ADVERTISEMENT

ന്യൂഡൽഹി ∙ സേനാ ദൗത്യത്തിനായി ഇന്ത്യ – പാക്ക് അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ ലഡാക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം 7 സൈനികർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജൽ (41) ആണു മരിച്ചത്. 

അതിർത്തിയോടു ചേർന്നുള്ള തുർതുക് സെക്ടറിലേക്കു സൈനികരെയും വഹിച്ചു പോയ വാഹനം നിയന്ത്രണം വിട്ടു തെന്നി 50 അടി താഴ്ചയിലുള്ള ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അപകടം. സിയാച്ചിനിലേക്കുള്ള പാതയാണിത്. 

ലഡാക്കിലെ പർതാപുരിൽ നിന്നാണു സൈനികർ യാത്ര തിരിച്ചത്. വാഹനത്തിൽ 26 സൈനികരുണ്ടായിരുന്നു. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു സേനാവൃത്തങ്ങൾ പറഞ്ഞു. പരുക്കേറ്റവരെ പർതാപുരിലും ചണ്ഡിഗഡിലുമുള്ള സേനാ ആശുപത്രികളിലേക്കു മാറ്റി. 

മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മൽ പുതിയകത്ത് സുഹറയുടെയും മകനാണു മുഹമ്മദ് ഷൈജൽ. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ. 

തുർതുക് യുദ്ധഭൂമി

1948 ൽ പാക്കിസ്ഥാൻ പിടിച്ചെടുക്കുകയും പിന്നീട് ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്ത പ്രദേശമാണു തുർതുക്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇരുസേനകളും ഇവിടെ ഏറ്റുമുട്ടിയിരുന്നു. ലഡാക്കിലെ പ്രധാന നഗരമായ ലേയിൽ നിന്ന് 8 മണിക്കൂർ ദൂരമുള്ള തുർതുക്കിലേക്കുള്ള വഴിയുടെ ഒരു വശത്തുകൂടിയാണു ഷ്യോക് നദി ഒഴുകുന്നത്. 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ ഷ്യോക് നദി കടക്കുന്നതിനിടെ കൊടുംതണുപ്പേറ്റ് ഒട്ടേറെ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

English Summary: 7 Soldiers Dead After Vehicle Carrying 26 Falls In Shyok River In Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com