ഉപതിരഞ്ഞെടുപ്പ്: സിമ്രൻജിത് മാന് തിരിച്ചുവരവ്, എസ്പിയെ ‘തോൽപിച്ച്’ ബിഎസ്പി

PTI06_26_2022_000092A
ടൗൺ ബർദൊവാലി മണ്ഡലത്തിൽ വിജയിച്ച ത്രിപുര മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ മണിക് സാഹയെ സ്വീകരിക്കുന്ന പ്രവർത്തകർ. ചിത്രം:പിടിഐ
SHARE

ലോക്സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ സാംഗ്രൂരിൽ ശിരോമണി അകാലി ദൾ (അമൃത്​സർ) നേതാവും ഖാലിസ്ഥാൻ വാദിയുമായ സിമ്രൻജിത് സിങ് മാനിന്റേത് അപ്രതീക്ഷ ജയം. നേരത്തെ സാംഗ്രുരിൽ നിന്നുതന്നെ 2 തവണ ലോക്സഭാംഗമായിട്ടുള്ള സിമ്രൻജിത് സിങ് മാനും അദ്ദേഹത്തിന്റെ പാർട്ടിയും കുറേക്കാലമായി എഴുതിത്തള്ളപ്പെട്ട അവസ്ഥയിലായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സാംഗ്രൂരിൽ മത്സരിച്ചപ്പോൾ 4.37% വോട്ടു മാത്രം നേടിയ മാൻ ഇത്തവണ 35.6%  വോട്ടുകൾ നേടിയാണ് വിജയിച്ചത്. 2019ൽ ഇവിടെ 27.43% വോട്ടുനേടിയ കോൺഗ്രസിന് ഇത്തവണ കെട്ടിവെച്ച കാശ് നഷ്ടമായി. ശിരോമണി അകാലിദൾ, ബിജെപി പാർട്ടികൾ സഖ്യമില്ലാതെയാണ് മത്സരിച്ചത്. അവർക്കും കെട്ടിവെച്ച കാശ്  നഷ്ടമായി. ആംആദ്മി പാർട്ടിക്ക് കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞത് 3% വോട്ട്. തങ്ങൾക്കെതിരെ മറ്റു പാർട്ടികൾ ഒന്നിച്ചു എന്നാണ് ആംആദ്മി പാർട്ടി ആരോപിക്കുന്നത്. 

ത്രിപുരയിൽ തിരികെ വന്ന ‘ധൂർത്തപുത്രൻ’ സുദീപ് റോയ് ബർമൻ അഗർത്തലയിൽ ജയിച്ചതോടെ നിയമസഭയിൽ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനായി. മുൻ മുഖ്യമന്ത്രി സമീർ ബർമന്റെ മകനായ സുദീപ് കോൺഗ്രസിൽനിന്ന് തൃണമൂലിലേക്കു പോയി, അവിടെ നിന്ന് ബിജെപിയിലേക്കും. ബിജെപി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ബർമൻ ഫെബ്രുവരിയിലാണ് കോൺഗ്രസിലേക്കു മടങ്ങിയത്. 

ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്ക് ടൗൺ ബർദോവാലി മണ്ഡലത്തിൽ 51.63% വോട്ട് നേടിയാണ് ജയിച്ചത്. സുദീപ് ബർമനൊപ്പം ബിജെപിയിൽനിന്ന് കോൺഗ്രസിലേക്കു മടങ്ങിയ ആശിഷ് സാഹയെയാണ് മണിക് സാഹ പരാജയപ്പെടുത്തിയത്. സുർമയിൽ ബിജെപി സീറ്റ് നിലനിർത്തിയെങ്കിലും വോട്ടിൽ 9% കുറവുണ്ട്. ഇവിടെ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ബാബുറാം സത്നാമി 30% വോട്ട് നേടിയപ്പോൾ സിപിഎം മൂന്നാമതായി. ജുബരാജ്നഗർ സീറ്റ് സിപിഎമ്മിൽനിന്ന് ബിജെപി പിടിച്ചെടുത്തു. 2018ൽ സിപിഎം 48.90% വോട്ട് നേടിയ മണ്ഡലത്തിൽ ബിജെപിക്ക് ഇത്തവണ 51.83% വോട്ട്. നിയമസഭയിൽ സിപിഎം അംഗബലം 15 ആയി കുറഞ്ഞു. 

ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ തുടർച്ചയാണ് അസംഗഡ്, റാംപുർ ലോക്സഭാ മണ്ഡലങ്ങളിൽ കണ്ടത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് 2019ൽ 60% വോട്ട് നേടിയ അസംഗഡിൽ ബിജെപി ഇത്തവണ 34.34% വോട്ട് മാത്രം നേടിയിട്ടും വിജയിച്ചതിന്റെ കാരണം ബിഎസ്പിയാണ് – സമാ‌ജ്‌വാദിക്ക് 33.44% വോട്ട്, ബിഎസ്പിക്ക് 29.27%. കഴിഞ്ഞ തവണ സമാജ്‌വാദിയുടെ അസം ഖാൻ 52.71% വോട്ട് നേടിയ റാംപുരിൽ ഇത്തവണ ബിജെപിക്ക് 52% വോട്ട്. അഖിലേഷും അസം ഖാനും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോക്സഭാംഗത്വം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 

ഡൽഹിയിലെ രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിൽ ആം ആദ്മിയുടെ സ്ഥാനാർഥി ജയിച്ചെങ്കിലും 2020നെ അപേക്ഷിച്ച് വോട്ടിൽ ഏകദേശം 2% കുറവുണ്ടായി. രണ്ടാമതെത്തിയ ബിജെപിക്ക് വോട്ട് 2% കൂടി, കോൺഗ്രസിന്റെ വോട്ട് 3941ൽനിന്ന് 2014 ആയി കുറഞ്ഞു. 

ആന്ധ്രയിലെ അത്മകുറിൽ വൈഎസ്ആർസിപി എംഎൽഎ: എം.ഗൗതം റെഡ്ഡി മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗൗതമിന്റെ സഹോദരനാണ് വിജയിച്ച എം.വിക്രം റെഡ്ഡി. 

ജാർഖണ്ഡിലെ ഗോത്ര വർഗ സംവരണ മണ്ഡലമായ മന്ധറിൽ നിന്ന് 2019ൽ ജയിച്ച ജാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) സ്ഥാനാർഥി ബന്ധു ടിർക്കി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകൾ ശിൽപി നേഹ ടിർക്കിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. 2019ലെ തിരഞ്ഞെടുപ്പിൽ 8440 വോട്ടുമായി 5–ാം സ്ഥാനത്തായിരുന്നു കോൺഗ്രസ്; ഇത്തവണ 95,486 വോട്ട് (43.89%) നേടി വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത് 33% വോട്ട്. സിപിഎമ്മാണ് 6.41%  വോട്ടുമായി മൂന്നാമത്.

ഉപതിരഞ്ഞെടുപ്പ് ഫലം

നിയസമസഭ (7)

ത്രിപുര

ടൗൺ ബർദൊവാലി – 

മണിക് സാഹ – ബിജെപി, 

ഭൂരിപക്ഷം 6104

അഗർത്തല 

സുദീപ് റോയ് ബർമൻ – കോൺഗ്രസ്, 

ഭൂരിപക്ഷം 3163

ജുബരാജ്നഗർ – 

മാലിന ദേബ്നാഥ് – ബിജെപി, 

ഭൂരിപക്ഷം 4572

സുർമ – 

സ്വപ്ന ദാസ് – ബിജെപി, 

ഭൂരിപക്ഷം 4583

ആന്ധ്ര പ്രദേശ്

അത്മകുർ – 

എം.വിക്രം റെഡ്ഡി – വൈഎസ്ആർ

കോൺ. 

ഭൂരിപക്ഷം 82,888

ജാർഖണ്ഡ്

മന്ധർ – 

ശിൽപി നേഹ ടിർ‍കി – കോൺഗ്രസ്, 

ഭൂരിപക്ഷം 23,690

ഡൽഹി

രജീന്ദർ നഗർ – 

ദുർഗേഷ് പാഠക് – എഎപി, 

ഭൂരിപക്ഷം 11468

English Summary: Bypoll result UP and Punjab

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.