ADVERTISEMENT

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയോടു ചോദിച്ചത് നൂറിലേറെ ചോദ്യങ്ങൾ. ഓരോ ദിവസവും 20–25 ചോദ്യങ്ങളാണു ചോദിച്ചത്. ചോദ്യം ചെയ്യൽ 5 ദിവസം കൊണ്ട് 50 മണിക്കൂറിലേറെ നീണ്ടെങ്കിലും ഇഡിക്കു സമാഹരിക്കാനായത് 15 മണിക്കൂർ സമയം കൊണ്ടു കിട്ടാവുന്ന ഉത്തരങ്ങൾ. കാരണം, ഓരോ ചോദ്യത്തിനും രാഹുൽ അത്യന്തം ജാഗ്രതയോടെ, സമയമെടുത്താണു മറുപടി നൽകിയത്. 

ഓരോ ദിവസവും നൽകിയ ഉത്തരങ്ങൾ ഇഡി ടൈപ്പ് ചെയ്തത് സൂക്ഷ്മമായി ആവർത്തിച്ചു പരിശോധിച്ച ശേഷമാണ് രാഹുൽ ഒപ്പിട്ടത്. ഇതും സമയം നീളാൻ കാരണമായി. 

ടിവി ചർച്ചകളിലെ പോലെ പ്രക്ഷുബ്ധമായിരുന്നില്ല ചോദ്യം ചെയ്യൽ അന്തരീക്ഷമെന്ന് ഇഡി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഉറച്ച മറുപടികൾ നൽകിയ രാഹുൽ വിനയത്തോടെയാണു സംസാരിച്ചത്. ഉത്തരങ്ങൾക്കു സമയമെടുക്കുന്നതിന് ഉദ്യോഗസ്ഥരോടു ക്ഷമാപണം നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ തിരക്കില്ലെന്നും സമയമെടുത്തുകൊള്ളാനും പറഞ്ഞു. പുറത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളെക്കാൾ വസ്തുതകളായിരുന്നു രാഹുലിനും ഇഡിക്കും പ്രധാനം. 

സൗഹൃദാന്തരീക്ഷമായിരുന്നുവെങ്കിലും സാധാരണ ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നവർക്കു നൽകുന്നതിനപ്പുറമുള്ള പരിഗണന ഇഡി രാഹുൽ ഗാന്ധിക്കു നൽകിയില്ല. എല്ലാ ദിവസവും രാഹുലിനെ മധ്യ ഡൽഹിയിലെ ഇഡി ഓഫിസിലേക്ക് അനുഗമിച്ച സഹോദരി പ്രിയങ്ക ഗാന്ധിയെ ഗേറ്റിനപ്പുറം കടത്തിവിട്ടതേയില്ല. എയർ കണ്ടിഷൻ ചെയ്ത മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. ഒരു മേശയും ഏതാനും കസേരകളും മാത്രം. എന്നാൽ, ചോദ്യം ചെയ്യൽ ശബ്ദലേഖനം ചെയ്യാനുള്ള സാങ്കേതിക സംവിധാനമുണ്ടായിരുന്നു.

English Summary: Enforcement Directorate asks 100 questions to Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com