ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ ജനുവരിയിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റെയിൽവേ റിക്രൂട്മെന്റുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിന്റെ രീതിയിലാണ് ഇപ്പോൾ അഗ്നിപഥ് വിരുദ്ധ സമരങ്ങൾ ശക്തമായിരിക്കുന്നത്. ജനുവരിയിലെ സമരത്തിനും രാഷ്ട്രീയ കക്ഷികളുടെ നേതൃത്വമില്ലാതെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങുകയായിരുന്നു. 

കൃഷി നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിനും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വമില്ലായിരുന്നു. എന്നാൽ, അന്ന് സമരക്കാർ ആരെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുന്നത് ആരെന്നും കേന്ദ്ര സർക്കാരും ബിജെപിയും പല ആരോപണങ്ങളും ഉന്നയിച്ചു. രാഷ്ട്രീയക്കാരെ മുഖ്യ സമരവേദികളിൽനിന്ന് അകറ്റി നിർത്തുകയെന്നത് സമരക്കാരുടെ ബോധപൂർവമായ തീരുമാനമായിരുന്നു.

റെയിൽവേയിൽ സാങ്കേതികമല്ലാത്ത ജോലികൾക്കുള്ള റിക്രൂട്മെന്റ് പരീക്ഷകളിൽ ക്രമക്കേട് ആരോപിച്ചാണ് ബിഹാറിലും യുപിയിലുമൊക്കെ ഉദ്യോഗാർഥികൾ സമരത്തിനിറങ്ങിയത്. സമരക്കാർ ബിഹാറിലെ ഗയയിൽ ഒരു ട്രെയിൻ കത്തിക്കുകയും പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും മറ്റുമാണ് സമരത്തിനു പ്രേരിപ്പിക്കുന്നതെന്ന ആരോപണം സർക്കാർ കേന്ദ്രങ്ങളിൽനിന്ന് അന്ന് ഉയർന്നിരുന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ആരും പുറത്തുവിട്ടതുമില്ല. അന്നും ഉദ്യോഗാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ച് പല രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. എന്നാൽ, അന്നും ഇപ്പോഴും സമരനേതാക്കളെന്നു പറയാൻ ആരുമില്ലെന്നതു ശ്രദ്ധേയമാണ്.

സൈന്യത്തിലേക്കുള്ള നിയമനം 2 വർഷമായി നിർത്തിവച്ചിരിക്കുകയാണ്. അത് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഹ്രസ്വകാല പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയത്. ഇതാണ് ഉദ്യോഗാർഥികൾക്കു വലിയ നിരാശയ്ക്കു കാരണമായത്. പ്രക്ഷോഭം ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും തൊഴിലില്ലായ്മ നിരക്കിൽ ദേശീയ ശരാശരിയെക്കാൾ മുകളിലാണ്.

Content Highlight: Agnipath scheme leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com