ADVERTISEMENT

ന്യൂഡൽഹി ∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഒരു വിഭാഗം നൽകിയ ഹർജിയും അനുബന്ധ വിഷയങ്ങളും വാരാണസി ജില്ലാ ജഡ്ജിയുടെ പരിഗണനയിലേക്കു സുപ്രീം കോടതി മാറ്റി. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയാണു കേസിൽ വാദം കേട്ടിരുന്നത്. 

എന്നാൽ, കേസിലെ സങ്കീർണതയും പ്രാധാന്യവും ചൂണ്ടിക്കാട്ടി, യുപി ജുഡീഷ്യൽ സർവീസിൽ 25–30 വർഷം സർവീസുള്ള പരിചയസമ്പന്നനായ സീനിയർ ജഡ്ജി വാദം കേൾക്കുന്നതാകും നല്ലതെന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ,സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തുടർന്നു ഹർജി പരിഗണിക്കുന്നതു ജൂലൈ രണ്ടാം വാരത്തിലേക്കു മാറ്റി. 

ഗ്യാൻവാപി മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ മതിലിനോടു ചേർന്നുള്ള ശൃംഗർ ഗൗരി ക്ഷേത്രത്തിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് 5 ഹിന്ദു വനിതകളാണ് ഹർജി നൽകിയത്. ഇതു നിയമപരമായി നിൽക്കില്ലെന്നു മുസ്‍ലിം വിഭാഗത്തെ ഹർജിക്കാർ വാദിച്ചപ്പോൾ ഇക്കാര്യം ജില്ലാ ജഡ്ജിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി അറിയിച്ചു. ഇതു തീരുമാനിക്കുന്നതു വരെയും അതിനുശേഷം എട്ടാഴ്ച വരെയും കേസിൽ തൽസ്ഥിതി തുടരുമെന്നും വ്യക്തമാക്കി. 

∙ തൽസ്ഥിതി ഇങ്ങനെ : മസ്ജിദിൽ നിസ്കാരം ഉൾപ്പെടെ വിശ്വാസികളുടെ സ്വാതന്ത്ര്യം തടയരുതെന്നും സർവേയിൽ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും നിർദേശിച്ചുള്ള ഇടക്കാല ഉത്തരവ് തുടരുമെന്നാണ് ഇന്നലെ കോടതി പറഞ്ഞത്. ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്നു അംഗശുദ്ധി വരുത്തുന്ന ചെറു കുളത്തിനു സംരക്ഷണം നിർദേശിച്ച കോടതി പള്ളിയിലെത്തുന്ന വിശ്വാസികൾക്കായി ഇതിനു പകരം സൗകര്യമൊരുക്കാൻ കലക്ടറോടു നിർദേശിച്ചു. അഭിഭാഷക കമ്മിഷന്റെ സർവേ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിനെ കോടതി വിമർശിച്ചു. 

∙ ഹർജിയുടെ നിലനിൽപ് : ഹർജിയുടെ നിലനിൽപ് തന്നെ മുസ്‍ലിം വിഭാഗം ചോദ്യം ചെയ്യുന്നതിനിടെ, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മനസ്സിലാക്കുന്നതിനു 1991ലെ ആരാധനാലയ നിയമം തടസ്സമല്ലെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് എങ്ങനെയായിരുന്നോ അതുപോലെ തന്നെ എല്ലാ ആരാധനാലയത്തിന്റെയും സ്വഭാവം നിലനിർത്തണമെന്നു നിഷ്കർഷിക്കുന്ന നിയമം പള്ളിക്കമ്മിറ്റിക്കാർ ഉന്നയിക്കുന്നതിനിടെയാണിത്. 

ഇതിനിടെ, അലഹാബാദ് ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിലെ വാദം കേൾക്കുന്നതു ജൂലൈ ആറിലേക്കു മാറ്റി. ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താനുള്ള വാരാണസി സിവിൽ ജഡ്ജിയുടെ ഏപ്രിൽ എട്ടിലെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് അലഹാബാദ് കോടതി പരിഗണിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനത്തിനുള്ളിൽ ഗ്യാൻവാപി മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരം ഇന്നലെ സമാധാനപരമായി നടന്നു.

English Summary: Supreme Court hands over Kasi Gyanvapi Masjid case to District Judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com