രാജ്യസഭാ സീറ്റിൽ കണ്ണുനട്ട് ജി 23 സംഘം; സോണിയ പരിഗണിക്കുമെന്ന് പ്രതീക്ഷ

HIGHLIGHTS
  • യുവാക്കളും കാത്തിരിക്കുന്നു
parliament
SHARE

ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ, സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലെ ജി 23 വിമത സംഘാംഗങ്ങൾ. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരാണു രാജ്യസഭാ ടിക്കറ്റിനായി രംഗത്തുള്ളത്. രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് പത്തെണ്ണം ജയിക്കാമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരും സീറ്റിനായി അണിയറ നീക്കം നടത്തുന്നുണ്ട്. 50 % പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്കെന്ന ചിന്തൻ ശിബിര തീരുമാനം സീറ്റ് നിർണയത്തിൽ നടപ്പാക്കുമെന്ന പ്രതീക്ഷയിൽ യുവാക്കളും രംഗത്തുണ്ട്. 

കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതിക്കെതിരെ മുൻപ് രംഗത്തുവന്ന ജി 23 സംഘം പിന്നീട് പ്രതിഷേധം തണുപ്പിച്ചിരുന്നു. സോണിയ ഗാന്ധി ഇടപെട്ട് രാജ്യസഭാ സീറ്റ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിൽ പലരും. ശിബിരത്തിൽ പങ്കെടുത്ത ആസാദ് അടക്കമുള്ളവർ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്തില്ലെങ്കിലും പാർലമെന്ററി ബോർഡ് രൂപീകരിക്കാൻ അണിയറ നീക്കം നടത്തി. വിപുലമായ അധികാരങ്ങളുള്ള ബോർഡ് രൂപീകരിച്ചാൽ, ഭാവിയിൽ രാഹുൽ ഗാന്ധി പ്രസിഡന്റായാലും അദ്ദേഹത്തിന്റെ താൽപര്യങ്ങൾ പാർട്ടിക്കു മേൽ അടിച്ചേൽപിക്കുന്നതു തടയാൻ ബോർ‍ഡ് സഹായിക്കുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. 

ജി 23 അംഗമായ വാസ്നിക് അധ്യക്ഷനായ സംഘടനാകാര്യ സമിതി ശിബിരത്തിലെ പ്രമേയത്തിൽ ബോർഡ് രൂപീകരണ ശുപാർശ ഉൾപ്പെടുത്തിയെങ്കിലും പ്രവർത്തക സമിതി അതു തള്ളിക്കളഞ്ഞു. ബോർഡ് എന്ന ആവശ്യം തള്ളിയതോടെ, രാജ്യസഭാ സീറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണു ജി 23 സംഘം. സീറ്റ് നിഷേധിക്കപ്പെട്ടാൽ, ഗാന്ധി കുടുംബത്തിനെതിരായ പോര് ഇവർ വീണ്ടും കടുപ്പിച്ചേക്കും. പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഓഗസ്റ്റ് അവസാനം നടക്കാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്കും അതു നീളാം. 

ഗുജറാത്തിലും ഹിമാചലിലും കോൺഗ്രസ് തോൽക്കും: പ്രശാന്ത് കിഷോർ

ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തകർന്നടിയുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം. ഉദയ്പുർ ചിന്തൻ ശിബിരം പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘അർഥവത്തായ ഒന്നും ശിബിരം കൈവരിച്ചില്ല. തൽസ്ഥിതി നീട്ടാനും ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പു തോൽവികൾ വരെ നേതൃത്വത്തിനു തുടരാനും സമയം നൽകുക മാത്രമാണു ശിബിരം ചെയ്തത്’ – പ്രശാന്ത് വിമർശിച്ചു.

English Summary: G23 eyeing Rajya Sabha seats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA