‘താൽപര്യമുണ്ടായിട്ടല്ല, നിർബന്ധിതരായി’; സമൂഹമാധ്യമ ചട്ടങ്ങളിലെ കരടുഭേദഗതിയെക്കുറിച്ച് കേന്ദ്രം

HIGHLIGHTS
  • കമ്പനികളെ വിമർശിച്ച് ഐടി മന്ത്രാലയം
social-media-photo-credit-Vasin-Lee
Photo Credit : Vasin Lee / Shutterstock.com
SHARE

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങൾക്കു കടിഞ്ഞാണിടാൻ കൊണ്ടുവരുന്ന ഭേദഗതി നടപ്പാക്കാൻ താൽപര്യമുണ്ടായിട്ടല്ല, നിർബന്ധിതരാകുകയായിരുന്നുവെന്നു കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസർമാർ എടുക്കുന്ന തീരുമാനത്തിൽ തൃപ്തരല്ലാത്തവർക്ക് കേന്ദ്രസർക്കാർ രൂപീകരിക്കുന്ന അപ‍‍്‍ലറ്റ് കമ്മിറ്റിയെ സമീപിക്കാമെന്നതാണ് പ്രധാന ഭേദഗതി. 

പല സമൂഹമാധ്യമ കമ്പനികളും ചട്ടം പാലിക്കാതെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് കരടുഭേദഗതിയെന്ന് ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

സമൂഹമാധ്യമ കമ്പനികൾക്ക് പുതിയ ഭേദഗതിയിന്മേലുള്ള ആശങ്ക ചില വ്യവസായ സംഘടനകൾ ചൂണ്ടിക്കാട്ടി. ചില വകുപ്പുകൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടില്ലേ എന്ന് ചർച്ചയിൽ ചോദ്യമുയർന്നു. ആർക്കു വേണമെങ്കിലും കോടതിയെ സമീപിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. 

അപ്‍ലറ്റ് കമ്മിറ്റിക്ക് കൂടുതൽ നിയമസാധുത വേണമെന്ന് കോടതി പറഞ്ഞാൽ വീണ്ടും ഭേദഗതി വരുത്തും. രണ്ടാം നിര പരാതി പരിഹാര സംവിധാനമായ അപ്‍ലറ്റ് കമ്മിറ്റിക്കു മുകളിൽ വീണ്ടും അപ്പീൽ നൽകേണ്ട സാഹചര്യമുണ്ടാക്കില്ല. 

സ്വയം നിയന്ത്രണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കാൻ മുൻകയ്യെടുക്കാമെന്ന് ഒരു സമൂഹമാധ്യമകമ്പനി ചർച്ചയിൽ അറിയിച്ചു. ഈ സംവിധാനം കാര്യക്ഷമമെന്നു തെളിഞ്ഞാൽ അതിലേക്ക് മാറാൻ സന്നദ്ധമാണെന്നും നിലവിൽ അത്തരമൊരു സംവിധാനമില്ലാത്തതിനാലാണ് ചട്ടങ്ങളെന്നും കേന്ദ്രം അറിയിച്ചു. 

'ഇന്ത്യയിൽ സേവനമെങ്കിൽ ഇവിടത്തെ നിയമം പാലിക്കണം'

നിയമലംഘനം അനുവദിക്കുകയും അതിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമാധ്യമ കമ്പനികളുടെ സമീപനം അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളെ പ്രതിയാക്കുന്നത് ഒഴിവാക്കുന്ന സേഫ് ഹാർബർ പരിരക്ഷ അനുഭവിക്കുകയും നിയമലംഘനം നടത്തിയ വ്യക്തിയെ (ഫസ്റ്റ് ഒറിജിനേറ്റർ) കണ്ടെത്തണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന് കംപ്യൂട്ടർ പ്രോഗ്രാമിൽ മാറ്റം വരുത്തണമെന്ന നിലപാടു സ്വീകരിക്കുകയുമാണു പല കമ്പനികളുമെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ സേവനം നൽകുന്ന കമ്പനിക്ക് ഇവിടുത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ബാധ്യതയുണ്ട്. പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്ന സമീപനം ശരിയല്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കരടുഭേദഗതിയെപ്പറ്റി ജൂലൈ 6 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. 

English Summary: Social media draft amendment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA