കരുതലോടെ ബിജെപിയുടെ ‘മഹാ’ ദൗത്യം; 2019 ലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ തന്ത്രങ്ങൾ

Devendra Fadnavis, Narendra Modi
ദേവേന്ദ്ര ഫഡ്നാവിസ്, നരേന്ദ്ര മോദി (Photo by Indranil MUKHERJEE / AFP)
SHARE

ന്യൂഡൽഹി ∙ 2019 നവംബറിൽ എൻസിപിയിൽ പ്രതിസന്ധിയുണ്ടാക്കി മഹാരാഷ്ട്ര ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ ബിജെപിക്കേറ്റ പൊള്ളലിന്റെ പാട് ഇനിയും മാഞ്ഞിട്ടില്ല. അതിനാൽ, വളരെ കരുതലോടെയാണ് ഇത്തവണ പാർട്ടിയുടെ നീക്കം. ഭൂരിപക്ഷം ഉറപ്പാക്കിയിട്ടു മാത്രം സർക്കാർ രൂപീകരണത്തിനു പരസ്യശ്രമങ്ങൾ മതിയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. 

മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ നേരത്തെ ഉന്നയിച്ചതരം വാദമാണ് ഇപ്പോൾ ബിജെപിക്കുള്ളത്: നിലവിലെ പ്രതിസന്ധി ശിവസേനയുടെ ഉള്ളിലെ പ്രശ്നങ്ങൾ കാരണമാണ്, ബിജെപിക്കു പങ്കില്ല. സർക്കാരിനെ വീഴ്ത്താനല്ല ശ്രമം, സ്വയം വീണാൽ നോക്കി നിൽക്കില്ല. 

2019 ൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണം ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു അട്ടിമറി നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചത്. ദേവേന്ദ്ര ഫഡ്നാവിസാണ് മുംബൈയിൽ ചർച്ചകൾ നടത്തുന്നതെങ്കിലും ഇതുവരെയുള്ളതും ഇനി നടത്തേണ്ടതുമായ നീക്കങ്ങൾക്കുള്ള നിർദേശങ്ങൾ കേന്ദ്ര നേതൃത്വത്തിന്റേതാണ്. അടുത്തിടെ രാജ്യസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കിയതിന്റെ സ്വാഭാവികമായ തുടർച്ച മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. 

നിയമസഭയുടെ കാലാവധി പകുതിയെത്തിനിൽക്കുമ്പോൾ തിരഞ്ഞെടുപ്പിനു പോകാൻ ശിവസേനയുടെ വിമതർ ഉൾപ്പെടെ മിക്ക എംഎൽഎമാരും താൽപര്യപ്പെടുന്നില്ല. അതും ബിജെപി കണക്കിലെടുക്കുന്നു. സൂറത്തിൽ തുടരാൻ അനുവദിച്ചാൽ സമ്മർദങ്ങൾക്കു വഴിപ്പെടാമെന്ന സാധ്യത കണക്കിലെടുത്താണ് വിമതരെ ഗുവാഹത്തിയിലേക്കു മാറ്റിയതെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

English Summary: BJP careful move in maharashtra to avoid 2019 like setback

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.