ADVERTISEMENT

ഉദയ്പുർ (രാജസ്ഥാൻ) ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ സംഘർഷം. കനയ്യ ലാൽ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. സംഭവം ഭീകരപ്രവർത്തനമായി പരിഗണിച്ച് എൻഐഎ അന്വേഷിക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ചു.

പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ്, തുണി തയ്പ്പിക്കാനെന്ന മട്ടിൽ കടയിലെത്തിയ 2 പേരാണു ക്രൂരകൃത്യം ചെയ്തത്. പിന്നാലെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 3 വിഡിയോകൾ പ്രചരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഗൗസ് മുഹമ്മദ് എന്നും റിയാസ് അഖ്താരി എന്നും പരിചയപ്പെടുത്തുന്ന അക്രമികളുടെ വിഡിയോ ആണ് ഇതിലൊന്ന്. ഇസ്‍ലാമിനോടുള്ള അധിക്ഷേപത്തിനുള്ള പ്രതികാരമാണു ചെയ്തതെന്നു പറയുന്ന ഇവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തുടർന്നു ഭീഷണിപ്പെടുത്തുന്നു. ഈ മാസം 17ന് റിക്കോർഡ് ചെയ്ത മറ്റൊരു വിഡിയോയിൽ 2 പേരിൽ ഒരാൾ വരുംദിവസങ്ങളിൽ കൊല നടത്താൻ തീരുമാനിച്ച കാര്യം വിവരിക്കുന്നുണ്ട്. വിഡിയോയിലുള്ളവരാണു പിന്നീട് അറസ്റ്റിലായത്.

കൊലപാതകത്തെ തുടർന്നു നഗരത്തിൽ സംഘർഷം കനത്തു. ലോക്സഭാ സ്പീക്കർ ഓം ബിർള, കോ‍ൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവർ സംഭവത്തെ അപലപിച്ചു. അതിനിടെ, പ്രധാനമന്ത്രി ഈ വിഷയത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും സമാധാനത്തിന് അഭ്യർഥിക്കണമെന്നും മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞതിനെ ബിജെപി തള്ളി. 

English Summary: Udaipur Murder Case: How Tailor Kanhaiya Lal Was Killed In His Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com