ക്യാമറയ്ക്കു മുന്നിൽ നവജാതശിശു വേണ്ട

Camera
Photo by: shutterstock/siarifzen
SHARE

ന്യൂഡൽഹി ∙ 3 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമ, പരസ്യം, സമൂഹമാധ്യമ, ഒടിടി പ്ലാറ്റ്ഫോം വിഡിയോകൾ എന്നിവയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിനു വിലക്കു വരുന്നു. ഇതു സംബന്ധിച്ച കരടു മാർഗരേഖ ദേശീയ ബാലാവകാശ കമ്മിഷൻ പ്രസിദ്ധീകരിച്ചു. കുട്ടികൾ ഉൾപ്പെട്ട പരിപാടികൾ ചിത്രീകരിക്കുന്നതിനു മുൻപു കലക്ടറുടെ അനുമതി നേടിയിരിക്കണമെന്നു മാർഗരേഖയിൽ പറയുന്നു.

പ്രതിരോധ കുത്തിവയ്പ്, മുലയൂട്ടൽ തുടങ്ങിയ വിഷയങ്ങളിലെ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കു വിലക്കില്ല. കുട്ടികളെ കളിയാക്കുന്നതോ, മോശമായി കാട്ടുന്നതോ ആയ ചിത്രീകരണങ്ങൾ പാടില്ല. നിർദേശം ലംഘിക്കുന്നവർക്കു 3 വർഷത്തെ തടവ് ഉൾപ്പെടെയുള്ള ശിക്ഷയാണു നിർദേശിച്ചിരിക്കുന്നത്.

റിയാലിറ്റി ഷോ, ടിവി സീരിയൽ, ന്യൂസ്, സിനിമ, ഒടിടി, സമൂഹമാധ്യമങ്ങൾ, പരസ്യം, പെർഫോമിങ് ആർട് തുടങ്ങിയ എല്ലാത്തിനും പുതിയ നിർദേശം ബാധകമാകും. ചിത്രീകരണത്തിനു കലക്ടർ നൽകുന്ന സമ്മതപത്രത്തിനു 6 മാസമാകും കാലാവധി. ചിത്രീകരണ സ്ഥലത്തു പരിശോധന നടത്താൻ കലക്ടർക്ക് അനുമതിയുണ്ട്. നവജാത ശിശുവിനെ ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ചിത്രീകരണത്തിൽ ഭാഗമാക്കുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കൊപ്പം നഴ്സിനെയും സ്ഥലത്തു ക്രമീകരിക്കണം. കുട്ടികൾക്കു പാഠഭാഗങ്ങൾ നഷ്ടമാകാതിരിക്കാൻ ഷൂട്ടിങ് സൈറ്റുകളിൽ ട്യൂഷൻ സംവിധാനം ക്രമീകരിക്കണം. മദ്യം, പുകവലി, ശരീര പ്രദർശനം എന്നിവയിൽ കുട്ടികൾ ഉൾപ്പെടാൻ പാടില്ല.

കരടു മാർഗരേഖയിൽ 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. അതിനു ശേഷമാകും അന്തിമ വിജ്ഞാപനം. നിലവിൽ കുട്ടികളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു മാർഗരേഖ നിലവിലുണ്ട്.

മറ്റു നിർദേശങ്ങൾ:

∙ കുട്ടികളെ ദുരുപയോഗം ചെയ്യാതിരിക്കാൻ എല്ലാ മുൻകരുതലും ഷൂട്ടിങ് സമയത്തു സ്വീകരിച്ചുവെന്ന സന്ദേശം സിനിമയുടെയും മറ്റും ആരംഭത്തിൽ കാട്ടണം.

∙ കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം പരമാവധി 27 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം.

∙ ദിവസം 6 മണിക്കൂറിൽ കൂടുതൽ കുട്ടികളുടെ ചിത്രീകരണം പാടില്ല

∙ 3 മണിക്കൂർ കൂടുമ്പോൾ വിശ്രമത്തിന് ഇടവേള നൽകണം.

∙ കുട്ടികളെ ഉപയോഗിച്ചു രാത്രി വൈകിയുള്ള ഷൂട്ടിങ് പാടില്ല. കുട്ടികൾക്കു പ്രത്യേക വിശ്രമ മുറികളും ഡ്രസിങ് മുറികളും നൽകണം.

∙ കുട്ടികളുമായി സമ്പർക്കത്തിൽ വരുന്ന ജോലിക്കാർക്കു സാംക്രമിക രോഗങ്ങളില്ലെന്നു പരിശോധിച്ച് ഉറപ്പു വരുത്തണം.

∙ ചിത്രീകരണത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 20% കുട്ടികളുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തണം.

English Summary: Ban for toddlers from film shooting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.