ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജർമനി, യുഎഇ സന്ദർശനം 26 മുതൽ 28 വരെ നടക്കും. 26, 27 തീയതികളിൽ ജർമനിയിലെ ഷ്‍ലോസ് എൽമൗവിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന 2 സെഷനുകളിൽ മോദി പ്രസംഗിക്കും.
28ന് യുഎഇയിലേക്കു പോകും. യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം അറിയിക്കും. പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ, ഇന്നും നാളെയുമായി ചൈന ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
English Summary: Prime Minister Narendra Modi to visit Germany and UAE