ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം: യാസിൻ മാലിക്കിന് ഇരട്ട ജീവപര്യന്തം

HIGHLIGHTS
  • എൻഐഎ വാദിച്ചത് വധശിക്ഷയ്ക്ക്
1248--yasin-malik
കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് കോടതിയിലേക്ക് എത്തുന്നു (Photo by Prakash SINGH / AFP)
SHARE

ന്യൂഡൽഹി ∙ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് (56) ഇരട്ട ജീവപര്യന്തം. എൻ‌ഐഎ പ്രത്യേക കോടതി ജഡ്ജി പ്രവീൺ സിങ്ങാണു ശിക്ഷ വിധിച്ചത്. വധശിക്ഷ നൽകണമെന്നാണ് എൻഐഎ വാദിച്ചത്. എ‌‌ന്നാൽ ശിക്ഷ, ജീവപര്യന്തമായി കുറയ്ക്കണമെന്നു പ്രതി കോടതിയോട് അഭ്യർഥിച്ചു. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും 10 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 121–ാം വകുപ്പ് (രാജ്യത്തിനെതിരായി യുദ്ധം ആസൂത്രണം ചെയ്യൽ), യുഎപിഎ 17–ാം വകുപ്പ് (ഭീകരപ്രവർത്തനത്തിനു ഫണ്ട് സമാഹരിക്കൽ) എന്നിവ അനുസരിച്ചാണു ജീവപര്യന്തം വിധ‌ിച്ചത്. ഐപിസി 120ബി (ക്രിമിനൽ ഗൂഢാലോചന), യുഎപിഎ 16 (ഭീകരപ്രവർത്തനം), യുഎപിഎ 18 (ഭീകരപ്രവർത്തനം നടത്താനുള്ള ഗൂഢാലോചന), യുഎപിഎ20 (ഭീകരസംഘടനയുടെ അംഗമായി പ്രവർത്തനം) വകുപ്പുകളും അനുസരിച്ചും തടവുശിക്ഷയും പിഴയും വി‌ധിച്ചിട്ടുണ്ട്.

അറസ്റ്റിന് മുൻപു യാസിൻ മാലിക്കിനെതിരെ മറ്റു കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നു പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റത്തിന് 121-ാം വകുപ്പനുസരിച്ച് പരമാവധി ശിക്ഷ നൽകണമെന്ന് എൻഐഎ വാദിച്ചു. ഈ വകുപ്പനുസരിച്ച് പരമാവധി ശിക്ഷ വധശിക്ഷയും ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തം തടവുമാണ്.

1994ൽ ആയുധം താഴെ വച്ചതിനു ശേഷം മഹാത്മാഗാന്ധിയുടെ അഹിംസാ വാദമാണു താൻ കശ്മീരിൽ പി‌ന്തുടർന്നതെന്നും കഴിഞ്ഞ 28 വർഷത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതായി തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു വധശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും യാസിൻ മാലിക് കോടതിയിൽ പറഞ്ഞു. കശ്മീരിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാൻ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയെന്നാണു കോടതിയുടെ നിരീക്ഷണം.

കശ്മീർ താഴ്‌വരയിൽ 2017ൽ നടന്ന സംഭവത്തിലാണു നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ യാസിൻ മാലിക് പ്രതിയായത്. 2016ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. 2019 ൽ അറസ്റ്റിലായി. എൻഐഎ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് ലഷ്‌കറെ തയിബ, ഹിസ്ബുൽ മുജാഹിദ്ദീൻ, ജയ്ഷെ മുഹമ്മദ്, ജെകെഎൽഎഫ് തുടങ്ങിയ ഭീകരസംഘടനകൾ ഐഎസ്ഐ സഹായത്തോടെ കശ്മീരിൽ അക്രമ‌ങ്ങൾ നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ആക്രമിക്കുകയും ചെയ്തെന്നാണു ക‌ണ്ടെത്തൽ.

കശ്മീരിൽ സംഘർഷം

ശ്രീനഗർ ∙ യാസിൻ മാലിക്കിനു കോടതി ഇരട്ട ജീവപര്യന്തം വിധിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലെ ഇന്റർനെറ്റ് ബന്ധം ഭാഗികമായി വിഛേദിച്ചു. എന്നാൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

മൈസുമ മേഖലയിൽ യാസിൻ മാലിക് അനുഭാവികളും സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം മാലിക്കിന്റെ വസതിക്കു മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധമാർച്ച് നടത്തുകയും ചെയ്തു. മൈസുമ ചൗക്കിലെത്തിയപ്പോൾ പ്രകടനക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. കോടതി വിധി അറിഞ്ഞതോടെ പലയിടത്തും കടകൾ അടച്ചിരുന്നു.

English Summary: NIA Court deliver Life Sentence for Yasin Malik in Terror Funding Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA