പ്രധാനമന്ത്രി ജപ്പാനിൽ; വാണിജ്യബന്ധം ഊഷ്മളമാക്കി മോദി

HIGHLIGHTS
  • ഇന്ത്യ–ജപ്പാൻ വ്യാപാരബന്ധത്തിന്റെ പ്രതീകമായി ജപ്പാൻ വാരം ആഘോഷിക്കണമെന്നു പ്രധാനമന്ത്രി
narendra-modi-7
നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ ഇന്നു നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെ വ്യവസായപ്രമുഖരുമായി ചർച്ച നടത്തി. അതിനുശേഷം ജപ്പാനിലെ ഏറ്റവും മികച്ച 34 കമ്പനികളുടെ സിഇഒമാരുടെ വട്ടമേശസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. 

പ്രതിസന്ധിയുടെ കാലത്തും ഇന്ത്യ റെക്കോർഡ് വിദേശനിക്ഷേപം കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജപ്പാൻ കമ്പനികൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ അദ്ദേഹം ക്ഷണിച്ചു. ഇന്ത്യ–ജപ്പാൻ വ്യാപാര ബന്ധത്തിന്റെ പ്രതീകമായി ജപ്പാൻ വാരം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. 

സുസുക്കി, ഹോണ്ട, നിസ്സാൻ അടക്കമുള്ള ഓട്ടമൊബീൽ കമ്പനികൾ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടർ, സ്റ്റീൽ, സാങ്കേതികവിദ്യ, ബാങ്കിങ്, ഫിനാൻസ്, ട്രേഡിങ് മേഖലകളിലെ കമ്പനികളും ജപ്പാനിലെ വിവിധ നിക്ഷേപകസംരംഭങ്ങളായ ജൈക്ക, ജെബിഐസി, ജപ്പാൻ ഇന്ത്യ കൺസൽറ്റേറ്റീവ് സമിതി എന്നിവയുടെ മേധാവികളും പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. 

സുസുക്കി മോട്ടോഴ്സ് പ്രസിഡന്റ് തോഷിഹിറോ സുസുക്കി, മുഖ്യഉപദേശകൻ ഒസാമു സുസുക്കി, ഹോണ്ട മോട്ടോഴ്സ് ചെയർമാൻ സെയ്ജി കുറൈഷി, നിസാൻ മോട്ടോഴ്സ് പ്രസിഡന്റ് മകാടോ ഉചിത, യമഹ പ്രസിഡന്റ് യൊഷിഹിറോ ഹിക്കാഡ, സോഫ്റ്റ് ബാങ്ക് കോർപറേഷൻ ചെയർമാൻ മസയോഷി സുൻ, എൻഇസി കോർപറേഷൻ ചെയർമാൻ നോബുഹിറോ എൻഡോ തുടങ്ങിയവർ പ്രധാനമന്ത്രിയുമായി സംവദിച്ചവരിൽ ഉൾപ്പെടുന്നു. 

ജപ്പാനിലെ പ്രവാസി ഇന്ത്യക്കാരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 700 പേർ പങ്കെടുത്തു. 40,000 ഇന്ത്യക്കാർ ജപ്പാനിലുണ്ട്. ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിൽ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു. ഭാരത് ചലോ, ഭാരത് സെ ജുഡോ എന്ന ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. ജാപ്പനീസ് ഇന്തോളജിസ്റ്റുകൾ, കായിക താരങ്ങൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ–യുഎസ് നിക്ഷേപ പ്രോത്സാഹക കരാർ പുതുക്കി

ഇന്ത്യ–യുഎസ് നിക്ഷേപ പ്രോത്സാഹക കരാർ ഇരു രാജ്യങ്ങളും പുതുക്കി. ജപ്പാനിൽ ക്വാഡ് സമ്മേളനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, യുഎസ് രാജ്യാന്തര വികസന ഫിനാൻസ് കോർപറേഷൻ സിഇഒ സ്കോട്ട് നേഥൻ എന്നിവർ കരാറിൽ ഒപ്പുവച്ചു. 1997 ലെ കരാറിനു പകരം പുതിയ കരാർ പ്രാബല്യത്തിൽ വരും. പഴയ കരാറിനു ശേഷമാണ് യുഎസ് രാജ്യാന്തര വികസന സാമ്പത്തിക സഹായ കോർപറേഷൻ രൂപവൽക്കരിച്ചത്. 

400 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ യുഎസ് കോർപറേഷന്റെ പരിഗണനയിലുണ്ട്. കോവിഡ് വാക്സീൻ, ആരോഗ്യ രംഗം, പുനരുപയോഗിക്കാവുന്ന ഊർജം, എസ്എംഇ ഫിനാൻസിങ് തുടങ്ങിയ മേഖലയിൽ ഇന്ത്യയിലെ യുഎസ് നിക്ഷേപങ്ങൾക്ക് കോർപറേഷൻ പിന്തുണ നൽകിയിട്ടുണ്ട്.

English Summary: India - Japan trade relation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA