പെട്രോൾ: 10.41 രൂപ, ഡീസൽ: 7.36 രൂപ; കേന്ദ്രം നികുതി കുറച്ചു, ഇന്ധനവിലയിൽ ആശ്വാസം

HIGHLIGHTS
  • ഉജ്വല പദ്ധതിയിലുള്ളവർക്ക് 200 രൂപ എൽപിജി സബ്സിഡി
  • സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി
  • ഇന്നത്തെ വില (കൊച്ചി): പെട്രോൾ: 104.80 രൂപ, ഡീസൽ: 94.73 രൂപ
Fuel
SHARE

ന്യൂഡൽഹി ∙ വിലക്കയറ്റം മൂലം ജനം നട്ടംതിരിയുന്നതിനിടെ, പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി ലീറ്ററിന് 8 രൂപയും ഡീസലിന്റേത് 6 രൂപയും കുറച്ചു. ഇന്നു മുതലാണു പ്രാബല്യം. ആനുപാതികമായി സംസ്ഥാന നികുതി വിഹിതവും കുറയുന്നതിനാൽ കേരളത്തിൽ പെട്രോളിനു 10.41 രൂപയും ഡീസലിന് 7.36 രൂപയും കുറഞ്ഞു. 

‘പ്രധാനമന്ത്രി ഉജ്വല’ പദ്ധതിപ്രകാരം പാചകവാതക കണക്‌ഷൻ ലഭിച്ച, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. രാജ്യത്താകെ 9 കോടി പേർക്കും കേരളത്തിൽ 3.1 ലക്ഷം പേർക്കുമാണു പ്രയോജനം. ഗാർഹിക സിലിണ്ടറിനു കൊച്ചിയിലെ വില 1010 രൂപയാണ്; ഉജ്വല പദ്ധതിയിലുള്ളവർക്കു സബ്സിഡി കഴിഞ്ഞുള്ള വില 810 രൂപ. വർഷം 12 സിലിണ്ടറുകൾക്കാണു സബ്സിഡി.

സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ച് സാധാരണക്കാർക്ക് ആശ്വാസം പകരണമെന്നു നിർമല സീതാരാമൻ അഭ്യർഥിച്ചു. കഴിഞ്ഞ നവംബറിൽ നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളോടു പ്രത്യേകമായും ആഹ്വാനമുണ്ട്. കേരളം അന്നു നികുതി കുറച്ചിരുന്നില്ല.

കേന്ദ്രം നവംബറിൽ പെട്രോളിനും ഡീസലിനും യഥാക്രമം 5 രൂപയും 10 രൂപയുമാണു കുറച്ചത്. ഇതോടെ ഏഴു മാസത്തിനിടെ കേന്ദ്രനികുതി പെട്രോളിനു 13 രൂപയും ഡീസലിനു 16 രൂപയും കുറച്ചു. കോവിഡ് കാലത്ത് 2020 മാർച്ച്– മേയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 15.97 രൂപയും വീതം എക്സൈസ് നികുതി കൂട്ടിയിരുന്നു. ഇപ്പോഴത്തെ ഇളവോടെ ഈ വർധന ഏറക്കുറെ പൂർണമായി പിൻവലിച്ചിരിക്കുകയാണ്. എന്നാൽ മോദി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇളവിനുശേഷവും പെട്രോളിന്റെ കേന്ദ്രനികുതി രണ്ടിരട്ടിയാണ്; ഡീസലിന്റേത് നാലിരട്ടിയും. 

cartoon

ഇത്തവണയും കേരളം കുറയ്ക്കില്ല

തിരുവനന്തപുരം ∙ ഇത്തവണയും കേരളം സ്വന്തം നിലയ്ക്കു പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ല. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാന വിഹിതത്തിലുണ്ടാകുന്ന കുറവു മാത്രം തൽക്കാലം മതിയെന്നാണ് സർക്കാർ നിലപാട്. കേന്ദ്രം നികുതി കുറച്ചതിനെ മന്ത്രി കെ.എൻ.ബാലഗോപാൽ സ്വാഗതം ചെയ്തു.

സിഎൻജിക്ക് 2 രൂപ കൂട്ടി

ന്യൂഡൽഹി ∙ പെട്രോൾ, ഡീസൽ വിലവർധനയ്ക്കിടെ ബദൽ ഇന്ധനമായി സ്വീകാര്യത നേടിയ സിഎൻജിയുടെ വില കിലോഗ്രാമിനു രണ്ടു രൂപ കൂട്ടി. ഡൽഹിയിലെ പുതിയ വില 75.61 രൂപ. രണ്ടു മാസത്തിനിടെ 13–ാം തവണയാണു വില കൂട്ടുന്നത്. ഇക്കാലയളവിലെ മൊത്തം വർധന 19.60 രൂപ. 

English Summary: Government of India reduces petrol-diesel price

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS