എൻഎസ്ഇ ക്രമക്കേട്: സഞ്ജയ് ഗുപ്ത അറസ്റ്റിൽ

HIGHLIGHTS
  • പിടിയിലായത് ഒപിജി സെക്യൂരിറ്റീസ് കമ്പനിയുടെ എംഡി
sanjay-gupta
സഞ്ജയ് ഗുപ്ത
SHARE

ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് തട്ടിപ്പിന്റെ ഗുണഭോക്താക്കളിലൊന്നായ ഒപിജി സെക്യൂരിറ്റീസ് എന്ന കമ്പനിയുടെ എംഡി സഞ്ജയ് ഗുപ്തയെ സിബിഐ അറസ്റ്റ് ചെയ്തു. സ്റ്റോക് എക്സ്ചേഞ്ചിൽ ചില ബ്രോക്കർമാർക്ക് ഹിതകരമല്ലാത്ത മുൻഗണന നൽകിയെന്ന കേസിലാണ് 4 വർഷത്തിനു ശേഷം അറസ്റ്റ്. 

മുൻ സിഇഒ ചിത്ര രാമകൃഷ്ണ, മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർ ഇതേ കേസിൽ അറസ്റ്റിലായിരുന്നു. 2015 ലാണ് എൻഎസ്ഇയിൽ നടക്കുന്ന കോ–ലൊക്കേഷൻ തട്ടിപ്പിനെപ്പറ്റി വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് വിവരം ലഭിച്ചത്. 

സ്നാപ്ഷോട്ട്, ടിക് ബൈ ടിക് എന്നിങ്ങനെ 2 തരത്തിലാണ് (സ്ട്രീം) വിപണി ഡേറ്റ എൻഎസ്ഇ പുറത്തുവിടുന്നത്. ടിവി ചാനലുകൾ, ചെറുകിട ബ്രോക്കർമാർ തുടങ്ങിയവർ സ്നാപ്ഷോട്ട് ഉപയോഗിക്കുമ്പോൾ മില്ലി സെക്കൻഡ് വ്യത്യാസത്തിലുള്ള ഡേറ്റ വരെ ലഭ്യമാക്കുന്ന ടിക് ബൈ ടിക് (ടിബിടി) സ്ട്രീമാണ് വലിയ ബ്രോക്കർമാർ ഉപയോഗിക്കുന്നത്. ഇതിനായി എക്‌സ്‌ചേഞ്ചിന്റെ പരിസരത്തുതന്നെ അവർക്ക് സിസ്റ്റം/സെർവർ സ്‌ഥാപിക്കാൻ സൗകര്യം നൽകുന്നതാണ് കോ–ലൊക്കേഷൻ രീതി. ഇതുവഴി അവരുടെ ക്ലയന്റുകൾക്ക് അതിവേഗം വിപണി ഡേറ്റ ലഭിക്കും. ഓഹരി ക്രയവിക്രയം വേഗം നടത്താൻ ഇതിലൂടെ കഴിയും. 

പല രാജ്യങ്ങളിലും സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് കോ–ലൊക്കേഷൻ രീതിയുണ്ട്. എന്നാൽ, എൻഎസ്ഇ ചില ബ്രോക്കർമാർക്ക് മുൻഗണന നൽകി. സെബിയുടെ അനുമതിയില്ലാതെയാണ് എൻഎസ്ഇ ഇതു തുടങ്ങിയത്. മറ്റെല്ലാ ബ്രോക്കർമാർക്കും കമ്പനിയുടെ പ്രൈമറി സെർവറിലേക്കാണ് ലോഗിൻ നൽകിയിരുന്നതെങ്കിൽ, ഇഷ്ടക്കാർക്ക് അതിന്റെ ബാക്കപ് സെർവറിലേക്കാണ് പ്രവേശനം നൽകിയത്. 

English Summary: Sanjay Gupta, MD of OPG securities arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA