ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനും സുപ്രീം കോടതി തന്നെയും സ്വീകരിച്ച നിലപാടുകൾക്കു വിരുദ്ധമാണു ഗുജറാത്ത് കലാപ ഗൂഢാലോചന സംബന്ധിച്ച കേസിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ വിധിയെന്നു വിലയിരുത്തൽ. ഭരണത്തിലും നിയമവാഴ്ചയും ക്രമസമാധാനം സംരക്ഷിക്കുന്നതിലും ഹ്രസ്വകാലത്തേക്ക് ഉണ്ടാകുന്ന പിഴവ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തക്കതായ കാരണമല്ലെന്ന കോടതിയുടെ നിരീക്ഷണവും പ്രത്യാഘാതങ്ങൾക്കു വഴിവച്ചേക്കാം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബെസ്റ്റ് ബേക്കറി കേസിൽ 2004 ഏപ്രിൽ 14ലെ വിധിയിൽ ജസ്റ്റിസ് അരിജിത് പസായത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത് ഇങ്ങനെയാണ്:

‘ജീവനും സ്വത്തും സംരക്ഷിക്കാനും നീതിപൂർവകമായ അന്വേഷണം ഉറപ്പാക്കാനും ഉത്തരവാദപ്പെട്ടവർക്കു യഥാർഥമായ ആശങ്കയുണ്ടെന്ന് കരുതാനാവില്ല. ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായി. കുറ്റാരോപിതർ യഥാർഥത്തിൽ കുറ്റക്കാരാണോ അല്ലയോ എന്നതു നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ സ്ഥാപിക്കേണ്ടതായിരുന്നു.

ബെസ്റ്റ് ബേക്കറിയും നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിസ്സഹായരായ സ്ത്രീകളും കത്തിയെരിയുമ്പോൾ, ആധുനികകാല ‘നീറോമാർ’ മറ്റെവിടെയോ നോക്കുകയായിരുന്നു; കുറ്റവാളികളെ രക്ഷപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യണ്ടേതെങ്ങനെയെന്നു ചർച്ച നടത്തുകയായിരുന്നിരിക്കാം. ഇത്തരം ‘വഷളന്മാരുടെ’ കൈകളിൽ നിയമവും നീതിയും ഈച്ചകളാവും. വേലിതന്നെ വിളവു തിന്നുമ്പോൾ, ക്രമസമാധാനവും സത്യവും നീതിയും രക്ഷപ്പെടാൻ സാധ്യതയില്ല. പൊതുക്രമവും പൊതുതാൽപര്യവും രക്തസാക്ഷികളും സ്മാരകങ്ങളായി മാറും.’

ഗുജറാത്ത് കലാപം നേരിടാൻ കേന്ദ്രം ശക്തമായി ഇടപെടണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വാജ്പേയി സർക്കാർ നടപടിയെടുത്തില്ലെന്ന് അക്കാലത്ത് രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ കുറ്റപ്പെടുത്തിയിരുന്നു.

രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ വർഗീയ പ്രശ്നങ്ങൾ കാരണം രാഷ്ട്രപതി ഭവനിൽ ഹോളി ആഘോഷം നടത്തുന്നില്ലെന്ന് 2002 മാർച്ച് 28ന് ഒൗദ്യോഗികമായി വ്യക്തമാക്കി. 2 മാസത്തിനു ശേഷവും ഗുജറാത്തിൽ വർഗീയ സംഘർഷം നടക്കുകയാണെന്നതിൽ ആശങ്ക വ്യക്തമാക്കി 2002 ഏപ്രിൽ 29ന് രാഷ്ട്രപതിഭവൻ സന്ദേശമിറക്കി.

ഗുജറാത്ത് കലാപം നേരിടാൻ, കലാപകാരികളെ വെടിവയ്ക്കുന്നതിനുള്ള നിർദേശത്തോടെ സൈന്യത്തെ ഇറക്കുന്നതു സംബന്ധിച്ചതുൾപ്പെടെ പല തവണ താൻ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്കു കത്തെഴുതിയിരുന്നെന്നും കേന്ദ്രവും സംസ്ഥാനവും ഗൂഢാലോചന നടത്തിയെന്നും പിന്നീട് കെ.ആർ.നാരായണൻ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രപതിക്കുള്ള ഭരണഘടനാപരമായ അധികാരം വച്ച്, നടപടികൾക്കു പ്രധാനമന്ത്രിയെ ഉപദേശിക്കാൻ മാത്രമാണു തനിക്കു സാധിക്കുമായിരുന്നതെന്നും മുൻ രാഷ്ട്രപതി വ്യക്തമാക്കിയിരുന്നു. 

ഗുജറാത്ത് വിഷയത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി നടന്ന കത്തിടപാടുകൾ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടുന്നതു കോടതി പിന്നീട് തടയുകയും ചെയ്തു.

രാഷ്ട്രപതി ഭരണം സംബന്ധിച്ച 356–ാം വകുപ്പിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ, ചെറിയൊരു കാലയളവിലെ ക്രമസമാധാനത്തകർച്ചയെ ഭരണഘടനാ പ്രതിസന്ധിയായി കണക്കാക്കാനാവില്ലെന്നാണു കഴിഞ്ഞ ദിവസത്തെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. 

സർക്കാർ സ്പോൺസർ ചെയ്തതാണു ക്രമസമാധാനത്തകർച്ചയെന്നു വ്യക്തമായ തെളിവുണ്ടാവണം. സ്വയംപ്രേരിതമോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങളോ സ്ഥിതി നിയന്ത്രിക്കുന്നതിൽ സംസ്ഥാന ഭരണകൂടത്തിനുണ്ടാകുന്ന പിഴവോ മതിയാവില്ലെന്നും കോടതി വ്യക്തമാക്കി.

 

English Summary: Gujarat Riot conspiracy court verdict: analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com