ADVERTISEMENT

ന്യൂഡൽഹി ∙ ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും ഇതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നുമുള്ള ശുപാർശകളോടു കേന്ദ്ര സർക്കാരിനു വിയോജിപ്പ്. സുപ്രീം കോടതി നിയോഗിച്ച സമിതി ഇതുൾപ്പെടെ നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും ചില വിയോജിപ്പുകൾ ഉണ്ടെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ജയന്ത് സൂദ് അറിയിച്ചു. വിയോജിപ്പുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അഭിപ്രായം അറിയിക്കണമെന്നു വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നതു ജൂലൈ 27ലേക്കു മാറ്റി. 

ലൈംഗികത്തൊഴിൽ ചെയ്യുന്നവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിയോഗിച്ച സമിതി 10 നിർദേശങ്ങൾ 2016ൽ തന്നെ നൽകിയിരുന്നു. ഇതനുസരിച്ചു നിയമ പരിഷ്കാരം കൊണ്ടുവരുമെന്നു കേന്ദ്രം ഉറപ്പു നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശങ്ങൾ വീണ്ടും പരിഗണിച്ചത്. എന്നാൽ, 10 നിർദേശങ്ങളിൽ 4 എണ്ണത്തോടു കേന്ദ്രം വിയോജിപ്പുകൾ വ്യക്തമാക്കി. 

നിയമവിധേയമാണോ ? മിണ്ടാതെ കോടതി

ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല എന്നതുൾപ്പെടെ ശുപാർശകളുടെ കാര്യത്തിൽ സുപ്രീം കോടതി അഭിപ്രായം രേഖപ്പെടുത്തിയില്ല. സമിതിയുടെ ശുപാർശകളെല്ലാം കോടതി അംഗീകരിച്ചെന്ന തരത്തിൽ പ്രചാരണം വന്നെങ്കിലും ഈ വിഷയങ്ങൾ വേനലവധിക്കുശേഷം പരിഗണിക്കുമെന്നാണ് ഇടക്കാല ഉത്തരവിലുള്ളത്. അതേസമയം, ഏതു തൊഴിലിലും എല്ലാ പൗരന്മാർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. 

സർക്കാരിനു വിയോജിപ്പുള്ളവ:

1) നിയമം ഉറപ്പുനൽകുന്ന എല്ലാ സംരക്ഷണവും ലൈംഗിക തൊഴിലാളികൾക്കുമുണ്ട്. പ്രായപൂർത്തിയായ ആളാണ് ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതെന്നും ഉഭയ സമ്മതത്തോടെയാണിതെന്നും വ്യക്തമാണെങ്കിൽ പൊലീസ് ഇടപെടലും ക്രിമിനൽ നടപടിയും ഒഴിവാക്കണം. 

2) അനാശ്യാസകേന്ദ്രം നടത്തുന്നതു മാത്രമാണ് നിയമവിരുദ്ധം. സ്വമേധയായുള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നിരിക്കെ, റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ പിഴയീടാക്കാനോ അവഹേളിക്കാനോ പാടില്ല.

3) ഈ വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങളോ പദ്ധതികളോ നിയമ പരിഷ്കാരമോ നടത്തുമ്പോൾ അവരെ തന്നെയോ അവരുടെ പ്രതിനിധികളെയോ പങ്കാളിയാക്കണം.

4) അമ്മ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന കാരണം പറഞ്ഞ് മക്കളെ അവരിൽ നിന്ന് അകറ്റാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത കുട്ടി ഒപ്പം കഴിയുന്നതിനെ ചതിയിൽ പെടുത്തിയതാണെന്നു വ്യഖ്യാനിക്കാനാകില്ല. ലൈംഗികത്തൊഴിൽ ചെയ്യുന്നയാൾ അവരുടെ കുട്ടിയാണ് ഒപ്പമുള്ളതെന്നു പറഞ്ഞാൽ പരിശോധന നടത്തണം.

English Summary: Supreme Court on sex workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com