ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമതനീക്കം മുതലെടുത്ത് പുതിയ സർക്കാർ രൂപീകരണനീക്കങ്ങളുമായി ബിജെപി രംഗത്ത്. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയ്ക്കു ഡൽഹിയിലെത്തി. സർക്കാർ വീഴുമെന്ന് ഉറപ്പായ ശിവസേന, പാർട്ടിക്കുള്ളിലെ പിളർപ്പ് ഒഴിവാക്കാൻ നടത്തിയ അവസാനശ്രമവും വിജയിച്ചിട്ടില്ല.

എൻസിപിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യത്തിൽനിന്നു (മഹാ വികാസ് അഘാഡി) പിന്മാറാമെന്ന് ഔദ്യോഗികനേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇതിനോട് വിമതനേതാവ് ഏക്നാഥ് ഷിൻഡെ പ്രതികരിച്ചില്ല. എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഈ വാഗ്ദാനവും വിമതർ മുഖവിലയ്ക്കെടുത്തിട്ടില്ല. ‘അതിശക്തരായ ദേശീയ പാർട്ടി’ തന്റെ നീക്കങ്ങളെ ചരിത്രപരമായ നടപടിയെന്നാണ് വിശേഷിപ്പിച്ചതെന്നും എല്ലാ പിന്തുണയും അവർ അറിയിച്ചിട്ടുണ്ടെന്നും ഷിൻഡെ പറഞ്ഞു. 

വിമത‍ർ എല്ലാവരും ആവശ്യപ്പെട്ടാൽ അഘാഡി വിടാൻ ശിവസേന സന്നദ്ധമാണെന്നും അതിനു മുൻപ് ഗുവാഹത്തിയിലുള്ളവർ മുംബൈയിൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തണമെന്നുമാണ് റാവത്ത് പറഞ്ഞത്. വിമതർക്കു മുന്നിൽ ശിവസേന മുട്ടുമടക്കിയെങ്കിലും അനുനയനീക്കം വൈകിപ്പോയെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ പ്രതികരണം. വാഹനം ഏറെ ദൂരം മുന്നോട്ട് പോയെന്നും ഇനി പിന്നോട്ടില്ലെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. അഘാഡി വിടണമെന്നും ഹിന്ദുത്വ ആശയത്തിലുളളവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നുമായിരുന്നു ഷിൻഡെ ശിവസേന നേതൃത്വത്തിനു മുന്നിൽ വച്ച നിർദേശം. 

ഷിൻഡെയ്ക്കൊപ്പം 38; ഉദ്ധവിനൊപ്പം 13

നിയമസഭാ കക്ഷിയിലെ 55 അംഗങ്ങളിൽ 38 പേരുടെ പിന്തുണ ഇപ്പോഴുണ്ടെന്നും ശേഷിക്കുന്ന ചിലർകൂടി ഉടൻ ഒപ്പം ചേരുമെന്നുമാണ് വിമതനേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 37 പേരുടെ പിന്തുണ മതി. മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഇന്നലെ മുംബൈയിൽ വിളിച്ച യോഗത്തിൽ 13 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. 9 സ്വതന്ത്രരും ഒപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. 

English Summary: BJP move to form government in Maharshtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com