ADVERTISEMENT

മുംബൈ / ന്യൂഡൽഹി ∙ നിയമസഭയിൽ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദേശം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. രാത്രി 9.30ന് ഫെയ്സ്ബുക് ലൈവിലൂടെ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിലാണ് മഹാവികാസ് അഘാഡി (ശിവസേന – എൻസിപി – കോൺഗ്രസ്) സർക്കാരിന്റെ രാജി ഉദ്ധവ് അറിയിച്ചത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിമത പക്ഷത്തിന്റെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ ബിജെപി ചർച്ച തുടങ്ങി. ഉദ്ധവ് രാത്രി തന്നെ ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് രാജിക്കത്ത് കൈമാറി. നിയമനിർമാണ കൗൺസിൽ (എംഎൽസി) അംഗത്വവും രാജിവച്ചു. 

രണ്ടു വർഷവും 213 ദിവസവും ഭരണത്തിൽ തുടർന്ന ഉദ്ധവ് സർക്കാരിനു 10 ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് അധികാരം നഷ്ടമായത്. ശിവസേനയുടെ 55 എംഎൽഎമാരിൽ 39 പേരും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തേക്കു കൂറുമാറിയതോടെ സർക്കാരിന്റെ പതനം ഉറപ്പായിരുന്നു. നിയമസഭാകക്ഷിയിൽ മൂന്നിൽ രണ്ടു പേരും ഒപ്പമുള്ളതിനാൽ വിമതർക്കു കൂറുമാറ്റ നിരോധന നിയമത്തെയും മറികടക്കാനാകും. വിമതർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ ശ്രമവും സുപ്രീം കോടതി ഇടപെടൽ മൂലം വിജയിച്ചില്ല.

വഞ്ചനയിൽ മനംനൊന്താണു പടിയിറങ്ങുന്നതെന്നു വ്യക്തമാക്കിയ ഉദ്ധവ്, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും നന്ദി അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനു ചേർന്ന സുപ്രീം കോടതി, മൂന്നര മണിക്കൂറോളം വാദം കേട്ടശേഷം രാത്രിയാണ് വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഉദ്ധവിന്റെ രാജി പ്രഖ്യാപനവുമെത്തി.

അവസാന നിമിഷം സ്ഥലപ്പേരുമാറ്റവും

ഹിന്ദുത്വ അജൻഡയിൽനിന്ന് അകന്നുപോകുകയാണെന്ന വിമതരുടെ വാദങ്ങളുടെ മുനയൊടിക്കാൻ അവസാന നിമിഷവും ഉദ്ധവും സംഘവും ശ്രമിച്ചു. ഔറംഗാബാദിന്റെ പേര് സംബാജി നഗർ എന്നും ഉസ്മാനാബാദിന്റേത് ധാരാശിവ് എന്നും മാറ്റാൻ ഇന്നലെ വൈകിട്ടു ചേർന്ന അവസാന മന്ത്രിസഭായോഗം തീരുമാനമെടുത്തു.

ഏറ്റവും അടുത്തയാളുകൾ തന്നെ പിന്നിൽ നിന്നു കുത്തിയെന്ന് ഉദ്ധവ് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ഛത്രപതി ശിവാജിയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങൾക്കു മുന്നിൽ നമസ്കരിച്ചാണ് സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങിയത്.

ഇനി ഫഡ്നാവിസ്?; ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും

മുംബൈ ∙ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്നത് ദേവേന്ദ്ര ഫഡ്നാവിസിനാണ്. ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. ബിജെപിക്ക് 27, ഷിൻഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. 

അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുളളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ്. 

English Summary: Uddhav Thackeray Resigns After Court Says Must Take Test Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com