു പ്രത്യുപകാരമായി ദാവൂദ് സംഘത്തിലെ പലരെയും പല രീതിയിൽ മാലിക് സഹായിച്ചു’ എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. 

English Summary: Evidence suggests Nawab Malik plotted with D Company: Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com