ADVERTISEMENT

ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനായി വോട്ടഭ്യർഥിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും രംഗത്തെത്തി. വോട്ട് ദ്രൗപദിക്കെന്ന് ജെഎംഎം സൂചിപ്പിച്ചു. ഗോത്രവർഗങ്ങൾക്കിടയിൽ സ്വാധീനം ശക്തമാക്കുന്നതിനൊപ്പം, പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ബിജെപി. ഗോത്ര വർഗക്കാരുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന പാർട്ടിയെന്ന പ്രതിഛായ വളർത്താൻ ബിജെപി ഊർജിത പരിശ്രമത്തിലാണ്. സ്വാതന്ത്ര്യ സമരസേനാനി ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഗോത്രവർഗ അഭിമാന ദിവസമായി കഴിഞ്ഞ വർഷം മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

ഗോത്രവർഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നത് ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ വർഷവും അടുത്ത വർഷവുമായി തിരഞ്ഞെടുപ്പുള്ളതിൽ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മൊത്തം 138 നിയമസഭാ സീറ്റുകളാണ് ഗോത്രവർഗ സംവരണമുള്ളത്. ഇതിൽ 35 സീറ്റു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ചത്. കോൺഗ്രസ് 86 എണ്ണം നേടി. ഗോത്രവർഗ മേഖലകളിൽ ആർഎസ്എസ് കാലങ്ങളായി പ്രവർത്തിക്കുന്നതാണ്. എന്നിട്ടും തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം പാർട്ടിക്കുണ്ടാകുന്നില്ല എന്ന വിലയിരുത്തലിലാണ് ഭരണപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ സ്വാധീനമുണ്ടാക്കാനുളള ശ്രമം. 

ഒഡീഷയുടെ പുത്രിക്ക് സംസ്ഥാനത്തെ എല്ലാ എംഎൽഎമാരും വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അഭ്യർഥിച്ചു. ദ്രൗപദിയുടെ സ്ഥാനാർഥിത്വം ഒഡീഷയ്ക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര വർഗക്കാരിക്ക് അവസരം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ജെഎംഎം കേന്ദ്ര വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. 

ജാർഖണ്ഡിൽ നിന്നുള്ളയാളാണ് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ. ഇദ്ദേഹത്തിന് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് ദ്രൗപദിയുടെ സ്ഥാനാർഥിത്വം ബിജെപി പ്രഖ്യാപിച്ചത്. സോറൻ കുടുംബത്തിന് ദ്രൗപദിയുടെ ജില്ലയായ മയൂർഭ​​ഞ്ജിൽ കുടുംബബന്ധങ്ങളുണ്ട്. ഇതും ഗോത്രവർഗമെന്നതും പരിഗണിക്കുമ്പോൾ ദ്രൗപദിയെത്തന്നെ ജെഎംഎം പിന്തുണയ്ക്കുന്ന സ്ഥിതിയായി.  

അടുത്തിടെയുണ്ടായ ചില ഉരസലുകൾ മാത്രമല്ല, 2012 ൽ ജെഡിയു പ്രണബ് മുഖർജിക്കു വോട്ടു നൽകിയതും, പട്നയിൽ ജനിച്ച സിൻഹയുടെ ജനതാ പശ്ചാത്തലവും പരിഗണിക്കുമ്പോൾ നിതീഷ് കുമാർ തങ്ങൾക്കൊപ്പം നിൽക്കുമോയെന്ന് ബിജെപിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചിരുന്നുവെന്നും വോട്ട് ദ്രൗപദിക്കെന്നും നിതീഷ് വ്യക്തമാക്കിയതോടെ ആ ആശങ്കയും നീങ്ങി.

ദ്രൗപദി മുർമു നാളെ പത്രിക നൽകും

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക നൽകിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 26ന് വിദേശത്തേക്കു പോകുന്നതുകൂടി കണക്കിലെടുത്താണ് പത്രികയുടെ തീയതി തീരുമാനിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. യശ്വന്ത് സിൻഹ 27ന് പത്രിക നൽകുമെന്ന് പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനകം 50 പത്രികകൾ ലഭിച്ചെന്നും അതിൽ 7 എണ്ണം തള്ളിയെന്നും ഒൗദ്യോഗിക വ‍ൃത്തങ്ങൾ പറഞ്ഞു.

പ്രത്യയശാസ്ത്ര മത്സരം: സിൻഹ

മത്സരം വ്യക്തികൾ തമ്മിലല്ല, പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണെന്ന് യശ്വന്ത് സിൻഹ. ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ നേതാക്കൾക്ക് സർക്കാരിന്റെ റബർ സ്റ്റാംപായി പ്രവർത്തിക്കുന്ന രാഷ്ട്രപതിയെയാണു വേണ്ടത്. ഭരണഘടനയെയും റിപ്പബ്ളിക്കിനെയും സംരക്ഷിക്കാൻ നിശ്ചയിച്ചുറപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ പക്ഷത്താണ് താൻ. ദ്രൗപദിക്കു നല്ലതുവരട്ടെയെന്നും സിൻഹ ആശംസിച്ചു.

English Summary: JDU, JMM support to Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com