ADVERTISEMENT

മുംബൈ ∙ ഏക്നാഥ് ഷിൻഡെയുടെ ആളുകൾ തങ്ങളെ ‘കടത്തിക്കൊണ്ടു’പോയതാണെന്ന് ആരോപിച്ച് 2 എംഎൽഎമാർ ഉദ്ധവ് പക്ഷത്തു തിരികെയെത്തി. മുംബൈയിലേക്കുള്ള മടക്കയാത്രയിൽ 5 കിലോമീറ്ററോളം നടക്കേണ്ടിവന്നെന്നും ഉസ്മാനാബാദ് എംഎൽഎ കൈലാസ് പാട്ടീൽ പറയുന്നു. ‘‘തിങ്കളാഴ്ച നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിനു ശേഷം ഷിൻഡെയ്ക്കൊപ്പം അത്താഴം കഴിക്കാമെന്നു പറഞ്ഞാണു കാറിൽ കയറ്റിയത്. കുറച്ചുദൂരം പോയപ്പോൾ പന്തികേടു തോന്നി. ഗുജറാത്ത് അതിർത്തിക്കടുത്തുവച്ച് മൂത്രമൊഴിക്കണമെന്നുപറഞ്ഞു കാറിൽനിന്നിറങ്ങി. തുടർന്ന് ഒപ്പമുണ്ടായിരുന്നവരെ വെട്ടിച്ച് രാത്രി മുംബൈ ലക്ഷ്യമാക്കി 5 കിലോമീറ്ററോളം നടന്നു. ഇടയ്ക്കു ബൈക്കിലും ട്രക്കിലും ലിഫ്റ്റ് കിട്ടി.’’ പാട്ടീൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഉദ്ധവിന്റെ വീട്ടിലെത്തിയത്.

സൂറത്തിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നു ബലാപുർ എംഎൽഎ നിതിൻ ദേശ്മുഖും ആരോപിച്ചു. ഇദ്ദേഹത്തെ കാണാനില്ലെന്നും ജീവനു ഭീഷണിയുണ്ടെന്നും ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. സൂറത്തിലെ ഹോട്ടലിൽനിന്നു രക്ഷപ്പെട്ടു റോഡിലെത്തിയപ്പോഴേക്കും നൂറോളം പൊലീസുകാർ തന്നെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു ദേശ്മുഖ് ആരോപിച്ചു. ഹൃദയാഘാതമെന്നു പറഞ്ഞ് അഡ്മിറ്റ് ചെയ്യാനായിരുന്നു ശ്രമമത്രേ. സൂറത്തിൽനിന്നുള്ള വിമാനത്തിൽ ഇന്നലെ പുലർച്ചെ ഗുവാഹത്തിയിലെത്തിയ ദേശ്മുഖ് അവിടെനിന്നാണ് മഹാരാഷ്ട്രയിലേക്കു മടങ്ങിയത്.

English Summary: Two Shiv Sena MLAs say they were kidnapped by Eknath Shinde's people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com