ജീവൻ അപകടത്തിലെന്ന് ടീസ്തയുടെ പരാതി

teesta
ആർ.ബി.ശ്രീകുമാർ, ടീസ്റ്റ സെതൽവാദ്
SHARE

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു വ്യാജ വിവരങ്ങൾ കോടതിയിലും പ്രത്യേക അന്വേഷണ സംഘത്തലവനു മുന്നിലും നൽകിയെന്നാരോപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി.ശ്രീകുമാർ, ടീസ്ത സെത്തൽവാദ് എന്നിവർക്കെതിരെ അഹമ്മദാബാദ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധിയിൽ ഇരുവർക്കുമെതിരെയുള്ള പരാമർശങ്ങൾ എഫ്ഐആറിൽ ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരു കേസിൽ നേരത്തേ അറസ്റ്റിലായ സഞ്ജീവ് ഭട്ട് ജയിലിലാണ്.

2002 ലെ ഗുൽബർഗ് കൂട്ടക്കൊലക്കേസ് പുനരന്വേഷിക്കാനുള്ള ഹർജിയാണു വെള്ളിയാഴ്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് തള്ളിയത്. വിഷയം സജീവമായി നിലനിർത്താൻ ദുരുദ്ദേശ്യത്തോടെ ഹർജിക്കാർ ശ്രമിച്ചെന്നു ടീസ്തയെയും ശ്രീകുമാറിനെയും പരാമർശിച്ച് വിധിയിൽ വിമർശനമുണ്ടായിരുന്നു.

ഗുൽബർഗ് കൂട്ടക്കൊല എസ്ഐടി ശരിയായി അന്വേഷിച്ചില്ലെന്നും ഉന്നതതലത്തിൽ ഗൂഢാലോചനയുണ്ടായെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയ സാകിയ ജാഫ്രിയെ നിയമയുദ്ധത്തിലുടനീളം ടീസ്തയുടെ സന്നദ്ധ സംഘടന സഹായിച്ചിരുന്നു. 

ആർ.ബി.ശ്രീകുമാറിന്റെ മൊഴികളും തെളിവായി ഹാജരാക്കി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഫ്സാൻ ജാഫ്രിയുടെ ഭാര്യയാണു സാകിയ.

സാന്താക്രൂസിലെ വസതിയിൽനിന്നാണു ടീസ്തയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അഹമ്മദാബാദിലേക്കു കൊണ്ടുപോയി. അറസ്റ്റ് നിയമവിരുദ്ധമാണെന്നാരോപിച്ച് ടീസ്ത മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ജീവൻ അപകടത്തിലാണെന്നും പരാതിയിൽ വ്യക്തമാക്കി.

ഗാന്ധിനഗറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടുപോയി.

English Summary: Teesta and RB Sreekumar arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.