ADVERTISEMENT

ന്യൂഡൽഹി ∙ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതിനെതിരെയുള്ള ഹർജിയിൽ ത്രിപുര ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിക്കും.

മഹാരാഷ്ട്ര സർക്കാരിന്റെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ നൽകിയതാണ് സുരക്ഷ. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ വരില്ലെന്നും ഇക്കാര്യം സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്നില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

അംബാനിക്കും കുടുംബത്തിനും നിലനിൽക്കുന്ന സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട യഥാർഥ രേഖകളുമായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്നു ത്രിപുര ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കേന്ദ്രനീക്കം. ബിക്സ് സാഹ എന്നയാളാണ് ഹർജിക്കാരൻ. ഈ വിഷയത്തിൽ ഹർജിക്കാരനു കാര്യമില്ലെന്നും മൗലികാവകാശ ലംഘനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകേഷ് അംബാനിക്ക് 2013ൽ സെഡ് പ്ലസ് സുരക്ഷയും ഭാര്യ നീത അംബാനിക്ക് 2016 ൽ സിആർപിഎഫിന്റെ വൈ പ്ലസ് സുരക്ഷയും നൽകി. അംബാനിയുടെ മക്കൾക്ക് കേന്ദ്ര സുരക്ഷ നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

English Summary: Supreme Court To Hear Centre's Appeal Against Challenge To Ambanis' Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com