ADVERTISEMENT

മുംബൈ ∙ ശിവസേന കീഴടങ്ങില്ലെന്നും മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിനു തയാറാണെന്നും അറിയിച്ച  സഞ്ജയ് റാവുത്ത് എംപി,  വിമതരെ ശിവസേനാ പ്രവർത്തകർ തെരുവിൽ നേരിടുമെന്നും പറഞ്ഞു. 

ഇതിനു പിന്നാലെ കുർളയിൽ നിന്നുള്ള വിമത എംഎൽഎയുടെ ഓഫിസ് ശിവസേനാ പ്രവർത്തകർ ആക്രമിച്ചു. വിമതർക്കു നേതൃത്വം കൊടുക്കുന്ന ഏക്നാഥ് ഷിൻഡെയുടെയും ഒപ്പമുള്ള എംഎൽഎമാരുടെയും ബാനറുകളും പോസ്റ്ററുകളും പലയിടത്തും നശിപ്പിച്ചു. അക്രമം വ്യാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് സുരക്ഷ ശക്തമാക്കി. 

നേരത്തേ നിർദേശിച്ച 12 പേർക്കു പുറമേ 4 വിമതരെക്കൂടി അയോഗ്യരാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കറോടു ശിവസേന ആവശ്യപ്പെട്ടു.  

വിശ്വാസവോട്ടെടുപ്പുണ്ടായാൽ വിമതപക്ഷത്തിന്റെ ബലം കുറയ്ക്കാനാണു നീക്കം. എന്നാൽ, തങ്ങളാണ് യഥാർഥ ശിവസൈനികരെന്നും ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും ഷിൻഡെ പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലിനോട് ഡപ്യൂട്ടി സ്പീക്കർ നിയമോപദേശം തേടി. 

40 ശിവസേനാ എംഎൽഎമാരടക്കം 50 പേരുടെ പിന്തുണ അവകാശപ്പെടുന്ന വിമതർ വലിയ ആത്മവിശ്വാസത്തിലാണ്. എന്നാൽ, നീക്കങ്ങൾ  മന്ദഗതിയിലാക്കി. മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാർ കണക്കുകൂട്ടുന്ന ഭരണഘടനാപരവും നിയമപരവുമായ നീക്കങ്ങൾ മറികടക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത ശേഷം മുന്നോട്ടു നീങ്ങാനാണ് ധാരണ. അസമിലെ ഗുവാഹത്തിയിൽ നിന്ന് ഇന്നലെ മുംബൈയിലെത്താനിരുന്ന ഷിൻഡെ അവസാനനിമിഷം യാത്ര റദ്ദാക്കി. 

ദേശീയ പാർട്ടിയുടെ പിൻബലമുണ്ടെന്ന കഴിഞ്ഞദിവസത്തെ അവകാശവാദം അദ്ദേഹം ഇന്നലെ വിഴുങ്ങി. 

വിമതരുടെ അംഗസംഖ്യ വർധിച്ചതോടെ ചടുലനീക്കങ്ങൾ ആരംഭിച്ച ബിജെപിയും ചുവടുവയ്പുകൾ മെല്ലെയാക്കി. അംഗബലവും സാധ്യതകളും കൃത്യമായി പരിശോധിച്ച് ഉടൻ തീരുമാനമെടുക്കണമെന്ന് ഉദ്ധവിനോട് എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു.

വിമത നീക്കങ്ങൾക്കു പിന്നിൽ ബിജെപിയാണെന്ന് ശിവസേനാ യോഗത്തിൽ ഉദ്ധവ് തുറന്നടിച്ചു. ‘ഷിൻഡെയുടെ മകന് എംപിയാകാമെങ്കിൽ എന്റെ മകൻ ആദിത്യയ്ക്ക് എന്തുകൊണ്ട് രാഷ്ട്രീയത്തിൽ വന്നുകൂടാ? നട്ടെല്ലു ശസ്ത്രക്രിയ കഴിഞ്ഞു കിടന്നപ്പോഴാണു ചിലർ എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. നഗരവികസനം, പൊതുമരാമത്ത് തുടങ്ങി പ്രധാന വകുപ്പുകളും മകനു ലോക്സഭാ സീറ്റും നൽകിയിട്ടും ചതിച്ചു. പിന്നിൽ നിന്നു കുത്തിയ ബിജെപിയുമായി ഇനി കൈകോർക്കില്ല. 

വിമതർ പൂവും കായും സ്വന്തമാക്കിയാലും ശിവസേനയെന്ന മരത്തിന്റെ വേരറുക്കാൻ ആകില്ല, ’അദ്ദേഹം പറഞ്ഞു. ഇന്നു ദേശീയ നിർവാഹകസമിതി യോഗം വിളിച്ചു. കലക്ടർമാരും വകുപ്പു സെക്രട്ടറിമാരുമായി ഓൺലൈൻ ചർച്ച നടത്തിയ ഉദ്ധവ് സർക്കാരിലെ പ്രശ്നങ്ങൾ സാധാരണക്കാരെ ബാധിക്കരുതെന്നു കർശന നിർദേശം നൽകി.

 

 

English Summary: Maharashtra political crisis updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT