ADVERTISEMENT

കൊൽക്കത്ത ∙ ക്രമവിരുദ്ധമായി അധ്യാപകനിയമനം നേടിയ കേസിൽ ബംഗാൾ വിദ്യാഭ്യാസമന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ മകൾ അങ്കിത അധികാരിയെ ഹൈക്കോടതി പിരിച്ചുവിട്ടു. ജോലി ചെയ്ത മൂന്നര വർഷത്തെ ശമ്പളം തിരിച്ചടയ്ക്കാനും ഉത്തരവിട്ടു.

2018 നവംബറിലാണ് അങ്കിത എയ്ഡഡ് സ്കൂളിൽ അധ്യാപികയായത്. റാങ്ക് ലിസ്റ്റിൽ പിന്നിലായിരുന്ന അങ്കിതയുടെ നിയമനം ക്രമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി മറ്റൊരു ഉദ്യോഗാർഥി കോടതിയെ സമീപിച്ചു. തുടർന്നു സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിടുകയായിരുന്നു.

അധ്യാപകതസ്തിക പരാതിക്കാരിക്കു നൽകണമെന്നു കോടതി ആവശ്യപ്പെട്ടു. അങ്കിത ജോലി ചെയ്ത 41 മാസത്തെ ശമ്പളം 2 ഗഡുക്കളായി കോടതിയിൽ അടയ്ക്കണം. സ്കൂളിൽ മന്ത്രിയുടെ മകൾ പ്രവേശിക്കുന്നതും കോടതി വിലക്കി. 

ബംഗാൾ സ്കൂൾ സർവീസ് കമ്മിഷന്റെ ശുപാർശ പ്രകാരമായിരുന്നു അങ്കിതയെ നിയമിച്ചത്. ക്രമവിരുദ്ധമായി ആയിരത്തോളം അധ്യാപക - അനധ്യാപക നിയമനങ്ങൾ നടത്തിയ കേസിൽ കമ്മിഷൻ മുൻ അംഗങ്ങൾക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും വ്യവസായമന്ത്രിയുമായ പാർഥ ചാറ്റർജിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണു ക്രമക്കേടു നടന്നത്.

നിയമനവിവാദം ആളിക്കത്തിയതോടെ കമ്മിഷൻ ഓഫിസ് മുദ്ര വയ്ക്കാൻ കഴിഞ്ഞ ദിവസം അർധരാത്രി അസാധാരണ ഉത്തരവിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്.

English Summary: High Court dismisses bengal minister's daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com