ADVERTISEMENT

ചെസ് കളിക്കാൻ ഇഷ്ടമാണ് ഏക്നാഥ് ഷിൻഡെക്ക്. പലവട്ടം കൂട്ടിക്കിഴിച്ച് കരുനീക്കി കുറിക്കു കൊള്ളിക്കാനാണു ഹരം. ഉദ്ധവ് താക്കറെക്കെതിരെ പട നയിച്ചതും അങ്ങനെ തന്നെ. മാസങ്ങൾ നീണ്ട കൂട്ടലിലും കിഴിക്കലിലും ഒരു സിനിമയ്ക്കും പങ്കുണ്ട് – ധരംവീർ എന്ന മറാഠി സിനിമയ്ക്ക്. ശിവസേനക്കാരുടെ തീപ്പന്തമായിരുന്ന മുൻ മന്ത്രി ആനന്ദ് ദിഘെയെക്കുറിച്ചുള്ള ഈ ജീവചരിത്ര സിനിമ പുറത്തിറക്കാൻ ഷിൻഡെ ഓടിയതു കുറച്ചൊന്നുമല്ല. മേയ് 13ന് ഇതു റിലീസ് ചെയ്തപ്പോൾ തന്നെ ഷിൻഡെക്ക് അറിയാമായിരുന്നു, പല ഓർമകളും ഇതു പൊടിതട്ടിയെടുക്കുമെന്നും അണികൾ തന്നെ നെഞ്ചോടു ചേർക്കുമെന്നും. 

ശിവസേനാ സ്ഥാകനായ ബാൽ താക്കറെയിൽ മകൻ ഉദ്ധവിനോളം ‘അവകാശം’ എത്രശ്രമിച്ചാലും ഉണ്ടാകില്ലെന്ന് ഏക്നാഥ് ഷിൻഡെക്കറിയാം. പക്ഷേ, ‘താനെ താക്കറെ’ എന്ന ആനന്ദ് ദിഘെ, ഷിൻഡെയുടെ മാത്രം സ്വന്തമാണ്. കാരണം പാർട്ടിയിൽ അദ്ദേഹത്തിന്റെ തലതൊട്ടപ്പനാണു ദിഘെ. ‘ഇവൻ എന്റെ പിൻഗാമി, ശിവസേനാ വീര്യമുള്ളവൻ’ എന്ന് ഉറക്കെപ്പറഞ്ഞ നേതാവ്. മരണക്കിടക്കയിൽ ഇനി ‘എന്റെ സ്ഥാനത്തു നീ’ എന്ന് ചെങ്കോൽ കൈമാറിയ ഗുരു. 2001ൽ വിടപറഞ്ഞിട്ടും ഇന്നും ശിവസൈനികരുടെ ‘ധരംവീർ’.

തിരശീലയിൽ ദിഘെ, ജയ് വിളി ഷിൻഡെക്ക്

ഉദ്ധവിന്റെ കളം വിടാൻ തയാറെടുപ്പ് തുടങ്ങിയപ്പോൾ തന്നെ ദിഘെ സിനിമയ്ക്കു ഷിൻഡെ പദ്ധതിയിട്ടു. ചിത്രം ലോഞ്ച് ചെയ്തതും കൂട്ടത്തോടെ ടിക്കറ്റെടുത്ത് പാർട്ടി പ്രവർത്തകരെ സിനിമ കാണിച്ചതുമെല്ലാം ഷിൻഡെ തന്നെ. സിനിമയുടെ ലോഞ്ചിന് ഉദ്ധവും കുടുംബവും എത്തിയെങ്കിലും മരണ സീൻ കാണാൻ കഴിയില്ലെന്നു പറഞ്ഞ് തിയറ്ററിൽനിന്നു നേരത്തേ ഇറങ്ങി. അണികളാകട്ടെ, ആ സീനിൽ മുദ്രാവാക്യം വിളിച്ചു തകർക്കുകയായിരുന്നു, ധരംവീറിനു വേണ്ടിയല്ല, അദ്ദേഹത്തിനറെ ശിഷ്യൻ ഏക്നാഥ് ഷിൻഡെക്കു വേണ്ടി. 

മുംബൈ രാജ്ഭവനിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഏക്നാഥ് ഷിൻഡെ പേരക്കുട്ടി രുദ്രാംശ്, ഭാര്യ ലത എന്നിവർക്കൊപ്പം. ചിത്രം: പിടിഐ
മുംബൈ രാജ്ഭവനിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഏക്നാഥ് ഷിൻഡെ പേരക്കുട്ടി രുദ്രാംശ്, ഭാര്യ ലത എന്നിവർക്കൊപ്പം. ചിത്രം: പിടിഐ

ഒരു മാസത്തിനിപ്പുറം ഷിൻഡെ ഉദ്ധവിനെ കൈവിട്ട് ബിജെപിയോടു ചേർന്നപ്പോഴും ആ ജയ് വിളികൾ ഒപ്പമുണ്ട്. അണികളിൽ ധരംവീറിന്റെ ഓർമകൾ ഉണർത്തിയ വീര്യം ചെറുതല്ല. മണ്ണിന്റെ മക്കൾ വാദവുമായി ശിവസേന കത്തിനിന്ന കാലത്തു വഴിയോരക്കച്ചവടക്കാരുടെയും കൂലിപ്പണിക്കാരുടെയും തൊഴിലാളികളുടെയുമെല്ലാം കോടതി ആയിരുന്നു ആനന്ദ് ദിഘെ. താനെ–റായ്ഗഡ്–പാൽഘർ മേഖലയിൽ മറാഠകളുടെ അഭയകേന്ദ്രം. ‘ഷിൻഡെയാണ് എന്റെ പിന്മുറക്കാരൻ’ എന്ന സിനിമയിലെ ഡയലോഗും കുറിക്കു കൊണ്ടു. സിനിമയിലായാലും ദിഘെ പറഞ്ഞാൽ അനുസരിച്ചാണല്ലോ അണികൾക്കു ശീലം. 

വിമതപ്രശ്നത്തിനിടെ താനെയിൽ നിറഞ്ഞ പോസ്റ്ററുകളിലും അവർ മൂന്നുപേരുമായിരുന്നു – ഷിൻഡെ, ദിഘെ, താക്കറെ. ഇവിടെ ഒരു പോസ്റ്റർ കൂടി ഓർക്കണം, ഫെബ്രുവരിയിൽ ഷിൻഡെയ്ക്ക് 58–ാം പിറന്നാൾ ആശംസ നേർന്ന് ‘ശിവസേനയുടെ ഭാവി മുഖ്യമന്ത്രി’ എന്നു താനെയിൽ ഉയർന്ന പോസ്റ്റർ. അന്നും ചിത്രത്തിൽ ഷിൻഡെക്കൊപ്പം ദിഘെ ഉണ്ടായിരുന്നു. 

ഡ്രൈവറിൽ നിന്ന് നേതാവിലേക്ക്

സത്താറ ജില്ലയിലെ ജവാലിയിലുള്ള സാധാരണ മറാഠ കുടുംബമാണ് ഏക്നാഥ് ഷിൻഡെയുടേത്. സ്കൂൾ പഠനകാലത്തിനു ശേഷം ജോലി തേടി താനെയിലേക്കു തിരിച്ചു. ഓട്ടോയോടിച്ചായിരുന്നു ജീവിതം. ഇടയ്ക്ക് ടാക്സികളും ഓടിക്കും. ഒരിക്കൽ ആനന്ദ് ദിഘെയുടെ കാറിന്റെ ഡ്രൈവറായി പോയതു വഴിത്തിരിവായി. ഷിൻഡെയുടെ സാമർഥ്യവും കാര്യങ്ങൾ പെട്ടെന്നു പഠിക്കാനുള്ള മിടുക്കും ശ്രദ്ധിച്ച ദിഘെ ശിവസേനയി‍ൽ അംഗമാക്കി. പാർട്ടി ജാഥകളിൽ പങ്കെടുപ്പിച്ചു. പരാതിപരിഹാര ദർബാറുകൾക്ക് ഒപ്പം കൊണ്ടുപോയി. തർക്കങ്ങൾ തല്ലിത്തീർക്കാനും കൂടെക്കൂട്ടി. നീണ്ടതാടിയും മുടിയും നെറ്റിയിൽ ചുവന്ന തിലകക്കുറിയുമണിഞ്ഞ ദിഘെക്കൊപ്പം അതേ രൂപത്തിൽ ഷിൻഡെ എത്തിത്തുടങ്ങി. അന്നു മുതൽ ഒപ്പമുള്ളതാണ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിക്ക് താടിയും തിലകവും. ‘ഛോട്ടാ ദിഘെ’ ആയി ഷിൻഡെ തിളങ്ങി. പ്രസംഗിക്കാനും ആധികാരികതയോടെ സംസാരിക്കാനും അണികളെ ചേർത്തുനിർത്താനും പഠിച്ചു. ഷിൻഡെയെ താനെ മുനിസിപ്പൽ കോർപറേഷനിലേക്ക് ആദ്യമായി മത്സരിപ്പിച്ചതും (1997) ബാൽ താക്കറെയുടെ വസതിയായ ‘മാതോശ്രീ’യിലേക്കു വാതിൽ തുറന്നതും ദിഘെ തന്നെ. 

കണ്ണീരായി മക്കളുടെ മരണം

ബോട്ട് മുങ്ങി ഷിൻഡെയുടെ കൺമുന്നിൽ 2 മക്കൾ മുങ്ങിമരിച്ചത് രണ്ടായിരത്തിലാണ്. ദീപേഷും (11) ശുഭദയും (7). മൂത്തമകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെക്ക് അന്നു 13 വയസ്സ്. രാഷ്ട്രീയം വിടാൻ തീരുമാനിച്ചപ്പോൾ തടഞ്ഞതും ദിഘെയാണ്. 2001ൽ കാർ അപകടത്തെതുടർന്ന് ആനന്ദ് ദിഘെ മരിച്ചു. ഇത് ഉൾക്കൊള്ളാനാകാതെ ശിവസേനാ അണികൾ ആശുപത്രി തകർത്തു. അന്നുമുതൽ, ഷിൻഡെയായി അവരുടെ പുതിയ ദിഘെ. പിന്നീട് ടീം താക്കറെയുടെ വിശ്വസ്തനായി ഷിൻഡെ. 

അദ്ദേഹത്തിന്റെ വാക്കുകൾ അണികളും ഭാരവാഹികളും തള്ളില്ലെന്ന് ഉറപ്പുള്ള ബാൽ താക്കറെ, നിർണായക ഘട്ടങ്ങളിലെല്ലാം ഷിൻഡെയെ സഹായത്തിനു വിളിച്ചു. 24 മണിക്കൂറും പ്രവർത്തനനിരതൻ. ഏതു പ്രവർത്തകൻ ഏതു രാത്രി വിളിച്ചാലും ആദ്യ റിങ്ങിൽ അദ്ദേഹം ഫോണെടുക്കും. രാജ് താക്കറെ, നാരായൺ റാണെ തുടങ്ങിയവർ ശിവസേന വിട്ടതു മുതൽ പാർട്ടിയുടെ ജനകീയ മുഖമായി ഷിൻഡെ. 

പ്രളയകാലത്തെ കൈത്താങ്ങ്

2018ലെ പ്രളയകാലത്ത് കേരളത്തിൽ ക്യാംപ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തിരുന്നു ഏക്നാഥ് ഷിൻഡെ. മകനും കല്യാൺ എംപിയുമായ അസ്ഥിരോഗവിദഗ്ധൻ ഡോ. ശ്രീകാന്ത് ഷിൻഡെയും 30 ഡോക്ടർമാരും ഒപ്പമുണ്ടായിരുന്നു. 5 ട്രക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളുമെല്ലാം കേരളത്തിലെത്തിച്ചു. മുംബൈയിലെയും താനെയിലെയും മലയാളി സംഘടനകളുമായി മികച്ച ബന്ധമാണ്.

ഏക്നാഥ് ഷിൻഡെ: രാഷ്ട്രീയ യാത്ര

1997: താനെ മുനിസിപ്പൽ കോർപറേഷൻ അംഗം 

2001: കോർപറേഷൻ മേധാവി 

2001: വീണ്ടും കോർപറേഷനിലേക്ക് 

2004, 2009, 2014, 2019: തുടർച്ചയായി എംഎൽഎ ( മണ്ഡലം താനെയിലെ കോപ്രി–പച്പക്‌വാഡി) 

2005: ശിവസേനയുടെ താനെ ജില്ലാ മേധാവി. 

2014: ഫഡ്നാവിസ് മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവ് (3 മാസം) 

2014 – 2019: ഫഡ്നാവിസ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി, താനെ ജില്ലയുടെ ചുമതല 

2018: ശിവസേനാ നിയമസഭാ കക്ഷി നേതാവ്. 

2019: നഗരവികസന, പൊതുമരാമത്ത് മന്ത്രി (മഹാവികാസ് അഘാഡി സർക്കാർ) 

(ഏതാനും മാസം ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചു) 

Content Highlight: Maharashtra, Eknath Shinde 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com