ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ഒരാഴ്ച പിന്നിട്ടിരിക്കെ, ശിവസേനാ വിമതർ സമീപിച്ചാൽ സ്വീകരിക്കാൻ തയാറാണെന്നു ബിജെപി നേതാക്കൾ സൂചിപ്പിച്ചു. ഇന്നലെ മുംബൈയിൽ ബിജെപി നേതാക്കൾ യോഗം ചേർന്നു. ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രാജിവയ്ക്കാൻ നേരത്തേ തന്നെ സന്നദ്ധത അറിയിച്ചിരുന്നതായും എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ തടയുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. എൻസിപി–ശിവസേന–കോൺഗ്രസ് പാർട്ടികൾ ഒരുമിച്ച മഹാവികാസ് അഘാഡിയുടെ മുഖ്യആസൂത്രകനായ പവാർ നിർദേശിച്ചതനുസരിച്ചാണ് ഉദ്ധവ് മുഖ്യമന്ത്രിയായത്.

വരുംദിവസങ്ങളിൽ വിമത വിഭാഗവും ബിജെപിയും ഗവർണറെ മുൻനിർത്തിയുള്ള നീക്കങ്ങൾ നടത്തിയേക്കും. ഉദ്ധവിനോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടേക്കാം. സർക്കാരിനുള്ള പിന്തുണ വിമതർ പിൻവലിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.

∙ ആകെ ശിവസേന എംഎൽഎമാർ: 55

∙ വിമത ക്യാംപിൽ: 39 പേർ (ഒപ്പം 9 സ്വതന്ത്രരും)

∙ ഉദ്ധവിനൊപ്പം: 16 (ഏതാനും പേർക്കുകൂടി ചാഞ്ചാട്ടം)

ദാവൂദിന്റെ കൂട്ടാളികൾക്കൊപ്പം ഒത്തുപോകാനാകില്ല: ഷിൻഡെ

നിരപരാധികളെ കൊന്നൊടുക്കിയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരെ ബാൽ താക്കറെയുടെ പാർട്ടി എങ്ങനെ പിന്തുണയ്ക്കുമെന്ന് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ചോദിച്ചു. ഇത്തരം കൂട്ടുകെട്ടുകളിൽനിന്നു ശിവസേനയെ രക്ഷിക്കാനാണു കലഹിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ദാവൂദ് സംഘാംഗങ്ങളുമായി വസ്തു, പണം ഇടപാട് ആരോപിച്ച് എൻസിപി മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതാണു ഷിൻഡെ ചൂണ്ടിക്കാട്ടിയത്.

രാജ് താക്കറെയുമായി ഷിൻഡെ ചർച്ച നടത്തി

നേരത്തേ ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ച രാജ് താക്കറെയുമായി വിമതർ കൈകോർക്കുമെന്നു സൂചന. രാജും ഷിൻഡെയും ഫോണിൽ ചർച്ച നടത്തി. പ്രത്യേക ശിവസേനാ വിഭാഗമായി വിമതർക്കു നിൽക്കാനാവില്ലെന്ന നിയമോപദേശത്തെ തുടർന്നാണു നീക്കമെന്നാണു വിവരം. ശിവസേനാ സ്ഥാപകനും ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ സഹോദരന്റെ മകനാണു രാജ്. ശിവസേനക്കാലം മുതൽ സുഹൃത്തായ രാജുമായി ചേർന്നാൽ താക്കറെ വികാരം നിലനിർത്താനാകുമെന്നാണു ഷിൻഡെയുടെ കണക്കുകൂട്ടൽ. ബിജെപിയുമായി ഒത്തുപോകാനുള്ള ശ്രമത്തിലാണ് ഒരു എംഎൽഎ മാത്രമുള്ള നവനിർമാൺ സേന.

ആത്മവിശ്വാസം ചോർന്ന് ഉദ്ധവ്; ഇഡിയുടെ വരവ് തിരിച്ചടി

കഴിഞ്ഞ ദിവസത്തെ ആത്മവിശ്വാസം ഇന്നലെ ശിവസേന ക്യാംപിൽ കണ്ടില്ല. സഞ്ജയ് റാവുത്തിനെതിരെ ഇഡി രംഗപ്രവേശം ചെയ്തത് തിരിച്ചടിയായി. എന്നാൽ, ഉദ്ധവ് രാജിവയ്ക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും റാവുത്ത് ആവർത്തിക്കുന്നു. പാർട്ടി അണികളും ഭാരവാഹികളുമായുള്ള സമ്പർക്കപരിപാടികൾ ഇന്നലെയും തുടർന്നു. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന് എൻസിപിയും കോൺഗ്രസും ആവർത്തിച്ചു. മകൻ ആദിത്യ താക്കറെക്കു പുറമേ, അനിൽ പരബ്, സുഭാഷ് േദശായി, ശങ്കർ റാവു ഗഡാക് എന്നിവരാണ് ഉദ്ധവ് പക്ഷത്ത് ശേഷിക്കുന്ന മന്ത്രിമാർ.

English Summary: BJP says will welocme rebals they they wsh to join party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com