ADVERTISEMENT

മുംബൈ ∙ ശിവസേനാ എംഎൽഎമാരിൽ ഭൂരിപക്ഷവും കൈവിട്ടെന്ന് ഉറപ്പായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിപദവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവയ്ക്കാൻ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചു. രാത്രി തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വന്തം വീടായ ‘മാതോശ്രീ’യിലെത്തി.

സഖ്യം നിലനിർത്താൻ വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചതായും ഉദ്ധവ് ഇത് അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ബിജെപി സഖ്യം പുനഃസ്ഥാപിക്കുകയാണു ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിൻഡെ.

സൂറത്തിൽനിന്ന് ഇന്നലെ പുലർച്ച അസമിലെ ഗുവാഹത്തിയിലെത്തിയ വിമത ക്യാംപിലാണ് കൂടുതൽ എംഎൽഎമാരുമെന്നു വ്യക്തമായ സാഹചര്യത്തിലാണ് നാടകീയ നീക്കങ്ങൾ. 55 ശിവസേനാ എംഎൽഎമാരിൽ 34 പേരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്ത് ഷിൻഡെ മഹാരാഷ്ട്ര ഗവർണർക്കും ഡപ്യൂട്ടി സ്പീക്കർക്കും അയച്ചു. 3 പേർ കൂടി വൈകിട്ടു ഗുവാഹത്തിയിലെത്തി. സ്വതന്ത്രർ ഉൾപ്പെടെ 46 എംഎൽഎമാർ ഒപ്പമുണ്ടെന്നാണ് ഷിൻ‍ഡെ ക്യാംപിന്റെ അവകാശവാദം. കൂറുമാറ്റനിരോധന നിയമം മറികടക്കാൻ 37 പേരുടെ പിന്തുണയാണു വേണ്ടത്. സുനിൽ പ്രഭുവിനു പകരം ഭരത് ഗോഗാവാലെയെ ശിവസേനാ ചീഫ് വിപ്പാക്കുന്നതായും വിമതർ പ്രഖ്യാപിച്ചു.

ഇന്നലെ വൈകിട്ട് 5നു മുംബൈയിലെ പാർട്ടി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ പാർട്ടിക്കു പുറത്തെന്ന ശിവസേനയുടെ അന്ത്യശാസനം ഷിൻഡെ തള്ളിയിരുന്നു. ഇതോടെ എംഎൽഎമാരുടെ യോഗം ഉപേക്ഷിച്ച ഉദ്ധവ്, ഫെയ്സ്ബുക് ലൈവിലൂടെയാണു രാജിസന്നദ്ധത പ്രഖ്യാപിച്ചത്. പിന്നാലെ പവാറിന്റെ നേതൃത്വത്തിൽ തുടർനീക്കങ്ങളും സജീവമായി. അതേസമയം, ഉദ്ധവ് രാജിവയ്ക്കില്ലെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു. കോൺഗ്രസും എൻസിപിയും ശിവസേനയ്ക്ക് ഒപ്പമാണെന്ന് എഐസിസി നിരീക്ഷകനായെത്തിയ കമൽനാഥ് അറിയിച്ചു.

ഉദ്ധവിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ഭരണപക്ഷത്തെ നീക്കങ്ങൾ മന്ദഗതിയിലാക്കി. ഗവർണർ ഭഗത് സിങ് കോഷ്യാരിയും കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്. സംഭവവികാസങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്നും ഷിൻഡെയുമായോ മറ്റു ശിവസേനാ എംഎൽഎമാരുമായോ സംസാരിച്ചിട്ടില്ലെന്നുമാണ് ബിജെപിയുടെ ഔദ്യോഗിക നിലപാട്. എന്നാൽ, ഗുവാഹത്തിയിൽ വിമതർ തങ്ങുന്ന ഹോട്ടലിനു കനത്ത സുരക്ഷയാണ് അസമിലെ ബിജെപി സർക്കാർ ഒരുക്കിയിരിക്കുന്നത്.

∙ ‘മുഖ്യമന്ത്രിപദം ഞാൻ ആഗ്രഹിച്ചതല്ല. ശരദ് പവാറിന്റെ നിർദേശപ്രകാരം പ്രത്യേക സാഹചര്യത്തിൽ ഏറ്റെടുക്കേണ്ടിവന്നതാണ്. ഒഴിയാൻ മടിയില്ല. അതിനു മുൻപ് ഞാൻ ചെയ്ത തെറ്റ് വിമതക്യാംപിലെ ഒരാളെങ്കിലും വിശദീകരിക്കണം. ശിവസേന ഹിന്ദുത്വ അജൻഡ ൈകവിട്ടെന്ന പ്രചാരണം ശരിയല്ല.’ – ഉദ്ധവ് താക്കറെ

English Summary: Uddhav Thackeray offers to quit as Maharashtra chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com