അഭിഷേക് സിങ്‌വിയും കുമാരി ഷെൽജയും പ്രവർത്തക സമിതിയിൽ

HIGHLIGHTS
  • ടി.സുബ്ബരാമി റെഡ്ഡി, അജയ് കുമാർ ലല്ലു ക്ഷണിതാക്കൾ
abhishek-singhvi-and-kumari-selja
അഭിഷേക് സിങ്‌വി, കുമാരി ഷെൽജ
SHARE

ന്യൂഡൽഹി ∙ ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ കുമാരി ഷെൽജയെയും രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയെയും കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. 

മുൻ രാജ്യസഭാംഗവും ആന്ധ്രയിൽ നിന്നുള്ള മുതിർന്ന നേതാവുമായ ടി.സുബ്ബരാമി റെഡ്ഡിയെ പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി. യുപി തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംസ്ഥാന അധ്യക്ഷപദം ഒഴിഞ്ഞ അജയ് കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് തുടങ്ങിയവരുടെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവുകളിലേക്കാണു ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ നിയമനം. ചിന്തൻ ശിബിരത്തെ തുടർന്നുള്ള മാറ്റമായാണു പാർട്ടി വിശദീകരിക്കുന്നതെങ്കിലും പദവികൾ നൽകിയുള്ള സമാശ്വാസ നടപടിയെന്നാണ് വ്യാഖ്യാനം. 

ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം മറികടന്നു വോട്ടുമാറ്റി നൽകിയ ഹരിയാനയിലെ കുൽദീപ് ബിഷ്നോയിയെ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പിന്നാലെയാണ് ഹരിയാനയിൽ നിന്നുള്ള ഷെൽജയ്ക്ക് സ്ഥിരാംഗത്വം നൽകുന്നത്. സോണിയയുടെ വിശ്വസ്തയാണെന്നതും രാജ്യസഭാ സീറ്റ് കിട്ടിയില്ലെന്നതും ഷെൽജയുടെ കാര്യത്തിൽ പരിഗണിച്ചു. 2024 ൽ നിയമസഭയിലേക്കു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭൂപീന്ദർ ഹൂഡ വിരുദ്ധ ചേരിയുടെ മുൻനിരയിലുള്ള ഷെൽജയെ അനുനയിപ്പിക്കാൻ കൂടിയാണു നിയമനം. 

നിയമവിദഗ്ധൻ കൂടിയായ മുതിർന്ന നേതാവ് കപിൽ സിബൽ പാർട്ടി വിട്ടതിനു പിന്നാലെയാണു നിയമ കാര്യങ്ങളിൽ പാർട്ടിയുടെ പ്രധാന ആശ്രയമായ സിങ്‌വിക്കുള്ള സ്ഥാനക്കയറ്റം. രാജ്യസഭയിൽ കാലാവധി കഴിഞ്ഞ സുബ്ബരാമി റെഡ്ഡിക്കു ദേശീയരാഷ്ട്രീയത്തിൽ തുടരാനുള്ള അവസരമാണു പുതിയ നിയമനം. യുപിയിൽ സംഘടനാപ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിയുടെ വലംകൈയായി നിന്ന അജയ്കുമാർ ലല്ലുവിന്റെ നിയമനവും പ്രതീക്ഷിക്കപ്പെട്ടതാണ്. 

English Summary: Abhishek Singhvi and Kumari Selja in congress working committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA