ന്യൂഡൽഹി ∙ കൈക്കൂലിക്കേസിൽ അധികാരത്തിൽനിന്നു പുറത്താവുകയും അറസ്റ്റിലാവുകയും ചെയ്ത പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല ആരോഗ്യ വകുപ്പിലെ കരാറുമായി ബന്ധപ്പെട്ട് കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. കരാർ തുകയുടെ 2% എന്ന നിലയിലാണ് ഇത്രയും തുക ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിലെ സൂപ്രണ്ടിങ് എൻജിനീയർ രജീന്ദർ സിങ്ങിനോട് ആവശ്യപ്പെട്ടത്.
പിന്നീട് ഇത് ഒരു ശതമാനമായി കുറച്ച് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി പ്രദീപ് കുമാർ മുഖേനയാണ് മന്ത്രി കൈക്കൂലി ആവശ്യപ്പെട്ടത്. പ്രദീപുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ റിക്കോർഡ് ചെയ്ത രജീന്ദർ അത് മുഖ്യമന്ത്രി ഭഗവന്ത് മാനു കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ പൂർണ പിന്തുണയോടെ ഏതാനും കോളുകൾ കൂടി റിക്കോർഡ് ചെയ്തു. സിംഗ്ലയെ തന്റെ ഓഫിസിലേക്കു വിളിച്ചുവരുത്തിയ മാൻ ഫോൺ സംഭാഷണം കേൾപ്പിച്ച ശേഷമാണു രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.
English Summary: Vijay Singla first demanded bribe of Rs 10 lakh