ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണം നാളെ കേരളത്തിൽ നിന്നാരംഭിക്കും. ബിജെപിക്ക് ഒരു സീറ്റ് പോലുമില്ലാത്ത സംസ്ഥാനത്ത് മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും വോട്ടുകൾ ഉറപ്പിക്കുകയാണു ലക്ഷ്യം. തുടർന്നുള്ള ദിവസങ്ങളിൽ തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങൾ സന്ദർശിക്കും. മറ്റു സംസ്ഥാനങ്ങളിലെ പര്യടനം വരും ദിവസങ്ങളിൽ തീരുമാനിക്കും.

രാഹുൽ ഗാന്ധി ഉൾപ്പെടെ 15 കക്ഷി നേതാക്കളുടെ സാന്നിധ്യത്തിൽ സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മല്ലികാർജുൻ ഖർഗെ (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), അഖിലേഷ് യാദവ് (എസ്പി), അഭിഷേക് ബാനർജി, സൗഗത റോയ് (തൃണമൂൽ) കെ.ടി.രാമറാവു (ടിആർഎസ്), സീതാറാം യച്ചൂരി, വി.ശിവദാസൻ (സിപിഎം), ഡി.രാജ (സിപിഐ), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആർജെഡി), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവരും വിസികെ, മുസ്‍ലിം ലീഗ്, ആർഎൽഡി, എയുഡിഎഫ് എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ശിവസേന പങ്കെടുത്തില്ലെങ്കിലും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുർമുവിനെ എൻഡിഎ സ്ഥാനാർഥിയാക്കിയതോടെ അവർക്കു പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യശ്വന്തിന്റെ പത്രികാസമർപ്പണത്തിൽനിന്നു വിട്ടുനിന്നു. മുർമുവിനെ പിന്തുണയ്ക്കുന്നതു പരിഗണിക്കുന്ന ജെഡിഎസ്, ആം ആദ്മി പാർട്ടി എന്നിവയും പങ്കെടുത്തില്ല. പിന്തുണയുറപ്പാക്കാൻ എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ (ആം ആദ്മി), ഹേമന്ത് സോറൻ (ജെഎംഎം) എന്നിവരുമായി സമ്പർക്കത്തിലാണ്. അസദുദ്ദീൻ ഉവൈസിയും (എഐഎംഐഎം) പങ്കെടുത്തില്ലെങ്കിലും പിന്തുണയ്ക്കാമെന്ന് അറിയിച്ചതായി സിൻഹ പറഞ്ഞു. പ്രചാരണം ഏകോപിപ്പിക്കാൻ ജയറാം രമേശ് (കോൺഗ്രസ്), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), സുഖേന്ദു ശേഖർ റോയ് (തൃണമൂൽ), പ്രഫുൽ പട്ടേൽ (എൻസിപി) എന്നിവരടക്കം 11 പേരുടെ സമിതിക്കു രൂപം നൽകി.

English Summary: Yashwant Sinha to start president poll campaign from kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com