കോൺഗ്രസുകാരനെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ല: രാഹുൽ ഗാന്ധി

HIGHLIGHTS
  • ചോദ്യം ചെയ്യൽ അനുഭവം പങ്കുവച്ച് രാഹുൽ; സമയം നീട്ടിച്ചോദിച്ച് സോണിയ
rahul-gandhi-1
എഐസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലൊന്നും തന്നെ ബാധിക്കില്ലെന്നും ഒരു കോൺഗ്രസ് നേതാവിനെ പേടിപ്പിക്കാനോ അടിച്ചമർത്താനോ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കു മനസ്സിലായെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 50 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആദ്യമായി എഐസിസി ആസ്ഥാനത്തെത്തിയപ്പോൾ പാർട്ടി എംപിമാരും എംഎൽഎമാരും ചേർന്നു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 

ചോദ്യം ചെയ്യലിനായി ചെറിയ മുറിയിൽ ഒറ്റത്തവണ പോലും എഴുന്നേൽക്കാതെ 10–12 മണിക്കൂർ എങ്ങനെ ഇരിക്കുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥർ തന്നെ ആശ്ചര്യപ്പെട്ടതായും രാഹുൽ വെളിപ്പെടുത്തി: ‘‘വിപാസന ധ്യാനം ശീലിച്ചതു കൊണ്ടാണ് മണിക്കൂറുകൾ ഇരിക്കാൻ കഴിയുന്നതെന്നു പറഞ്ഞപ്പോൾ എന്ത് ധ്യാനമാണെന്ന് അവർക്കറിയണം. എന്നാൽ, അതല്ല യഥാർഥ കാരണം. ആ മുറിയിൽ ഞാൻ തനിച്ചായിരുന്നില്ല. ഓരോ കോൺഗ്രസുകാരനും ഒപ്പമുണ്ടായിരുന്നു. ഒരു നേതാവിനെ തളർത്താൻ കഴിയുമായിരിക്കും. എന്നാൽ, ആയിരക്കണക്കിനു കോൺഗ്രസുകാരെ മുഴുവൻ തളർത്താനാകില്ല.’’ 

‘‘2004 മുതൽ പാർട്ടിക്കു വേണ്ടി ഞാൻ പ്രവർത്തിക്കുന്നു. എല്ലാ കോൺഗ്രസ് നേതാക്കളും ഇവിടെ ഇരിക്കുന്നു. സച്ചിൻ പൈലറ്റും സിദ്ധരാമയ്യയും രൺദീപ് സിങ് സുർജേവാലെയും ക്ഷമയോടെ ഇരിക്കുന്നു. നമ്മുടെ പാർട്ടി ക്ഷമ പഠിപ്പിച്ചു. ബിജെപിയിൽ ക്ഷമ വേണ്ട. അവിടെ കൈ കെട്ടിവയ്ക്കാനും സത്യം പറയുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചാൽ മതി’’– രാഹുൽ പരിഹസിച്ചു. 

പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, പി.ചിദംബരം, കെ.സി.വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, ഡി.കെ.ശിവകുമാർ എന്നിവരും പ്രസംഗിച്ചു. കേരള എംപിമാർക്കു പുറമേ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, സജീവ് ജോസഫ്, ടി.ജെ.വിനോദ്, റോജി എം.ജോൺ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, ടി.ജെ.സനീഷ് കുമാർ, സണ്ണി ജോസഫ്, ഐ.സി.ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ എന്നിവർ പങ്കെടുത്തു. 

ഇതിനിടെ, നാഷനൽ ഹെറൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്കു കത്തെഴുതി. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സാഹചര്യത്തിലാണിത്. ഇന്നു ഹാജരാകാനാണ് ഇഡി സോണിയയ്ക്ക് സമയം നൽകിയിരുന്നത്. 

അഗ്നിപഥ് പിൻവലിക്കണം: രാഹുൽ

വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചതു പോലെ അഗ്നിപഥ് പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിക്കണമെന്നു രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രധാന പ്രശ്നം തൊഴിലാണ്. തൊഴിൽകാര്യത്തിൽ അവസാനത്തെ അഭയമായിരുന്നു സൈന്യം. അതും അവസാനിച്ചു. വൺ റാങ്ക്, വൺ പെൻഷനെക്കുറിച്ചു പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഒരു റാങ്കുമില്ല, ഒരു പെൻഷനുമില്ല എന്ന സ്ഥിതിയിലായി. ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ മണ്ണിലാണ്. ഇന്ത്യൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുകയാണു സർക്കാർ ചെയ്യുന്നത് – രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന്റെ പ്രക്ഷോഭം 27ന്

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ രണ്ടാംഘട്ടം 27നു നടത്താൻ എഐസിസി സംസ്ഥാന കോൺഗ്രസ് ഘടകങ്ങളോട് ആവശ്യപ്പെട്ടു. രാവിലെ 10 മുതൽ 1 വരെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും സത്യഗ്രഹസമരം നടത്താനാണു നിർദേശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.

English Summary: National Herald case: ED and such agencies don't affect me, says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA