ADVERTISEMENT

ന്യൂഡൽഹി∙ പ്രവാചകനെതിരെ ബിജെപി മുൻ വക്താവും നേതാവും നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇറാഖും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. നയതന്ത്ര മേഖലയ്ക്കു കടുത്ത സമ്മർദം നൽകി ബഹ്റൈൻ, മാലദ്വീപ്, ലിബിയ, തുർക്കി അടക്കം 15 രാജ്യങ്ങളാണ് ഈ വിഷയത്തിൽ ഇതുവരെ പ്രതിഷേധമറിയിച്ചത്. ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രതിഷേധം അറിയിച്ചു. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവും അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ നിലപാടല്ല ബിജെപി വക്താവു പറഞ്ഞതെന്ന നിലപാട് ഇറാഖിലെ ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ ഭരണകക്ഷി വക്താവ് നടത്തിയ നിന്ദ്യമായ പരാമർശം അതീവ ഗുരുതരമായതും അചിന്ത്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്ന് ഇറാഖ് അറിയിച്ചു. ഇന്ത്യ ഔദ്യോഗികമായി മാപ്പു പറയണമെന്ന നിലപാടാണ് കുവൈത്തിനും ഖത്തറിനുമുള്ളത്.  

വിവാദ പരാമർശം നടത്തിയ നൂപുർ ശർമയ്ക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ രണ്ടിടത്തുനിന്നു പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. തനിക്കു വധഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബത്തിനും ഡൽഹി പൊലീസ് സംരക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. നൂപുറിനു പിന്തുണ നൽകിയ ഡൽഹിയിലെ നേതാവ് നവീൻ ജിൻഡലും തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് ട്വീറ്റു ചെയ്തു.

ന്യൂയോർക്കിൽ വാർത്താ സമ്മേളനത്തിനിടെ പാക്കിസ്ഥാനി പത്രപ്രവർത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുയാറിക് മതസഹിഷ്ണുത പാലിക്കേണ്ടത് ഏതൊരു രാജ്യത്തിന്റെയും കർത്തവ്യമാണെന്ന് അഭിപ്രായപ്പെട്ടത്.

നൂപുർ ശർമയുടെ പ്രസ്താവന ശരിയോ തെറ്റോയെന്ന് കോടതി പരിശോധിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ആഗോള പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ബിജെപി വക്താവ് നടത്തിയ പരാമർശം എൻഡിഎയെയോ സർക്കാരിനെയോ ബാധിക്കുന്നതല്ലെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ കൊച്ചിയിൽ പറഞ്ഞു. 

English Summary: Iraq also condemn prophet remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com