അഭിമാന ഭ്രമണപഥത്തിൽ വീണ്ടും പിഎസ്എൽവി; സിംഗപ്പൂർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

പിഎസ്എൽവി– സി 53 റോക്കറ്റ് വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയരുന്നു.
പിഎസ്എൽവി– സി 53 റോക്കറ്റ് വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയരുന്നു. Photo: ISRO youtube scree grab
SHARE

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എൻഎസ്ഐഎൽ) ഇന്ത്യയിൽനിന്നുള്ള ആദ്യ സമ്പൂർണ വാണിജ്യ ഉപഗ്രഹ വിക്ഷേപണം പൂർണ വിജയം. ഇന്നലെ വൈകിട്ട് ആറിനു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്ന പിഎസ്എൽവി സി–53 റോക്കറ്റ് 21 മിനിറ്റിനുള്ളിൽ പേടകത്തിലുണ്ടായിരുന്ന 3 ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു. സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ് ഇഒ ഭൂമിയിൽനിന്നു 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചതിനു പിന്നാലെ ന്യൂസാർ, ‍സിംഗപ്പൂർ നന്യാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച സ്കൂബ് –1 പഠന ഉപഗ്രഹം എന്നിവയും ലക്ഷ്യ സ്ഥാനത്തെത്തി. 

വിക്ഷേപിച്ച റോക്കറ്റിന്റെ അവസാന ഭാഗം (ഫോർത്ത് സ്റ്റേജ്) പരീക്ഷണ ഉപഗ്രഹമായി ഭ്രമണപഥത്തിൽ നിലനിർത്തുകയെന്ന ലക്ഷ്യവും വിജയകരമായി. ഇന്ത്യൻ സ്പേസ് സ്റ്റാർട്ടപ്പുകളായ ദിഗന്തര, ധ്രുവ എയ്റോസ്പേസ് എന്നിവയുടെ ഉപകരണങ്ങളടക്കം പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ (പോയം) എന്നുപേരുള്ള നിലയത്തിലുണ്ട്. 

pslv-c-53
പിഎസ്എൽവി– സി 53 റോക്കറ്റ് വിക്ഷേപണത്തറയില്‍. Photo: Twitter@ISRO

ഭൂമിയെ ഭ്രമണം ചെയ്യുന്ന ഈ സംവിധാനം ബഹിരാകാശ ഗവേഷണ മേഖലയിൽ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവു ഗണ്യമായി കുറയ്ക്കാൻ വഴിയൊരുക്കും. വരാനിരിക്കുന്ന വലിയ ദൗത്യങ്ങൾക്കുള്ള പ്രചോദനമാണ് ഇൗ വിജയമെന്ന് ഐഎസ്ആർഒ ചെയർമാനും മലയാളിയുമായ എസ്.സോമനാഥ് പറഞ്ഞു. പിഎസ്എൽവി നാലാം സ്റ്റേജ് ഭ്രമണപഥത്തിൽ ‘കവിത’ രചിച്ച ദിവസം കൂടിയാണിതെന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ അവസാന ഭാഗം പരീക്ഷണ ഉപഗ്രഹമായി ഉപയോഗപ്പെടുത്തുന്ന പരീക്ഷണം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. 

വർധിച്ചു വരുന്ന വാണിജ്യ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ പര്യാപ്തമായ തരത്തിൽ മാറ്റങ്ങൾ വരുത്തി തയാറാക്കിയ പിഎസ്എൽവി റോക്കറ്റാണ് ഇത്തവണത്തെ വിക്ഷേപണത്തിന് ഉപയോഗിച്ചതെന്നു മലയാളിയായ മിഷൻ ഡയറക്ടർ എസ്.ആർ.ബിജു പറഞ്ഞു. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ടാറ്റ സ്കൈയ്ക്കു വേണ്ടി ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്നു കഴിഞ്ഞ 22നു വിക്ഷേപിച്ച ജിസാറ്റ്– 24 ആണ് ആദ്യത്തേത്. 

English Summary: PSLV-C53/DS-EO mission launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS